Subscribe Posts | Comments

Wednesday, February 16, 2011

വ്യവസായ വത്‌ക്കരണവും, മൂലധനനിക്ഷേപവും - കേരളത്തെ വിപ്ലവാത്മകമായ മുന്നേറ്റത്തിലേക്കു നയിക്കുക

രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ്‌ സ്റ്റഡീസ്‌ തിരുവനന്തപുരത്തു നടത്തിയ കേരള വികസന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പൂര്‍ണരൂപമാണിത്‌.


1. 1970കള്‍ മുതല്‍ കേരളത്തിന്റെ വ്യവസായ പുരോഗതി ഭാരതത്തില്‍, പ്രത്യേകിച്ചും അയല്‍സംസ്ഥാനങ്ങളോടു താരതമ്യപ്പെടുത്തിയാല്‍, തുലോം പിന്നോക്കമാണ്‌.
2. കേരളത്തിന്റെ നിക്ഷേപരംഗത്തെ വൈതരണികള്‍ തൊഴില്‍രംഗത്തെ അസ്വസ്ഥത, സാമ്പത്തിക ഘടകസംവിധാനത്തിന്റെ, പ്രത്യേകിച്ച്‌ ഊര്‍ജ്ജം, റോഡ്‌ മേഖലകളിലെ അപര്യാപ്‌തത, കാര്യക്ഷമമല്ലാത്ത വ്യവസായ പ്രോത്സാഹന സംവിധാനം, നിക്ഷേപസൗഹൃദപരമല്ലാത്ത രാഷ്‌ട്രീയ ഉദ്യോഗസ്ഥകാഴ്‌ച്ചപ്പാടുകള്‍, സ്വകാര്യ നിക്ഷേപനിര്‍ദ്ദേശങ്ങളിലെ അമിതമായ രാഷ്‌ട്രീയ ഇടപെടല്‍ തുടങ്ങിയവയാണ്‌.
3. നിക്ഷേപവിരുദ്ധ സംസ്ഥാനമെന്ന ദുഷ്‌പേര്‌ ഇന്നും നിലനില്‍ക്കുന്നു, നിക്ഷേപ സൗഹൃദത്തില്‍ കേരളം താഴേയ്‌ക്കിടയിലാണെന്ന്‌ നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. ഉദാഹരണങ്ങള്‍:
a) നാഷണല്‍ പ്രൊഡക്‌റ്റിവിറ്റി സ്റ്റഡി (RPC2004) അനുസരിച്ച്‌ ബിസിനസ്സ്‌ കാര്യക്ഷമതയില്‍ ഇന്ത്യയിലെ 15 വലിയ സംസ്ഥാനങ്ങളില്‍ കേരളത്തിന്‌ 12-ാമത്തെ റാങ്കുമാത്രമേ ഉള്ളൂ.
b) Study of state wide investment since 1991 - പതിനഞ്ചിലേറെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം ഗുജറാത്തിന്‌, കേരളത്തിനു 14-ാം സ്ഥാനം. മറുനാടന്‍ മലയാളി കളുടെ കേരളത്തിലുള്ള ബാങ്കുനിക്ഷേപത്തിന്റെ സിംഹഭാഗവും മറ്റു സംസ്ഥാനങ്ങ ളിലേക്ക്‌ പ്രവഹിക്കുന്നു. കേരളത്തിലെ credit deposit ratio ശരാശരി 40 ശതമാനം മാത്രം. 1991-2000 കേരളത്തിലെ വ്യാവസായികനിക്ഷേപം ഇന്ത്യയുടെ 1.1% FDI വെറും 0.6%. IT Software കയറ്റുമതി ഇന്ത്യയിലെ ഒരു ശതമാനത്തില്‍ കുറവ്‌.
തൊഴിലാളികളുടെ ഉത്തമ താല്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിനോടൊപ്പം ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനം സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമാവണം. വാളെടുത്തവന്‍ വെളിച്ചപ്പാട്‌ എന്നുള്ള രീതിയില്‍ തൊടുത്തുവിടുന്ന ബന്ദുകള്‍, അട്ടിമറിയും നോക്കുകൂലിയുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവണതകള്‍ ഇവയെല്ലാം നിയന്ത്രിച്ചില്ലെങ്കില്‍ നിക്ഷേപസൗഹൃദത്വം എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം മരീചികയായി അവശേഷിക്കും.
