Subscribe Posts | Comments

Thursday, April 15, 2010

കേരളത്തിനു വേണ്ടത്‌ പുതിയ വികസനതന്ത്രം

സ്വാതന്ത്ര്യലബ്‌ധിക്കു ശേഷമുള്ള കേരളത്തിന്റെ വികസന മോഡല്‍ ലോകപ്രസിദ്ധി ആര്‍ജ്ജിച്ചിട്ടുള്ളതാണ്‌. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യ സേവന സംവിധാനം, സാമൂഹ്യ സുരക്ഷിതത്വം, സ്‌ത്രീ പുരുഷ സമത്വവും സ്‌ത്രീകളുടെ ഉന്നമനവും, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിലെല്ലാം- പ്രത്യേകിച്ചും ത്രിതീയ മേഖലയായ സേവന മേഖലയില്‍, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അപൂര്‍വ്വമായ പുരോഗതി കൈവരിച്ചു. ദേശീയ ആരോഗ്യ പദ്ധതിയനുസരിച്ച്‌ രണ്ടായിരത്തില്‍ നേടേണ്ടിയിരുന്ന ‘ആരോഗ്യം എല്ലാവര്‍ക്കും’ എന്ന നയത്തിന്റെ ലക്ഷ്യങ്ങള്‍, വളരെ മുമ്പു തന്നെ കേരളം പൂര്‍ണ്ണമായി നേടിക്കഴിഞ്ഞിരുന്നു. അതുപോലെ സാമ്പത്തികരംഗത്ത്‌ ഉച്ചനീചത്വം ഏറ്റവും കുറഞ്ഞ, സാമൂഹ്യനീതി ഏറ്റവും കൂടുതല്‍ കൈവരുത്തിയ സംസ്ഥാനമാണ്‌ കേരളം. ഈ രംഗങ്ങളിലെല്ലാം മുന്നേറ്റത്തിന്റെ പ്രധാന കാരണം അടിത്തട്ടിലുള്ള സമൂഹത്തിന്‌ ഒരു മിനിമം സാമ്പത്തിക നിലവാരം ഉണ്ടാക്കുവാന്‍ നമുക്കു കഴിഞ്ഞു എന്നതാണ്. ഇക്കാര്യത്തില്‍ ഭൂപരിഷ്‌കരണം ഉള്‍പ്പെടെയുള്ള സാമ്പത്തിക ആവിഷ്‌കരണവും, സാമൂഹ്യനീതിക്കുവേണ്ടിയുള്ള ഐതിഹാസികമായ ബഹുജന മുന്നേറ്റങ്ങളും വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. തൊഴിലാളികള്‍ക്ക്‌ മിനിമം വേതനവും ജീവിത അടിസ്ഥാനസൗകര്യങ്ങളും ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ സമ്പത്തിന്റെ വിതരണം തൊഴിലാളി-ദുര്‍ബല ജനവിഭാഗങ്ങള്‍ക്കിടയിലേക്ക്‌ സുഗമമായും വേഗത്തിലും ഇറങ്ങിച്ചെല്ലുവാനും അതുവഴി സമസ്ഥ ജനങ്ങളുടേയും ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും സഹായകമായിട്ടുണ്ട്‌. പൊതുജീവിതസംബന്ധവും രാഷ്‌ട്രീയവുമായ സ്വാതന്ത്ര്യവും ചൈതന്യവത്തായ പത്രപ്രവര്‍ത്തനവും കേരളത്തിന്റെ ജനാധിപത്യ രംഗത്തുള്ള മുതല്‍ക്കൂട്ടാണ്‌. മനുഷ്യജീവിതത്തിന്റെ സമഗ്രഗുണ നിര്‍വ്വചനത്തിന്റെ കാര്യത്തില്‍ ഇന്ന്‌ പാശ്ചാത്യ രാജ്യങ്ങള്‍ക്ക്‌ സമാനമായ സ്ഥിതിയുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്‌.

