Subscribe Posts | Comments

Wednesday, June 9, 2010

ഈ നാല്‍ക്കവലയില്‍ വഴിതെറ്റരുത്‌....

കേരളത്തില്‍ പ്ലസ്‌ ടു കഴിഞ്ഞ രണ്ടുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഭാവിയെപ്പറ്റി ചിന്തിക്കുകയാണ്‌. മാതാപിതാക്കന്‍മാരുടേയും സുപ്രധാന ചിന്ത സ്വന്തം മക്കളുടെ ഭാവി തന്നെ. ലക്ഷ്യബോധവും വിവേകവുമുള്ള ഭാവി തലമുറയ്‌ക്കുമാത്രമേ രാജ്യത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കാകാന്‍ സാധിക്കുകയുള്ളു. അത്തരമൊരു തലമുറ പരുവപ്പെടാന്‍ തുടങ്ങുന്നത്‌ കുട്ടികള്‍ പ്ലസ്‌ടു കഴിയുമ്പോഴാണ്‌. ഭാവിയിലേക്കാവശ്യമായ വിധത്തില്‍ തങ്ങളുടെ ലക്ഷ്യബോധത്തെ കരുപ്പിടിപ്പിക്കേണ്ട സമയം. ഇവിടെ പിഴച്ചാല്‍ ഭാവി ദുഷ്‌കരമായേക്കാം. ലക്ഷ്യബോധത്തോടെ ഇപ്പോള്‍ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്താല്‍ അഞ്ചോ ആറോ വര്‍ഷത്തിനകം ഓരോ വ്യക്തിക്കും ഏതു ജീവിതയോധന രംഗത്താണോ എത്തിച്ചേരേണ്ടത്‌ അവിടെ കൃത്യമായി എത്താന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഇപ്പോള്‍തന്നെ കുട്ടികള്‍ക്ക്‌ ധാരണയുണ്ടാകണം. ഇതു ജീവിതത്തിലെ നാല്‍ക്കവലയാണ്‌. കൃത്യമായ ദിശാബോധത്തോടെ വഴി തിരഞ്ഞെടുക്കേണ്ട നാല്‍ക്കവല.

ലോകത്തുള്ള 650 കോടി മനുഷ്യരും വ്യത്യസ്‌തരാണ്‌. ഓരോ വ്യക്തിക്കും അവരവരുടേതായ നൈസര്‍ഗികവാസനകളും കഴിവുകളും വ്യക്തിത്വവുമുണ്ടാകും. അടിസ്ഥാനവാസന, പൈതൃകം, ജീവിതസാഹചര്യങ്ങള്‍ തുടങ്ങിയവയിലധിഷ്‌ഠിതമായാണ്‌ വ്യത്യാസങ്ങള്‍. തനതായ കഴിവുകളിലും വ്യക്തിത്വത്തിലും അധിഷ്‌ഠിതമായ ലക്ഷ്യമായിരിക്കും ജീവിതവിജയത്തിന്‌ ഏറ്റവും അഭികാമ്യം.