4. സര്‍ക്കാരിന്‌ ഒരു ചിലവുമില്ലാത്ത വമ്പിച്ച നിക്ഷേപ പദ്ധതികള്‍പോലും തടഞ്ഞു വയ്‌ക്കുന്ന അര്‍ത്ഥശൂന്യമായ. നിഷേധാത്മകത്വം ആണ്‌ നാം ഇപ്പോള്‍ ദര്‍ശിക്കുന്നത്‌. മാവൂരില്‍ ബിര്‍ലയുടെ ബഹുമുഖപദ്ധതി, കൊച്ചിയിലെ 5000 കോടിയുടെ ശോഭാ സിറ്റി, താന്തോന്നിതുരുത്തില്‍ 3500 കോടിയുടെ സലാര്‍പുരി വികസനപദ്ധതി, ഇടക്കൊച്ചിയിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം, ജോണ്‍ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റിയുടെ ഗവേഷണ കേന്ദ്രം എന്നിങ്ങനെ എത്രയെത്ര പദ്ധതികളാണ്‌ തട്ടിന്‍പുറത്ത്‌ കെട്ടിവച്ചിരിക്കുന്നത്‌. കേരളത്തിന്റെ വികസനത്തിനുള്ള പന്ഥാവില്‍ നിന്ന്‌ ഗവണ്‍മെന്റിന്റെ ഇത്തരം വിലങ്ങു തടികള്‍ എടുത്തു കളഞ്ഞേ പറ്റുകയുള്ളൂ.
5. കേരളത്തിലെ വ്യവസായ മേഖലയില്‍ പ്രധാനമായും 60 ശതമാനത്തോളം കാര്‍ഷിക വ്യവസായങ്ങളും ലഭ്യമായ അസംസ്‌കൃത സാധനങ്ങളിലധിഷ്‌ഠിതമായ വ്യവസായങ്ങളുമാണ്‌. ഇന്ത്യയില്‍ ഇവയുടെ തോത്‌ 33 ശതമാനം മാത്രമാണ്‌. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളാണ്‌ സിംഹഭാഗവും. ആധുനിക ഹൈടെക്‌, എഞ്ചിനീയറിംഗ്‌ വ്യവസായങ്ങള്‍ പരിമിതമായേ ഉള്ളൂ.
6. പരമ്പരാഗതവ്യവസായങ്ങളില്‍ (കയര്‍ മേഖല ഉദാഹരണം) തൊഴില്‍ സംരക്ഷണത്തിന്റെ പേരില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം തടയപ്പെട്ടതിന്റെ ഫലമായി ആധുനിക വ്യവസായ യൂണിറ്റുകള്‍ അയല്‍സംസ്ഥാനങ്ങളില്‍ രൂപം കൊണ്ടു. പുതിയ തലമുറ ഈ മേഖലകളില്‍ നിന്നു വിട്ടുപോയി. ഫലത്തില്‍ തൊഴിലവസരങ്ങള്‍ നഷ്‌ടപ്പെട്ടു. കൈത്തറി മേഖല, അപാരമായ കഴിവും വിരുതുമുള്ള തൊഴിലാളികള്‍ ഉണ്ടായിട്ടുപോലും, ക്ഷയോന്മുഖമായി. ഈ രംഗങ്ങളില്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യ, ആധുനികവല്‍ക്കരണം, കോര്‍പ്പറേറ്റ്‌ പ്രൊഫഷണലിസം, innovation, brand building തുടങ്ങിയവയാണ്‌ ലോകവിപണിയിലെ ഏക രക്ഷാ മാര്‍ഗ്ഗം.
7. കേരളത്തിന്റെ ശക്തി ശ്രോതസ്സുകള്‍ ടൂറിസം, ഐറ്റി, ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ആയുര്‍വേദം, ലോഹമണലുകളുടെ വികസനം, മൂല്യവര്‍ദ്ധന കാര്‍ഷികസംസ്‌കരണം, മനുഷ്യശക്തിവികസനം, ഉന്നതവിദ്യാഭ്യാസം തുടങ്ങിയവയാണ്‌. സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ ഉയര്‍ന്ന സാങ്കേതിക വിദ്യയും, ആധുനിക മാനേജ്‌മെന്റും ഊര്‍ജ്ജസ്വല മാര്‍ക്കറ്റിംഗും ഉപയോഗപ്പെടുത്തി ഈ മേഖലകളിലെല്ലാം കേരളത്തെ ഒരു ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ ആക്കി വളര്‍ത്തണം.
8. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും രോഗഗ്രസ്ഥമാണ്‌. കാരണങ്ങള്‍ കാര്യക്ഷമമല്ലാത്ത മാനേജ്‌മെന്റ്‌, സാമ്പത്തിക അലംഭാവം, അഴിമതി, കാലഹരണപ്പെട്ട സാങ്കേതിക വിദ്യ എന്നിങ്ങനെ. സംസ്ഥാനത്തെ 112 പൊതുമേഖല വ്യവസായങ്ങളില്‍ 31.3.99 വരെയുള്ള 12,050 കോടി സര്‍ക്കാര്‍ നിക്ഷേപത്തിന്റെ മൂല്യം 2,679 കോടിയായി അധഃപതിച്ചു. അടുത്ത കാലത്ത്‌ ഇവയുടെ അവസ്ഥ കുറെ മെച്ചപ്പെട്ടിട്ടുണ്ട്‌. എങ്കിലും പൊതുവില്‍ ഭൂരിപക്ഷവും വെള്ളാനകളായി നികുതിദായകരുടെ രക്തം ഊറ്റിക്കുടിക്കുന്നു. ഈ രംഗത്ത്‌ Enterprise Reform Committee-യുടെ ക്രിയാത്മക ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള ആര്‍ജ്ജവമോ ഇച്ഛാ ശക്തിയോ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നില്ല.
9. വ്യാവസായികനിക്ഷേപ രംഗങ്ങളില്‍ പുതിയ അവസരങ്ങളെ മുതലെടുക്കാന്‍ കേരളം ചെയ്യേണ്ട ചില കാര്യങ്ങള്‍:
a) സുതാര്യവും അഴിമതി രഹിതവും, സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളോട്‌ പെട്ടെന്ന്‌ പ്രതികരിക്കുന്നതുമായ ഒരു ഗവണ്‍മെന്റുണ്ടാകണം.
b) ഗവണ്‍മെന്റ്‌ അടിസ്ഥാന സൗകര്യവികസനം, സാമൂഹ്യസുരക്ഷ, മികച്ച ഭരണം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
c) സംരംഭകരേയും നിക്ഷേപത്തേയും വികസനത്തേയും പ്രോത്സാഹിപ്പിക്കുന്ന ഒരു ചാലക ശക്തിയായി ഗവണ്‍മെന്റ്‌ പ്രവര്‍ത്തിക്കണം.
d) സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്‌ യാഥാര്‍ത്ഥ്യമാക്കുകയും തൊഴില്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുകയും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തീവ്രമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും വേണം.
e) ലോകബാങ്ക്‌, ഏഷ്യന്‍ ഡവലെപ്പ്‌മെന്റ്‌ ബാങ്ക്‌, മറ്റ്‌ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന്‌ നമുക്ക്‌ സ്വീകാര്യമായ നിബന്ധനകളില്‍ വായ്‌പകള്‍ പരമാവധി നേടിയെടുക്കണം.
f) ഉള്‍നാടന്‍ ജലപാതകള്‍ വികസിപ്പിക്കണം. ഇവയെ കായലുകളുമായി ബന്ധിപ്പിക്കണം. കേരളത്തില്‍ ഇരുപതു വെനീസുകളുടെ വ്യാപ്‌തിയുള്ള ബൃഹത്തും മനോഹരവുമായ ജലഗതാഗത ശൃംഖല രൂപം കൊള്ളും.
g) കൃഷിയെ സംരക്ഷിക്കുകയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യണം. കാര്‍ഷിക സംസ്‌കരണ ഉല്‍പ്പന്നങ്ങള്‍ക്ക്‌ പ്രോഡക്‌റ്റ്‌ ബ്രാന്‍ഡിംഗ്‌ ഏര്‍പ്പെടുത്തണം.
h) ലോഹമണലുകളുള്‍പ്പെടെയുള്ള നമ്മുടെ ധാതു സമ്പത്ത്‌ മൂല്യവര്‍ധിത വസ്‌തുക്കള്‍ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നതിനായി പ്രയോജനപ്പെടുത്തണം.
i) റബര്‍ ഉല്‌പന്നങ്ങള്‍, wood based industries (വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍), നാളികേര ഉല്‌പന്നങ്ങള്‍, ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ്‌, ബോട്ട്‌ നിര്‍മ്മാണം, പ്രിംന്റിംഗ്‌ തുടങ്ങിയ മേഖലകളില്‍ ഇനിയും വികസനസാദ്ധ്യതകളുണ്ട്‌.
j) ഗള്‍ഫില്‍ നിന്ന്‌ മടങ്ങി എത്തുന്നവരെ ബിസിനസ്‌ സംരംഭകരാക്കി മാറ്റാന്‍ സമഗ്രമായ പരിശീലനവും സംയോജിത സേവനങ്ങളും നല്‍കണം.