സാധ്യതകള്‍ കാണാതെ പോകരുത്‌
കേരളത്തിലെ ജനങ്ങളുടെ ഉയര്‍ന്ന വേതനനിലവാരം നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റേയും ആത്മാഭിമാനത്തിന്റേയും, സാമൂഹ്യ നീതിയുടേയും പ്രതിഫലനമാണ്‌. അത്‌ ആത്യന്തികവും വിശാലവുമായ അര്‍ത്ഥത്തില്‍ ഒരു പാളിച്ചയോ പരാധീനതയോ അല്ല. ഒരടിസ്ഥാന മിനിമം വേതനവും സേവന വ്യവസ്ഥകളും തൊഴിലാളികള്‍ക്ക്‌ നല്‍കുവാന്‍ കഴിയുന്ന വ്യവസായങ്ങള്‍ പടുത്തുയര്‍ത്താനുള്ള അപാരമായ സാധ്യതകള്‍ കേരളത്തില്‍ നിലവിലുണ്ട്‌. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്തായ പരിസ്ഥിതിയില്‍ കളങ്കം ചാര്‍ത്തിക്കൊണ്ടോ, ജനസമൂഹത്തിന്റെ ആരോഗ്യരക്ഷയെ അപകടപ്പെടുത്തിക്കൊണ്ടോ വ്യവസായങ്ങള്‍ കേരളത്തില്‍ വരേണ്ട ഒരു കാര്യവും ഇല്ല. ഓരോ സംസ്ഥാനത്തിനും ഭൂമിശാസ്‌ത്രപരവും പ്രകൃതിദത്തവും സാംസ്‌കാരികവുമായ തനതായ ശക്തികളും സാധ്യതകളും വൈഭവങ്ങളുമുണ്ട്‌. ആധുനിക മാര്‍ക്കറ്റിംഗ്‌ സംജ്ഞ ഉപയോഗിച്ചാല്‍ `യൂണീക്ക്‌ സെല്ലിംഗ്‌ പോയിന്റ്‌' എന്നാണ്‌ ഇതിന്‌ പറയുക. കേരളത്തിലെ ഈ സര്‍ഗ്ഗാത്മക പ്രത്യേതകള്‍ പ്രകൃതിയും കാലാവസ്ഥയും വികസിതമായ മനുഷ്യശക്തിയുമൊക്കെയാണ്‌. ടൂറിസം, മെഡിക്കല്‍ ടൂറിസം, ഫിഷറീസ്‌, വിവരസാങ്കേതികവിദ്യ, ബയോടെക്‌നോളജി, ആയുര്‍വേദവും - സമഗ്ര ആരോഗ്യ പരിപാലനവും, ഉന്നത വിദ്യാഭ്യാസവും തൊഴിലധിഷ്‌ഠിത പരിശീലനവും ഉള്‍പ്പെടയുള്ള മേഖലകളില്‍ മെച്ചപ്പെട്ട വേതന നിലവാരം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ, വര്‍ധമാനമായ തൊഴില്‍ സംരംഭങ്ങള്‍ കേരളത്തില്‍ പടുത്തുയര്‍ത്താനുള്ള അനന്തമായ സാധ്യതകള്‍ നിലനില്‍ക്കുന്നു. ഈ തെരഞ്ഞെടുക്കപ്പെട്ട സമ്പത്തുല്‍പ്പാദന തൊഴില്‍ദാന മേഖലകളില്‍ കേരളത്തിന്‌ ലോകത്തില്‍ തന്നെ ഒരു `പ്രിഫേഡ്‌ ഡെസ്റ്റിനേഷന്‍' ആയി അതിവേഗം വളരാന്‍ സാധിക്കും. 