താല്‍പര്യം നമ്മുടേത്‌ മാത്രമാകണം
മറ്റുള്ളവരുടേതാകരുത്‌ നമ്മുടെ താല്‍പര്യം. നമുക്ക്‌ സുചിന്തിതമായ ലക്ഷ്യമുണ്ടാകണം. അത്‌ ഓരോരുത്തരും ആലോചിച്ച്‌ കണ്ടെത്തണം. മാതാപിതാക്കളുടേയും ഗുരുക്കന്‍മാരുടേയുമെല്ലാം അഭിപ്രായങ്ങള്‍ തേടാം. പക്ഷെ, അവയൊക്കെ നാം അതേപടി അനുവര്‍ത്തിക്കണമെന്നില്ല. ആ അഭിപ്രായങ്ങളില്‍ നിന്നു നമുക്കു വേണ്ടത്‌ നാം തെരഞ്ഞെടുക്കണം. നമ്മുടേത്‌ നമ്മുടെ മാത്രം വഴിയായിരിക്കണം. ലക്ഷ്യം ദൃഢമായാല്‍ പിന്നെ നമ്മുടെ ജീവിതം സമ്പൂര്‍ണമായും ആ കേന്ദ്രബിന്ദുവിനു ചുറ്റുമായിരിക്കും. മാതാപിതാക്കന്‍മാരും ഗുരുക്കന്‍മാരും തങ്ങളുടെ താല്‍പര്യം കുട്ടികളില്‍ അടിച്ചേല്‍പിക്കാനും പാടില്ല.
ഒരു കുട്ടിയില്‍ ശാസ്‌ത്രജ്ഞനാകാനുള്ള വാസനയായിരിക്കും ഉണ്ടാകുക. അതിനു വിരുദ്ധമായ ഒരു വിഷയത്തില്‍ എന്‍ജിനീയറോ ഉദ്യോഗസ്ഥനോ ആകാന്‍ ആ കുട്ടിയെ ആരും നിര്‍ബന്ധിക്കരുത്‌. അത്‌ ഭാവിയെ തകര്‍ക്കുകയേയുള്ളു. ആത്യന്തികമായി പൊരുത്തമില്ലാത്ത ലക്ഷ്യം ആരിലും അടിച്ചേല്‍പിക്കരുത്‌, അപകടമാണ്‌.
ഏതു മേഖലയാണ്‌ നമ്മെ ജീവിതകാലം മുഴുവന്‍ സന്തുഷ്‌ടരാക്കുക എന്ന്‌ നാം ആലോചിച്ചു തീരുമാനിക്കണം. തെറ്റായ ജോലി യാന്ത്രികമാകും. നിങ്ങള്‍ക്ക്‌ ജയിലില്‍ അടയ്‌ക്കപ്പെട്ട തോന്നലുണ്ടാകും, സ്വാതന്ത്ര്യം നഷ്‌ടപ്പെട്ട അവസ്ഥ.
പണ്ടത്തെ കാലമല്ല ഇത്‌. ഇനി വരാന്‍പോകുന്നതും വ്യത്യസ്‌തമായ ഒരു കാലമായിരിക്കും. ഏതു ജീവിതയോധനരംഗം തിരഞ്ഞെടുത്താലും അതില്‍ ഒന്നാമനാകാനായിരിക്കണം പരിശ്രമിക്കേണ്ടത്‌. പണ്ടൊന്നും ക്രിക്കറ്റ്‌ കളിയും ടെന്നീസും സംഗീതവും ചിത്രരചനയുമൊന്നും ഭാവി നിര്‍ണയിക്കുന്ന സാധ്യതകളായി കണക്കാക്കിയിരുന്നില്ല. പക്ഷെ, ഇന്ന്‌ അവയെല്ലാം സാധ്യതകളുടെ വിശാലലോകമാണ്‌ തുറന്നിടുന്നത്‌.