10. ഇന്‍ഫ്രാസ്‌ട്രക്‌ചറിലും അതുപോലുള്ള പദ്ധതി രംഗങ്ങളിലും കേരളത്തിന്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അന്താരാഷ്‌ട്രാ രംഗത്തു നിന്നും കഴിയുന്നിടത്തോളം വിഭവശേഷി നേടിയെടുക്കാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ കേരളം വളരെ പിന്നിലാണ്‌. കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ധനസഹായ ഏജന്‍സികള്‍ക്കും പദ്ധതികള്‍ വിശദമായി പഠിച്ച്‌ യഥാസമയം സമര്‍പ്പിക്കാന്‍ കഴിയുന്ന വിധം ഊര്‍ജ്ജസ്വലമായ പ്രൊഫഷണല്‍ സംവിധാനം കേരളം പടുത്തുയര്‍ത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തു മ്പോള്‍ കേരളസര്‍ക്കാരിന്റെ ഡല്‍ഹിയിലെ സമ്പര്‍ക്ക സംവിധാനം ദയനീയമാംവിധം അപര്യാപ്‌തമാണ്‌. ഭാരതത്തിന്റെ ജനസംഖ്യയില്‍ നാല്‌ ശതമാനമുള്ള കേരളത്തിന്‌ വിവിധ ധനസഹായ സ്ഥാപനങ്ങളില്‍ നിന്നും ദേശീയവും അന്താരാഷ്‌ട്രീയവുമായ തലങ്ങളില്‍ നിന്നും ലഭ്യമാകുന്ന വിഭവശേഷി ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി കിട്ടന്നതിന്റെ ഒരു ശതമാനത്തില്‍ കുറവാണ്‌. 19 ശതമാനം ഗുജറാത്തും 20 ശതമാനം മഹാരാഷ്‌ട്രയും നേടിയെടുക്കുന്നു.
11. പ്രായോഗികമായ നിയമവ്യവസ്ഥകളും നയങ്ങളും സ്വീകരിക്കുകയാണെങ്കില്‍ കേരളത്തില്‍ ഹൈവേകള്‍, ചെറുകിട തുറമുഖങ്ങള്‍, വൈദ്യുതി, ഇന്‍ലാന്‍ഡ്‌ വാട്ടര്‍വേ സിസ്റ്റം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ഉപയോഗിച്ച്‌ അതിശീഘ്രം പദ്ധതികള്‍ പൂര്‍ത്തിയാക്കി കേരളത്തിന്റെ അടിസ്ഥാന സംവിധാനങ്ങള്‍ ലോകോത്തരമാക്കുവാന്‍ സാധിക്കും.
12. സര്‍ക്കാരിന്റെ നിക്ഷേപ വിഭവശേഷി പരിമിതികളുടെ പശ്ചാതലത്തില്‍ കേരളം വമ്പിച്ച ഒരു പൊതസ്വകാര്യ പങ്കാളിത്ത (PPP) സമഗ്രവികസന പരിപാടിക്കു രൂപം നല്‍കണം. CIAL, Techno Park, Techno City തുടങ്ങിയ PPP പദ്ധതികള്‍ കേരളത്തില്‍ ഇന്ന്‌ പ്രവൃത്തിപഥത്തിലാണ്‌. സംസ്ഥാന തലം മുതല്‍ പഞ്ചായത്തുതലംവരെ നൂറുകണക്കിന്‌ വലുതും ഇടത്തരവും ചെറുതുമായ PPP പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും, മറുനാടന്‍ മലയാളികളുള്‍പ്പെടെ സംരംഭകരെ ഈ പ്രസ്ഥാനത്തില്‍ പങ്കാളികളാക്കുകയും വേണം. സര്‍ക്കാരിന്റെ പക്കലുള്ള പ്രത്യുല്‍പാദനപരമല്ലാത്ത ആസ്ഥികള്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തി അടിസ്ഥാന വികസനം, ജനജീവിത സൗകര്യങ്ങള്‍, വ്യാപാര, വാണിജ്യ സമുച്ചയങ്ങള്‍ തുടങ്ങിയവ പടുത്തുയര്‍ത്തണം. സര്‍ക്കാരിന്റെ സുരക്ഷിതത്വവും സ്വകാര്യമേഖലയുടെ സംരംഭകത്വകഴിവുകളും ഈ രീതിയില്‍ സംയോജിപ്പിച്ച്‌ കേരളത്തില്‍ നിക്ഷേപമുന്നേറ്റം സൃഷ്‌ടിക്കണം. PPP മേഖലയില്‍ ഉള്‍പ്പെടുത്താവുന്ന പദ്ധതികള്‍: ഉള്‍നാടന്‍ ജലഗതാഗതശംഘല, ടൂറിസം ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, മാലിന്യസംസ്‌കരണം, റോഡുകളും, പാലങ്ങളും, Special Economic Zones, ചെറുകിട തുറമുഖങ്ങളുടെ നിര്‍മ്മാണവും നീവകരണവും, Medical, Knowledge, Science Cities, വൈദ്യുതിനിലയങ്ങള്‍, ബസ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, ഉപനഗരങ്ങള്‍ തുടങ്ങിയവ.
