Subscribe Posts | Comments

Friday, July 2, 2010

ഉദാരവല്‍ക്കരണവും ഗാന്ധിയന്‍ രീതികളും: വളര്‍ച്ചക്കൊപ്പം സാമൂഹ്യനീതി

ലോകസമ്പദ്‌വ്യവസ്ഥയിലെ ആഗോളവത്‌കരണത്തിന്റെയും ആഗോളവിപണിയിലെ ഇന്ത്യയുടെ അര്‍ത്ഥപൂര്‍ണമായ ഇടപെടലിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തില്‍ സാമ്പത്തിക പരിഷ്‌കാരത്തെപ്പറ്റി രാഷ്‌ട്രീയമണ്‌ഡലത്തിലാകമാനം തുടങ്ങിയ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്‌. രാഷ്‌ട്രനിര്‍മ്മിതിയുടെ ഈ അടിസ്ഥാനപ്രശ്‌നത്തെ ഇന്ത്യ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച്‌ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ തമ്മിലും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളില്‍ത്തന്നെയും ഉണ്ടായ ലളിതമായതുമുതല്‍ അതീവ രൂക്ഷമായതുവരെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക്‌ ഇപ്പോഴും പരിഹാരമായിട്ടില്ല.
അഭിപ്രായ സമന്വയം ഒരിക്കലും സാധ്യമാകാതെ തുടരുമ്പോള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ചിലപ്പോഴൊക്കെ നിര്‍ബാധം ഒഴുകുകയും മറ്റുചിലപ്പോള്‍ തടഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. ചിലപ്പോഴാകട്ടെ ചില സ്ഥാപിതതാല്‍പ്പര്യക്കാര്‍ സാമ്പത്തിക പരിഷ്‌കാരത്തിന്റെ ദിശതന്നെ മാറ്റി സ്വന്തം വഴിയേ കൊണ്ടുപോകുന്നു. ഇതിനൊക്കെ നേതൃത്വം നല്‍കുന്നവര്‍ പെട്ടെന്ന്‌ ധനവാന്മാരാകുകയും സാധാരണക്കാരന്‍ ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നു. തങ്ങളുടെ ജീവിതത്തെ ശരിക്കും ബാധിക്കുന്നതെന്തെന്നറിയാതെ തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ്‌ ഇന്ത്യയിലെ ദരിദ്ര ജനവിഭാഗം.

Sunday, June 20, 2010

എന്റെ സ്വന്തം മോഡല്‍ സ്‌കൂള്‍

എന്റെ ജീവിതത്തിന്റെ അസ്ഥിവാരം പാകിയ മഹത്തായ സരസ്വതി ക്ഷേത്രമാണ്‌ മോഡല്‍ സ്‌കൂള്‍. എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം മുഴുവന്‍ മോഡല്‍ സ്‌കൂളിലായിരുന്നു. ഒന്നാം ക്ലാസ്സുമുതല്‍ സ്‌ക്കൂള്‍ ഫൈനല്‍ വരെ - 11 വര്‍ഷം.

Wednesday, June 9, 2010

ഈ നാല്‍ക്കവലയില്‍ വഴിതെറ്റരുത്‌....

കേരളത്തില്‍ പ്ലസ്‌ ടു കഴിഞ്ഞ രണ്ടുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഭാവിയെപ്പറ്റി ചിന്തിക്കുകയാണ്‌. മാതാപിതാക്കന്‍മാരുടേയും സുപ്രധാന ചിന്ത സ്വന്തം മക്കളുടെ ഭാവി തന്നെ. ലക്ഷ്യബോധവും വിവേകവുമുള്ള ഭാവി തലമുറയ്‌ക്കുമാത്രമേ രാജ്യത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കാകാന്‍ സാധിക്കുകയുള്ളു. അത്തരമൊരു തലമുറ പരുവപ്പെടാന്‍ തുടങ്ങുന്നത്‌ കുട്ടികള്‍ പ്ലസ്‌ടു കഴിയുമ്പോഴാണ്‌. ഭാവിയിലേക്കാവശ്യമായ വിധത്തില്‍ തങ്ങളുടെ ലക്ഷ്യബോധത്തെ കരുപ്പിടിപ്പിക്കേണ്ട സമയം. ഇവിടെ പിഴച്ചാല്‍ ഭാവി ദുഷ്‌കരമായേക്കാം. ലക്ഷ്യബോധത്തോടെ ഇപ്പോള്‍ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്താല്‍ അഞ്ചോ ആറോ വര്‍ഷത്തിനകം ഓരോ വ്യക്തിക്കും ഏതു ജീവിതയോധന രംഗത്താണോ എത്തിച്ചേരേണ്ടത്‌ അവിടെ കൃത്യമായി എത്താന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഇപ്പോള്‍തന്നെ കുട്ടികള്‍ക്ക്‌ ധാരണയുണ്ടാകണം. ഇതു ജീവിതത്തിലെ നാല്‍ക്കവലയാണ്‌. കൃത്യമായ ദിശാബോധത്തോടെ വഴി തിരഞ്ഞെടുക്കേണ്ട നാല്‍ക്കവല.