ശ്രേഷ്‌ഠമായതു തിരഞ്ഞെടുക്കുക
നമ്മുടെ തിരഞ്ഞെടുപ്പും അതിലെ നമ്മുടെ പ്രകടനവും എപ്പോഴും ബെസ്റ്റ്‌ ആയിരിക്കണം. അല്ലെങ്കില്‍ ജീവിതം ഒരിക്കലും സന്തുഷ്‌ടമാകില്ല. When work and play are same എന്നാണ്‌ മനശ്ശാസ്‌ത്രജ്ഞന്‍മാര്‍ പറയുന്നത്‌. ജോലി ഒരിക്കലും കേവലം ജോലിയാകരുത്‌. അതൊരു സര്‍ഗ്ഗാത്മക പ്രക്രിയ ആയിരിക്കണം. നാമത്‌ ആസ്വദിച്ചു ചെയ്യേണ്ടതാണ്‌. അങ്ങിനെയുള്ളവരാണ്‌ മികച്ച വ്യക്തികളും ജീനിയസുകളുമാകുന്നത്‌.
ആ ശ്രേഷ്‌ഠവ്യക്തിത്വത്തിലേക്കുള്ള യാത്രയുടെ ദിശ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കേണ്ട സമയമിതാണ്‌. ഏതു മേഖലയാണ്‌ നമ്മെ ജീവിതകാലം മുഴുവന്‍ സന്തുഷ്‌ടരാക്കുക എന്ന്‌ നാം ആലോചിച്ചു തീരുമാനിക്കണം. തെറ്റായ ജോലി യാന്ത്രികമാകും. നിങ്ങള്‍ക്ക്‌ ജയിലില്‍ അടയ്‌ക്കപ്പെട്ട തോന്നലുണ്ടാകും, സ്വാതന്ത്ര്യം നഷ്‌ടപ്പെട്ട അവസ്ഥ.
നമ്മുടെ എല്ലാ കാര്യങ്ങളും ചിന്ത, വാക്ക്‌, പ്രവൃത്തി, ഫലം എന്ന ക്രമത്തിലാണ്‌ സംഭവിക്കുക. ഒരു ദിവസം അറുപതിനായിരം ചിന്തകള്‍ ഒരു മനുഷ്യന്റെ മനസ്സില്‍ ഉണ്ടാകുന്നുണ്ടെന്നാണ്‌ മനശ്ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌. ജലാശയത്തിലെ നീര്‍ക്കുമിളകള്‍ പോലെ. ലക്ഷ്യാധിഷ്‌ഠിതവും സര്‍ഗ്ഗാത്മകവുമായ ചിന്തകള്‍ക്കേ മനസ്സില്‍ സ്ഥാനം നല്‍കാവൂ. അശുഭവും നിഷേധാത്മകവുമായ ചിന്തകള്‍കൊണ്ട്‌ മനസ്സിനെ തളര്‍ത്തരുത്‌. നമ്മുടെ ചിന്തകള്‍ക്കനുസൃതമായിരിക്കും നമ്മുടെ വാക്കും പ്രവൃത്തിയും. നമ്മുടെ ബോധവും അബോധവും അതില്‍ അധിഷ്‌ഠിതമായിരിക്കും. ഇത്‌ പ്രപഞ്ച നിയമമാണ്‌. നമ്മുടെ ചിന്തകള്‍ എപ്പോഴും പ്രധാന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതായിരിക്കണം. മറ്റുള്ളതൊക്കെ സ്വാഭാവികമായി പൊങ്ങിവരുമ്പോള്‍ ഇഷ്‌ടമില്ലാത്ത അതിഥികളെപ്പോലെ കൈകാര്യം ചെയ്യുക എന്നാണ്‌ ഋഷിവര്യന്‍മാര്‍ ഉപദേശിച്ചിട്ടുള്ളത്‌. ആ പ്രതിലോമ ചിന്തകള്‍ താനെ കെട്ടടങ്ങിക്കൊള്ളും.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ 1947 ആഗസ്റ്റ്‌ 15ന്‌ ഇന്ത്യ സ്വതന്ത്രമായെന്നാണ്‌ നാം പഠിച്ചിരിക്കുന്നത്‌. പക്ഷെ, ദേശീയ സ്വാതന്ത്യത്തിലേക്കുള്ള യാത്ര അതിനും എത്രയോ മുമ്പ്‌ ആരംഭിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വച്ച്‌ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി ട്രെയിനിന്റെ കംപാര്‍ട്‌മെന്റില്‍ നിന്നു പുറത്തെറിയപ്പെട്ടപ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ബീജാവാപം സംഭവിച്ചിരുന്നില്ലേ? വിത്തില്‍ വടവൃക്ഷം ഉള്‍ക്കൊള്ളുന്നു. അതാവിര്‍ഭവിക്കുവാന്‍ വേണ്ടി, പൂത്തുപന്തലിക്കുവാന്‍ വേണ്ടി കാത്തിരിക്കുന്നു.
എന്തിനകലെ പോകുന്നു. ശ്രീ എ.കെ.ആന്റണിയുടെ ജീവിത ചരിത്രം പരിശോധിക്കുക. ലക്ഷ്യബോധത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും അച്ചടക്കത്തിന്റേയും പര്യായപദം. ജീവിതത്തില്‍ 'straight and narrow path' തിരഞ്ഞെടുത്തു. എല്ലാ പ്രലോഭനങ്ങളേയും തിരസ്‌കരിച്ച്‌ രാഷ്‌ട്രീയത്തില്‍ ആദര്‍ശനിഷ്‌ഠയുടേതായ അപൂര്‍വ്വ വ്യക്തിത്വം പടുത്തുയര്‍ത്തി ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ അത്യുന്നതങ്ങളിലെത്തി. ഒരു ശരാശരി കേരളീയന്റെ ബാല്യകാലസാഹചര്യങ്ങളില്‍ നിന്ന്‌.
മഹാന്‍മാരൊക്കെ ഇതാണു നമുക്കു കാണിച്ചു തരുന്നത്‌. അവരുടെ ചിന്തകള്‍ ഏകാഗ്രമായിരുന്നു. അതായിരുന്നു അവരുടെ വിജയത്തിന്റെ അടിസ്ഥാനം. അതേ ഏകാഗ്രതയോടെ നാം ജീവിതം ക്രമീകരിക്കണം. പ്രധാനമായ ചിന്തയില്‍ നിന്ന്‌ വ്യതിചലിച്ചാല്‍ നാം നമ്മുടെതന്നെ ശത്രുക്കളായി മാറും.