13. കേരളത്തിന്റെ ധാതു, ഖനിജ, ലവണ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന value added വ്യവസായങ്ങള്‍ സംഘടിപ്പിക്കണം. Special Clays, സമുദ്രാതിഷ്‌ഠിത മിനറല്‍സ്‌ (placer deposits), ലോഹമണലുകള്‍ ഇവയെല്ലാം വമ്പിച്ച വികസന, തൊഴില്‍ സാദ്ധ്യതകളുടെ മേഖലകളാണ്‌. പരിസ്ഥിതിക്കു വിധേയമായി ഈ സാദ്ധ്യതകളെ പൊതുമേഖല, PPP, സ്വകാര്യ മേഖല മോഡലുകളില്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കുന്നതിന്‌ സര്‍ക്കാര്‍ ഇനിയും അമാന്തിച്ചുകൂടാ.
14. Titanium initiative: ലോകത്താകെയുള്ള Illemeniteല്‍ 21 ശതമാനം ഇന്ത്യയിലും അതില്‍ സിംഹഭാഗവും കേരളത്തിലുമാണ്‌. എന്നാല്‍ ലോകത്തെ Titanium Dioxide ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക്‌ ഒരു ശതമാനത്തില്‍ കുറവാണ്‌. 1922 മുതല്‍ ഇന്ത്യ Illemenite കയറ്റി അയക്കന്നു. TTPയും KMML-ഉം 1951-ലും 1984ലുമാണ്‌ ആരംഭിച്ചത്‌. സാദ്ധ്യതകളുടെ വക്കത്തുപോലും നാം എത്തിയിട്ടില്ല. ലോക Titanium കമ്പോളത്തിന്റെ മൂല്യം അമ്പതിനായിരം കോടി രൂപയോളമാണ്‌. ഇതില്‍ ഒരു ശതമാനം മാത്രമാണ്‌ ഇന്ത്യയുടെ പങ്ക്‌. അസംസ്‌കൃതസാധനം ഇവിടെ സുലഭമായിരിക്കെ അവ നാം കയറ്റി അയക്കുന്നു. അതേ സമയം ഇന്ത്യക്കു വേണ്ട Titanium Sponge നാം ഇറക്കുമതി ചെയ്യുന്നു.
15. കേരളത്തില്‍ ഒരു മിനറല്‍ ഡവലപ്‌മെന്റ്‌ അതോറിറ്റിയും (മേഖലയുടെ പ്രോത്സാഹനത്തിന്‌) മിനറല്‍ ആന്‍ഡ്‌ മെറ്റല്‍സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പറേഷനും രൂപീകരിച്ച്‌ ഈ പ്രകൃതിദത്ത വിഭവങ്ങളുടെ പരിസ്ഥിതി വിധേയവികസനത്തിന്‌ ബൃഹത്തും ഊര്‍ജ്ജസ്വലവും സമയബന്ധിതവുമായ പദ്ധതി നടപ്പിലാക്കണം.