Friday, May 21, 2010

വികസനസ്വപ്‌നങ്ങളെ നട്ടുവളര്‍ത്തിയ യുവപ്രധാനമന്ത്രി

1985 സെപ്‌റ്റംബര്‍. ഊട്ടിയില്‍ എം.പിമാര്‍ക്കു വേണ്ടിയുള്ള പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഞാന്‍. സുഹൃത്തായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഡല്‍ഹിയില്‍ നിന്ന്‌ ഒരു കോള്‍ വരുന്നത്‌.
"രാജീവ്‌ജിക്ക്‌ താങ്കളുമായി സംസാരിക്കണമെന്ന്‌."
പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ സെക്രട്ടറി വി.ജോര്‍ജായിരുന്നു മറു തലയ്‌ക്കല്‍. അദ്ദേഹം രാജീവ്‌ജിക്ക്‌ ഫോണ്‍ കൈമാറി. സരസഭാവത്തില്‍ അദ്ദേഹം ചോദിച്ചു.
"കൃഷ്‌ണ, ഊട്ടിയില്‍ എന്തെടുക്കുകയാണ്‌?"
അദ്ദേഹം എന്നെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്‌ 'കൃഷ്‌ണ' എന്നാണ്‌. പരിശീലന പരിപാടിയിലാണെന്നു ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു:
"കൃഷ്‌ണയെ ഞാനെന്റെ മന്ത്രിസഭയിലെടുക്കാന്‍ തീരുമാനിച്ചു. ഇന്നു തന്നെ ഡല്‍ഹിയിലേക്കു തിരിക്കുക. അതിനുള്ള പ്രത്യേക ക്രമീകരണം ചെയ്‌തിട്ടുണ്ട്‌. നാളെ കാലത്ത്‌ രാഷ്‌ട്രപതിഭവനിലെത്തുക. തല്‍ക്കാലം ഇക്കാര്യം ആരോടും പറയേണ്ട."
എന്നെ ഞെട്ടിച്ചുകൊണ്ട്‌ കൈക്കൊണ്ട ആ തീരുമാനം രഹസ്യമാക്കി വയ്‌ക്കാന്‍ രാജീവ്‌ഗാന്ധി ആവശ്യപ്പെട്ടതിന്റെ പൊരുള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ എനിക്കു മനസ്സിലായത്‌.

Wednesday, May 12, 2010

വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാന്‍ സമഗ്രനയം വേണം

കേരളത്തിലൂടെ ദേശീയനിലവാരത്തിലുള്ള ദേശീയപാത നിര്‍മിക്കാനുള്ള എന്‍.എച്ച്‌.എ.ഐയുടെ ശ്രമം താല്‍ക്കാലികമായിട്ടാണെങ്കിലും പരാജയപ്പെട്ടിരിക്കുന്നു. ദേശീയതലത്തില്‍ അനുവര്‍ത്തിച്ചുവരുന്ന 60 മീറ്റര്‍ വീതിയിലുള്ള ദേശീയപാത നിര്‍മാണം കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഇത്‌ 45 മീറ്ററാക്കി കുറയ്‌ക്കാന്‍ അതോറിട്ടി തയ്യാറായതാണ്‌. പക്ഷെ, ജനങ്ങളുടെ ശക്തമായ പ്രതിരോധവും രാഷ്‌ട്രീയകക്ഷികളുടെയും മറ്റും കര്‍ശനമായ നിലപാടും മൂലം അത്‌ 30 മീറ്ററാക്കി കുറയ്‌ക്കണമെന്ന്‌ സംസ്ഥാന ഗവണ്‍മെന്റ്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ദീര്‍ഘകാലവീക്ഷണത്തില്‍ ഇത്‌ കേരളത്തിന്റെ ആത്യന്തികവികസനത്തെ മുരടിപ്പിക്കും.

Thursday, May 6, 2010

രാഷ്ട്രീയജീവിതത്തിന്റെ നാള്‍വഴികളില്‍ നിന്ന്‌

കെ.കരുണാകരന്‍ മുഖേനയാണ്‌ ഞാന്‍ രാഷ്‌ട്രീയത്തിലേക്ക്‌ വരുന്നത്‌. എറണാകുളം കളക്‌ടറായിരിക്കുമ്പോഴാണ്‌ ആദ്യമായി കരുണാകരനെ പരിചയപ്പെടുന്നത്‌. ഒരു തവണ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ എ.എ കൊച്ചുണ്ണിയാണ്‌ അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തിയത്‌. അന്ന്‌ കെ.കരുണാകരന്‍ പ്രതിപക്ഷ നേതാവാണ്‌. പിന്നീട്‌ അദ്ദേഹം ആഭ്യന്തര മന്ത്രിയായപ്പോള്‍ പരിചയം വര്‍ദ്ധിച്ചു. എന്റെ പ്രവര്‍ത്തനങ്ങളിലും കഴിവിലുമെല്ലാം അദ്ദേഹത്തിന്‌ നല്ല വിശ്വാസമായിരുന്നു.