സമയം വിലപ്പെട്ടതാണ്‌
ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ അവശ്യം വേണ്ട മറ്റൊന്ന്‌ സമയക്രമീകരണം (time planning) ആണ്‌. 72 വര്‍ഷമാണ്‌ ആയുസ്സെങ്കില്‍ ഒരു വ്യക്തിക്കു ലഭിക്കുന്നത്‌ ആറു ലക്ഷത്തോളം മണിക്കൂറാണ്‌. ഇതിനുള്ളില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്‌തു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ നിങ്ങളുടെ ജീവിതവിജയം. 'സമയമാണെന്റെ ആസ്‌തി' എന്ന്‌ വിശ്വസാഹിത്യകാരനായ ഗോയ്‌ഥെ പറഞ്ഞിട്ടുണ്ട്‌.
ഇപ്പോള്‍ത്തന്നെ കൃത്യമായ ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവും നിങ്ങള്‍ തിരഞ്ഞെടുക്കുകയും അതിനുവേണ്ടി ചിട്ടയായി പ്രവര്‍ത്തിക്കുകയും ചെയ്യുമെങ്കില്‍ ഞാന്‍ ഉറപ്പുതരുന്നു, അഞ്ചു വര്‍ഷത്തിനകം, നിങ്ങളുടെ 22-ാം വയസ്സില്‍ നിങ്ങളാഗ്രഹിക്കുന്നിടത്ത്‌ തിളക്കത്തോടെ നിങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കും.
വിജയപാതയിലേക്കുള്ള ഓരോ പടിയും ആലോചിച്ച്‌ നാം എഴുതിവയ്‌ക്കണം. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ നിന്ന്‌ ഹൃസ്വകാല ലക്ഷ്യങ്ങള്‍ നിര്‍ണയിക്കണം. പിന്നീട്‌ ഓരോ വര്‍ഷത്തേതാക്കി ചുരുക്കണം. അതിനുശേഷം ഒരു മാസത്തേക്കുള്ളത്‌. പിന്നെ, ആഴ്‌ചതോറും. അങ്ങിനെ വേണം ക്രമീകരിക്കാന്‍. ഈ പ്രക്രിയ ഇപ്പോഴേ തുടങ്ങണം. അച്ചടക്കത്തോടെ ഓരോ പടിയും ചെയ്‌തു തീര്‍ക്കണം.
ഉദാഹരണമായി, സിവില്‍ സര്‍വ്വീസ്‌ ലക്ഷ്യമിടുന്ന ഒരു വിദ്യാര്‍ഥി താനെടുക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി വേണം തിരഞ്ഞെടുക്കാന്‍. ഇപ്പോള്‍ അതില്‍ കേന്ദ്രീകരിച്ച്‌ പഠിച്ചു തുടങ്ങിയാല്‍ ആ വിഷയങ്ങളില്‍ വൈകാതെ നിങ്ങള്‍ക്ക്‌ വൈദഗ്‌ദ്ധ്യം നേടുവാന്‍ സാധിക്കും. അല്ലാതെ അവസാന വര്‍ഷം കുറേ വിഷയങ്ങള്‍ തിരഞ്ഞെടുത്ത്‌ അതുമായി മല്ലിടുന്നതില്‍ അര്‍ഥമില്ല. 17 വയസ്സുള്ള ഒരു കുട്ടിക്ക്‌ സിവില്‍ സര്‍വ്വീസ്‌ പരീക്ഷ എഴുതാന്‍ ഏഴെട്ടു വര്‍ഷം മുന്നിലുണ്ട്‌. സമയം ക്രമീകരിച്ച്‌ ശ്രദ്ധിച്ചു നീങ്ങിയാല്‍ ആര്‍ക്കു നിങ്ങളൊരു ഐ.എ.എസ്സുകാരനാകുന്നത്‌ തടയാന്‍ സാധിക്കും?