16. കേരളത്തിലെ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും വേണ്ട വൈദ്യുതി സ്വയം ഉല്‍പ്പാദിപ്പിക്കുവാനും വാങ്ങുവാനുമുള്ള വ്യവസ്ഥകള്‍ (captive generation and open access) ഉദാരമാക്കണം. ഇന്ന്‌ സര്‍ക്കാര്‍ വ്യവസായികളില്‍ നിന്ന്‌ അധിക tariff ഈടാക്കി middle class domestic ഉപഭോക്താക്കളെ subsidise ചെയ്യുകയാണ്‌. ഈ പ്രവണത മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്ഥവും വ്യാവസായിക മൂലധന നിക്ഷേപത്തിന്‌ പ്രതിലോമപരവുമാണ്‌.
17. ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ഐറ്റി ആഗോള അടിസ്ഥാന ശൃംഘലയുണ്ടായിട്ടുപോലും (SEA-ME-WE-3, SAFE etc) ഐറ്റിയുടെ അപാരസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ നാം ബാല്യ ദശയിലാണ്‌. NASSCOMന്റെ നിഗമനത്തില്‍ കേരളത്തിലെ നഗരങ്ങള്‍ പ്രത്യേകിച്ചും കൊച്ചിയും തിരുവനന്തപുരവും ബാംഗ്ലൂര്‍, ഹൈദരാബാദ്‌, ചെന്നൈ നഗരങ്ങളെക്കാള്‍ IT/ITES ബിസ്സിനസ്സുകളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമാണ്‌. ഇതിനുവേണ്ടത്‌ ഊര്‍ജ്ജസ്വല സര്‍ക്കാര്‍, മെച്ചപ്പെട്ട ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, ശ്രേഷ്‌ഠതയിലഷ്‌ഠിധമായ ഉന്നത വിദ്യാഭ്യാസ ശൃംഖലകള്‍, വ്യാവസായികസമാധാനം, സമ്പൂര്‍ണ്ണ e-governance-ഉം പൗരസേവനങ്ങളും, സമ്പൂര്‍ണ്ണ ഇ-സാക്ഷരത്വം തുടങ്ങിയവയാണ്‌.
18. വ്യവസായവല്‍ക്കരണത്തിനും നിക്ഷേപത്തിനും ഭൂമിയുടെ ലഭ്യത കാതലായ ഘടകമാണ്‌. വമ്പിച്ച നിക്ഷേപ വ്യവസായവല്‍ക്കരണ മുന്നേറ്റത്തിന്‌ സര്‍ക്കാര്‍ അധീനതയില്‍ പര്യാപ്‌തമായ തോതില്‍ ഭൂമി ഉണ്ടായേപറ്റൂ. Land acquisition സുഗമമാക്കുന്നതിന്‌ വേഗത്തിലുള്ള നടപടിക്രമങ്ങള്‍, സുതാര്യത, ഉദാരമായ compensation, കാര്യക്ഷമമായ പുനരധിവാസം എന്നിവ അനുപേക്ഷണീയമാണ്‌. വികസനപദ്ധതികള്‍ക്ക്‌ സമാന്തരമായി കാലേക്കൂട്ടി പുനരധിവാസം ഉറപ്പാക്കുന്നതിനുവേണ്ടി സംഗിപ്പൂരിലേയും ചൈനയിലേയും പോലെ പുനരധിവാസ സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ Kerala Land Acquisition Rehabilitation Corporation രൂപീകരിക്കുകയും വേണ്ട വിഭവശേഷി നിര്‍ദ്ദിഷ്‌ട പദ്ധതികളില്‍ നിന്ന്‌ സ്വരൂമിപിക്കുകയും വേണം.
19. സംരംഭകത്വവികസനം മിഷന്‍ മോഡലില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കണം. സര്‍ക്കാര്‍, വ്യവസായ ഗ്രൂപ്പുകള്‍, ധനസഹായ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എല്ലാം ഈ പദ്ധതിയില്‍ പങ്കാളികളാവണം. സ്‌കൂള്‍ തൊട്ട്‌ Entrepreneurship പഠനവിഷയമാക്കണം. Enterpreneurship അക്കാദമികളും, ഒരു Enterpreneurship യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കണം. ലോകത്തെ കീഴടക്കുന്ന ഒരു സംരംഭകത്വ തലമുറയെ കേരളം വാര്‍ത്തെടുക്കണം. കേരള സര്‍ക്കാരില്‍ Department of Entrepreneurship and Management Development എന്ന പുതിയ ഡിപ്പാര്‍ട്ടുമെന്റ്‌ വ്യവസായവകുപ്പിനു കീഴില്‍ രൂപീകരിക്കണം.