രാജന്‍ കേസിനെ തുടര്‍ന്നുണ്ടായ പ്രതികൂല കാലാവസ്ഥയില്‍ അദ്ദേഹം ജവഹര്‍ നഗറില്‍ എന്റെ വീടിന്‌ സമീപമാണ്‌ താമസിച്ചിരുന്നത്‌. അന്ന്‌ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. അപ്പോള്‍ മുതല്‍ എനിക്ക്‌ രാഷ്‌ട്രീയത്തില്‍ താത്‌പര്യം തോന്നിത്തുടങ്ങിയിരുന്നു.

Thursday, April 22, 2010

എന്റെ കൊച്ചി - അഭിലാഷങ്ങളുടെ സ്‌മാരകം

മറൈന്‍ഡ്രൈവില്‍ നില്‍ക്കുമ്പോള്‍ ഹൃദയം ഓളം തല്ലും. കായലില്‍ നിന്ന്‌ ഉയര്‍ന്നുവന്ന കൗതുകം പോലെയാണ്‌ എനിക്ക്‌ ഈ തീരം. കാലം ഇങ്ങനെയൊരു ആശയത്തിന്റെ മഴുവെറിഞ്ഞത്‌ എന്റെ മനസ്സിലേക്കായിരുന്നുവെന്നത്‌ നിയോഗം? അതിലുപരി അഭിമാനം.

കായല്‍ നികത്തി മറൈന്‍ഡ്രൈവ്‌ എന്ന പുതിയ സങ്കല്‌പം മുന്നോട്ട്‌ വയ്‌ക്കുമ്പോള്‍ അത്‌ പില്‍ക്കാലം കൊച്ചിയുടെ കിരീടത്തിലെ ഭംഗിയുള്ള രത്‌നമാകുമെന്നൊന്നും കരുതിയില്ല. കടലുപോലെ ഇരമ്പിയ യൗവനത്തിന്റെ കാല്‌പനികസ്വപ്‌നങ്ങളിലൊന്ന്‌. പടിഞ്ഞാറന്‍ നാടുകഴില്‍ മാത്രം കണ്ടു പരിചയിച്ച അനുഭവത്തെ മലയാളിക്കു പരിചയപ്പെടുത്താനുള്ള ശ്രമം. പക്ഷേ നേരിടേണ്ടിവന്നത്‌ ചുഴികളും മലരികളും.

Thursday, April 15, 2010

കേരളത്തിനു വേണ്ടത്‌ പുതിയ വികസനതന്ത്രം

സ്വാതന്ത്ര്യലബ്‌ധിക്കു ശേഷമുള്ള കേരളത്തിന്റെ വികസന മോഡല്‍ ലോകപ്രസിദ്ധി ആര്‍ജ്ജിച്ചിട്ടുള്ളതാണ്‌. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യ സേവന സംവിധാനം, സാമൂഹ്യ സുരക്ഷിതത്വം, സ്‌ത്രീ പുരുഷ സമത്വവും സ്‌ത്രീകളുടെ ഉന്നമനവും, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിലെല്ലാം- പ്രത്യേകിച്ചും ത്രിതീയ മേഖലയായ സേവന മേഖലയില്‍, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അപൂര്‍വ്വമായ പുരോഗതി കൈവരിച്ചു. ദേശീയ ആരോഗ്യ പദ്ധതിയനുസരിച്ച്‌ രണ്ടായിരത്തില്‍ നേടേണ്ടിയിരുന്ന ‘ആരോഗ്യം എല്ലാവര്‍ക്കും’ എന്ന നയത്തിന്റെ ലക്ഷ്യങ്ങള്‍, വളരെ മുമ്പു തന്നെ കേരളം പൂര്‍ണ്ണമായി നേടിക്കഴിഞ്ഞിരുന്നു. അതുപോലെ സാമ്പത്തികരംഗത്ത്‌ ഉച്ചനീചത്വം ഏറ്റവും കുറഞ്ഞ, സാമൂഹ്യനീതി ഏറ്റവും കൂടുതല്‍ കൈവരുത്തിയ സംസ്ഥാനമാണ്‌ കേരളം. ഈ രംഗങ്ങളിലെല്ലാം മുന്നേറ്റത്തിന്റെ പ്രധാന കാരണം അടിത്തട്ടിലുള്ള സമൂഹത്തിന്‌ ഒരു മിനിമം സാമ്പത്തിക നിലവാരം ഉണ്ടാക്കുവാന്‍ നമുക്കു കഴിഞ്ഞു എന്നതാണ്. ഇക്കാര്യത്തില്‍ ഭൂപരിഷ്‌കരണം ഉള്‍പ്പെടെയുള്ള സാമ്പത്തിക ആവിഷ്‌കരണവും, സാമൂഹ്യനീതിക്കുവേണ്ടിയുള്ള ഐതിഹാസികമായ ബഹുജന മുന്നേറ്റങ്ങളും വലിയ പങ്കു വഹിച്ചിട്ടുണ്ട്‌.