ഞാന്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ്‌ കോളജില്‍നിന്ന്‌ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കുകാരനായി സ്വര്‍ണ മെഡലോടെയാണ്‌ വിജയിച്ചത്‌. അന്നത്തെ എന്റെ മാര്‍ക്കിന്റെ റിക്കോഡ്‌ ഇതുവരെ ഭേദിക്കപ്പെട്ടിട്ടില്ലെന്നാണ്‌ പറയപ്പെടുന്നത്‌. അതേവര്‍ഷം ഞാന്‍ തിരഞ്ഞെടുക്കപ്പെട്ട കോളജ്‌ യൂണിയന്‍ ചെയര്‍മാനായിരുന്നു. അതോടൊപ്പം സര്‍വ്വകലാശാല തലത്തിലും സംസ്ഥാനതലത്തിലും ടെന്നീസ്‌ ചാംപ്യനുമായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഈ മൂന്നു നേട്ടവും കരസ്ഥമാക്കാനായത്‌ കൃത്യമായ ടൈം മാനേജ്‌മെന്റിലൂടെയാണെന്ന്‌ ഞാന്‍ കരുതുന്നു.
കളിയുടെ സമയത്ത്‌ കളിയിലും പഠനത്തിന്റെ സമയത്ത്‌ അതിലും മറ്റ്‌ തിരഞ്ഞെടുത്ത പ്രവര്‍ത്തനങ്ങളുടെ സമയത്ത്‌ അവയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ം ലക്ഷ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സമയവിനിയോഗം ഒഴിവാക്കുക. എങ്കില്‍ പഠനത്തിനു മാത്രമല്ല വിനോദത്തിനും, അധ്യാത്മിക കാര്യങ്ങള്‍ക്കും ശാരീരികക്ഷമതക്കുള്ള സ്‌പോര്‍ട്‌സിനും മറ്റ്‌ ഹോബികള്‍ക്കും ദൃഢമായ കുടുംബബന്ധങ്ങള്‍ക്കും എല്ലാം സമയം കണ്ടെത്താന്‍ സാധിക്കും.
നമ്മുടെ ലക്ഷ്യങ്ങള്‍ക്കു തടസ്സം നില്‍ക്കുകയോ നമ്മുടെ ലക്ഷ്യങ്ങളെ പുച്ഛിച്ചു സംസാരിക്കുകയോ ചെയ്യുന്നവരുമായി യാതൊരുവിധത്തിലും സമ്പര്‍ക്കം പുലര്‍ത്തരുത്‌. ലക്ഷ്യബോധമില്ലാത്ത അലസരായ സുഹൃത്തുക്കളെയും ഒഴിവാക്കുന്നതാണ്‌ നല്ലത്‌. കാരണം നമുക്കു ജീവിതം ഒന്നേയുള്ളു.
കൃത്യമായ മാര്‍ഗനിര്‍ദ്ദേശം തരുന്ന ഗുരുക്കന്‍മാരെ ഇടയ്‌ക്കൊക്കെ വീട്ടില്‍ പോയി കണ്ട്‌ ഉപദേശങ്ങള്‍ തേടുക. വല്‍സലശിഷ്യന്‍മാര്‍ സദ്‌ഗുരുക്കള്‍ക്ക്‌ ആനന്ദദായകരാണ്‌. ആഗ്രഹിച്ച ലക്ഷ്യത്തിലെത്തിയവരെ വഴികാട്ടികളായി സ്വീകരിക്കുക. അവരുടെ വാക്കുകള്‍ക്ക്‌ വിലകല്‍പിക്കുക.