20. മറുനാടന്‍ മലയാളികളില്‍ ഏറ്റവം ചുരുങ്ങിയത്‌ രണ്ടു ലക്ഷം പേരെങ്കിലും 30 ലക്ഷം രൂപ ഇക്വിറ്റി ആയി സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ കഴിവുള്ളവരാണ്‌. 30:70 അനുപാതത്തില്‍ ലോണ്‍ കണക്കാക്കിയാല്‍ ഒരു സംരംഭത്തിനായി ശരാശരി ഒരു കോടി രൂപയുടെ മുതല്‍ മുടക്ക്‌. ഇതിനായി പ്രായോഗിക പ്രോജക്‌ടുകള്‍ തിരഞ്ഞെടുത്ത്‌ വമ്പിച്ച പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ്‌ മിഷന്‍ സംഘടിപ്പിച്ചാല്‍ രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപം കേരളത്തിന്‌ നേടാന്‍ സാധിക്കും.
ഓരോ നിമിഷവും വിലപ്പെട്ട ഈ ആധുനിക യുഗത്തില്‍ ഭരണവും വികസനപ്രക്രിയയും നിക്ഷേപ സമാഹരണവും പദ്ധതി നിര്‍വഹണവുമെല്ലാം കാര്യക്ഷമവും ജനക്ഷേമകരവുമാക്കാന്‍ അസാമാന്യമായ പ്രതിഭയും ഭാവനയും ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും കേരളത്തിലെ ഭരണാധികാരികള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്‌
21. ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌ മീറ്റുകളും ലോകത്തെ വിവിധ കേന്ദ്രങ്ങളില്‍ നിക്ഷേപക വര്‍ക്കുഷോപ്പുകളും സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളും സംയുക്തമായും അനുസ്യൂതമായും സംഘടിപ്പിക്കണം. ഇവയില്‍ നിന്നുരുത്തിരിയുന്ന നിര്‍ദ്ദേശങ്ങളും പദ്ധതികളും സംവിധാനപരമായി ദൈനംദിനം പിന്തുടര്‍ന്ന്‌ സാഫല്യത്തിലെത്തിക്കണം.
22. തൊഴിലാളികളുടെ ഉത്തമ താല്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിനോടൊപ്പം ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനം സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമാവണം. വാളെടുത്തവന്‍ വെളിച്ചപ്പാട്‌ എന്നുള്ള രീതിയില്‍ തൊടുത്തുവിടുന്ന ബന്ദുകള്‍, അട്ടിമറിയും നോക്കുകൂലിയുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവണതകള്‍ ഇവയെല്ലാം നിയന്ത്രിച്ചില്ലെങ്കില്‍ നിക്ഷേപസൗഹൃദത്വം എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം മരീചികയായി അവശേഷിക്കും.
23. കേരളത്തിന്റെ നൈസര്‍ഗ്ഗിക പരിസ്ഥിതിയും പ്രകൃതിഭംഗിയും കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിക്കപ്പെടണം. ഭരണം തികച്ചും സുതാര്യവും അഴിമതിരഹിതവു മായിരിക്കണം. ഇത്‌ അടിസ്ഥാനപരമാണ്‌. എന്നാല്‍ ഇതിനെല്ലാം വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുണ്ട്‌. കാളപെറ്റു കയറെടുക്ക്‌ എന്ന രീതിയില്‍ എല്ലാ ക്രിയാത്മകപദ്ധതി നിര്‍ദ്ദേശങ്ങളേയും വരട്ടുവാദങ്ങളുമായി എതിര്‍ക്കുകയും വാഭാഗീയ രാഷ്‌ട്രീയത്തിന്റെ നീര്‍ച്ചുഴിയിലേക്ക്‌ വലിച്ചിഴക്കുകയും ചെയ്യുന്ന പ്രക്രിയ കേരളത്തില്‍ അവസാനിപ്പിക്കണം. വികസനരംഗത്ത്‌ രാഷ്‌ട്രീയ, ട്രേഡ്‌യൂണിയന്‍, സന്നദ്ധസംഘടനാ സമന്വയം കേരളത്തിന്റെ വളച്ചര്‍ക്ക്‌ അനപേക്ഷണീയമാണ്‌, ഇതിനു സഹായകമായ രാഷ്‌ട്രീയനേതൃപാടവമാണ്‌ കേരളത്തിലെ പ്രബുദ്ധ ജനത, പ്രത്യേകിച്ചും യുവതലമുറ, ഇന്ന്‌ ഉറ്റു നോക്കുന്നത്‌.
