Subscribe Posts | Comments

Friday, July 2, 2010

ഉദാരവല്‍ക്കരണവും ഗാന്ധിയന്‍ രീതികളും: വളര്‍ച്ചക്കൊപ്പം സാമൂഹ്യനീതി

ലോകസമ്പദ്‌വ്യവസ്ഥയിലെ ആഗോളവത്‌കരണത്തിന്റെയും ആഗോളവിപണിയിലെ ഇന്ത്യയുടെ അര്‍ത്ഥപൂര്‍ണമായ ഇടപെടലിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തില്‍ സാമ്പത്തിക പരിഷ്‌കാരത്തെപ്പറ്റി രാഷ്‌ട്രീയമണ്‌ഡലത്തിലാകമാനം തുടങ്ങിയ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്‌. രാഷ്‌ട്രനിര്‍മ്മിതിയുടെ ഈ അടിസ്ഥാനപ്രശ്‌നത്തെ ഇന്ത്യ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച്‌ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ തമ്മിലും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളില്‍ത്തന്നെയും ഉണ്ടായ ലളിതമായതുമുതല്‍ അതീവ രൂക്ഷമായതുവരെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക്‌ ഇപ്പോഴും പരിഹാരമായിട്ടില്ല.
അഭിപ്രായ സമന്വയം ഒരിക്കലും സാധ്യമാകാതെ തുടരുമ്പോള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ചിലപ്പോഴൊക്കെ നിര്‍ബാധം ഒഴുകുകയും മറ്റുചിലപ്പോള്‍ തടഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. ചിലപ്പോഴാകട്ടെ ചില സ്ഥാപിതതാല്‍പ്പര്യക്കാര്‍ സാമ്പത്തിക പരിഷ്‌കാരത്തിന്റെ ദിശതന്നെ മാറ്റി സ്വന്തം വഴിയേ കൊണ്ടുപോകുന്നു. ഇതിനൊക്കെ നേതൃത്വം നല്‍കുന്നവര്‍ പെട്ടെന്ന്‌ ധനവാന്മാരാകുകയും സാധാരണക്കാരന്‍ ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നു. തങ്ങളുടെ ജീവിതത്തെ ശരിക്കും ബാധിക്കുന്നതെന്തെന്നറിയാതെ തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ്‌ ഇന്ത്യയിലെ ദരിദ്ര ജനവിഭാഗം.