ഒരിക്കലും നമ്മുടേത്‌ അപഥ സഞ്ചാരമാകരുത്‌. തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കു പോകാന്‍ എം.സി. റോഡാണ്‌ നല്ലത്‌. അല്ലാതെ വല്ല വളഞ്ഞ വഴിയുമല്ല സ്വീകരിക്കേണ്ടത്‌. നമുക്കാവശ്യമുള്ളതൊക്കെ നേരായ വഴിയിലുണ്ടാകുമെന്നുറപ്പാണ്‌. വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നത്‌ സമയം നഷ്‌ടമാക്കാനും ലക്ഷ്യത്തെ അപകടപ്പെടുത്താനുമേ ഉപകരിക്കൂ.
നിങ്ങള്‍ക്ക്‌ 17 വയസ്സേ ആയുള്ളു. ഇപ്പോള്‍ത്തന്നെ കൃത്യമായ ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവും നിങ്ങള്‍ തിരഞ്ഞെടുക്കുകയും അതിനുവേണ്ടി ചിട്ടയായി പ്രവര്‍ത്തിക്കുകയും ചെയ്യുമെങ്കില്‍ ഞാന്‍ ഉറപ്പുതരുന്നു, അഞ്ചു വര്‍ഷത്തിനകം, നിങ്ങളുടെ 22-ാം വയസ്സില്‍ നിങ്ങളാഗ്രഹിക്കുന്നിടത്ത്‌ തിളക്കത്തോടെ നിങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കും. ശോഭനവും ശ്രേഷ്‌ഠവുമായ ഒരു ജീവിതത്തിന്റെ അടിസ്ഥാനം നിങ്ങള്‍ പാകിക്കഴിഞ്ഞിരിക്കും. കാലത്തിന്റെ മണല്‍പ്പരപ്പുകളില്‍ നിങ്ങളുടെ കാലടികള്‍ പതിയാന്‍ നിങ്ങളര്‍ഹരാകും. ശ്രീകൃഷ്‌ണസന്ദേശം ഓര്‍മിക്കുക: "വിജയം നിന്റെ ജന്മാവകാശമാണ്‌. നിനക്കതു ലഭിച്ചേ പറ്റൂ. കീഴടങ്ങരുത്‌! കീഴടങ്ങരുത്‌! കീഴടങ്ങരുത്‌!"

(കേരള കൗമുദി ദിനപ്പത്രത്തില്‍ ജൂണ്‍ ഒന്‍പതിനു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം.)

2 comments:

  1. ലക്ഷ്യബോധത്തോടെ ഇപ്പോള്‍ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്താല്‍ അഞ്ചോ ആറോ വര്‍ഷത്തിനകം ഓരോ വ്യക്തിക്കും ഏതു ജീവിതയോധന രംഗത്താണോ എത്തിച്ചേരേണ്ടത്‌ അവിടെ കൃത്യമായി എത്താന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഇപ്പോള്‍തന്നെ കുട്ടികള്‍ക്ക്‌ ധാരണയുണ്ടാകണം. ഇതു ജീവിതത്തിലെ നാല്‍ക്കവലയാണ്‌. കൃത്യമായ ദിശാബോധത്തോടെ വഴി തിരഞ്ഞെടുക്കേണ്ട നാല്‍ക്കവല.

    ReplyDelete
    Replies
    1. Valare nannayirikkunnu...ellakuttikalum vayichirikenda lekhanam..thankyou!

      Delete