24. മൂലധനം, തൊഴില്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്വതന്ത്ര നീക്കമാണ്‌ ആഗോളവത്‌ക്കരണം. സാങ്കേതികവിദ്യയാണ്‌ അതിന്റെ ചാലകശക്തി. പുതിയ സഹസ്രാബ്‌ദത്തിലെ സാമ്പത്തിക പ്രത്യയശാസ്‌ത്രം മനുഷ്യശക്തിയുടേയും സമ്പത്തിന്റേയും വിഭവങ്ങളുടേയും പരമമായ വിനിയോഗത്തില്‍ക്കൂടി പുതിയ സമ്പത്ത്‌ ഉത്‌പാദിപ്പിക്കുകയും ആ സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണത്തില്‍ക്കൂടി ജനസാമാന്യത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥയാണ്‌. പത്ത്‌ വര്‍ഷംകൊണ്ട്‌ തൊഴിലില്ലായ്‌മ പ്രശ്‌നം തുടച്ചുമാറ്റത്തക്കവണ്ണം നാല്‍പതോ അന്‍പതോ ലക്ഷം തൊഴിലവസരങ്ങള്‍ കേരളത്തില്‍ പുതുതായി സൃഷ്‌ടിക്കാന്‍ സാധിക്കണം.
25. കാര്യശേഷിയുള്ള ഭരണത്തിനുമുന്നില്‍ കടമ്പകള്‍ മാറി നില്‍ക്കും. തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും ഏറ്റവും വേഗത്തിലാകണം. ഓരോ നിമിഷവും വിലപ്പെട്ട ഈ ആധുനിക യുഗത്തില്‍ ഭരണവും വികസനപ്രക്രിയയും നിക്ഷേപ സമാഹരണവും പദ്ധതി നിര്‍വഹണവുമെല്ലാം കാര്യക്ഷമവും ജനക്ഷേമകരവുമാക്കാന്‍ അസാമാന്യമായ പ്രതിഭയും ഭാവനയും ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും കേരളത്തിലെ ഭരണാധികാരികള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്‌.
26. 'വിശപ്പിന്റെ പ്രൊഫസര്‍' എന്നു ലോകം വിശേഷിപ്പിക്കുന്ന അമര്‍ത്യസെന്നിന്റെ അഭിപ്രായങ്ങള്‍ കേരളം ഉള്‍ക്കൊള്ളണം. അദൃശ്യശത്രു എന്നു കരുതി ആഗോളവത്‌ക്കരണത്തി നെതിരായി നിഴല്‍യുദ്ധം നടത്താതിരിക്കുക, ഇക്കാര്യത്തില്‍ ചൈനയെ കണ്ടുപടിക്കുക, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉള്‍പ്പെടെ പുതിയ യുഗത്തില്‍ ആഗോളവത്‌ക്കരണം സൃഷ്‌ടിക്കുന്ന അവസരങ്ങള്‍ മുതലാക്കുക, സാങ്കേതിക വിദ്യ മെച്ചമാക്കുക, ഉല്‍പാദനക്ഷമത കൂട്ടുക, കാലത്തിനൊത്ത കാഴ്‌ചപ്പാടു സ്വീകരിക്കുക.
27. കേരളം സംരംഭകത്വത്തിന്റേയും മൂലധനനിക്ഷേപത്തിന്റേയും പറുദീസയാകണം. കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു പുതിയ വികസന തന്ത്രം ആവിഷ്‌ക്കരിക്കുവാനും നടപ്പിലാക്കുവാനുമുള്ള കാലം അതിക്രമിച്ചിരിക്കുന്നു. കെ.പി.സി.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള വികസന കോണ്‍ഗ്രസ്‌ എല്ലാ അര്‍ത്ഥത്തിലും ഐശ്വര്യപൂര്‍ണ്ണമായ കേരളസൃഷ്‌ഠിയുടെ കാഹളധ്വനിയായി ഭവിക്കട്ടെ.

2 comments:

  1. രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ്‌ സ്റ്റഡീസ്‌ തിരുവനന്തപുരത്തു നടത്തിയ കേരള വികസന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പൂര്‍ണരൂപമാണിത്‌.

    ReplyDelete