സര്‍ക്കാരും സ്വകാര്യമേഖലയും
സര്‍ക്കാരിന്‌ വികസന തൊഴില്‍ദാന സംരംഭങ്ങള്‍ക്ക്‌ ചെലവഴിക്കാന്‍ സാധിക്കുന്ന വിഭവശേഷി തുലോം പരിമിതമാണെന്നിരിക്കെ കേരളത്തിന്റെ ബഹുമുഖവികസനത്തിന്റെ സിംഹാംശം സ്വകാര്യ മേഖലയില്‍ ഉല്‍പതിഷ്‌ണുക്കളുടെ പ്രത്യുല്‍പാദനപരമായ അദ്ധ്വാനത്തില്‍ക്കൂടി മാത്രമേ സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കുകയുള്ളൂ.
സംസ്ഥാനസര്‍ക്കാരിനും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി കേരളത്തില്‍ സൃഷ്‌ടിക്കാവുന്ന തൊഴിലവസരങ്ങള്‍, നമുക്ക്‌ ആകെ വേണ്ട തൊഴിലവസരങ്ങളുടെ പത്തു ശതമാനത്തില്‍ താഴെയാണ്‌. ബാക്കി 90% തൊഴിലവസരങ്ങളും സ്വകാര്യമേഖലകളിലാണ്‌ സൃഷ്‌ടിക്കപ്പെടേണ്ടത്‌.
ചരിത്രപരമായി നോക്കിയാല്‍ തന്നെ, കേരളത്തിന്റെ വികസനരംഗത്തുള്ള വിജയകഥകള്‍ നാം പരിശോധിക്കുയാണെങ്കില്‍ ഇത്‌ വ്യക്തമാകും. ഉദാഹരണമായി, നാം റബര്‍ ഉല്‍പാദനത്തില്‍ 90 ശതമാനത്തിന്റെ ഉടമകളാണ്‌. സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ നാമാണ്‌ ആധിപത്യം പുലര്‍ത്തിയിരുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള മനുഷ്യ സമ്പത്തിന്റെ കയറ്റുമതി, അവിടെനിന്ന്‌ വിദേശ മൂലധനമായി കേരളത്തിലേക്കുള്ള ധനപ്രവാഹം എന്നിവ ഉള്‍പ്പെട്ട ഗള്‍ഫ്‌ പ്രതിഭാസം കേരളത്തിന്റെ തനതായ സാമ്പത്തിക പ്രക്രിയയാണ്‌. ഇവയൊന്നും തന്നെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലോ അവരുടെ ഇച്ഛാശക്തിയുടെ അടിസ്ഥാനത്തിലോ ഉണ്ടായിട്ടുള്ളതല്ല. കേരളത്തിലെ ജനങ്ങള്‍ സ്വകാര്യമേഖലയില്‍ക്കൂടി കൈവരിച്ചിട്ടുള്ള നേട്ടങ്ങളാണിവ. അല്ലെങ്കില്‍തന്നെ, സംസ്ഥാനസര്‍ക്കാരിനും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി കേരളത്തില്‍ സൃഷ്‌ടിക്കാവുന്ന തൊഴിലവസരങ്ങള്‍, നമുക്ക്‌ ആകെ വേണ്ട തൊഴിലവസരങ്ങളുടെ പത്തു ശതമാനത്തില്‍ താഴെയാണ്‌. ബാക്കി 90% തൊഴിലവസരങ്ങളും സ്വകാര്യമേഖലകളിലാണ്‌ സൃഷ്‌ടിക്കപ്പെടേണ്ടത്‌. അങ്ങനെ നോക്കുമ്പോള്‍, കേരളത്തിലെ സാമൂഹ്യജീവിതത്തെ ഒരു സ്‌ഫോടനത്തിന്റെ വക്കിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്‌മ ആത്യന്തികമായി പരിഹരിക്കപ്പെടണമെങ്കില്‍, സര്‍ക്കാരിനെ മാത്രം ആശ്രയിക്കാതെ സ്വകാര്യ മേഖലയുടെ പരിപൂര്‍ണ്ണമായ പരിപോഷണം അനുപേക്ഷണീയമാണ്‌. സ്വകാര്യ വ്യക്തികള്‍ അവരുടെ പ്രൊഫഷണല്‍, കാര്‍ഷിക - വ്യാവസായിക - വാണിജ്യാദി പ്രവര്‍ത്തനങ്ങളില്‍ക്കൂടി സമാഹരിക്കുന്ന മിച്ചധനം മാതൃസംസ്ഥാനത്തില്‍ തന്നെ നിക്ഷേപിച്ച്‌ തൊഴില്‍ദാന സംരംഭങ്ങള്‍ ആരംഭിച്ച്‌, തൊഴിലവസരങ്ങള്‍ കേരളീയര്‍ക്ക്‌ നല്‍കി തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക്‌ ന്യായമായ ആദായം നേടുന്ന ഒരു സംവിധാനം കേരളത്തില്‍ ഉണ്ടാകേണ്ടതിന്റെ പ്രാഥമികമായ ആവശ്യം പകല്‍പോലെ വ്യക്തമാണ്‌.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, സാമൂഹിക സുരക്ഷ ഉറപ്പാക്കുക, പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയവയാണ്‌ സര്‍ക്കാരിന്റെ പ്രാഥമിക ചുമതലകള്‍. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്രധാനമായി മൂന്നു മേഖലകളിലാണ്‌. ഒന്ന്‌ സ്വകാര്യ മേഖലയ്‌ക്ക്‌ ഏറ്റെടുക്കാന്‍ കഴിയാത്ത കേരളത്തിന്റെ അടിസ്ഥാന സംവിധാന വികസനം, ഇതില്‍ റോഡുകള്‍, ശുദ്ധജലവിതരണം, റെയില്‍വെ ടെലികമ്മ്യൂണിക്കേഷന്‍, ജലസേചനം, മലിനജലനിര്‍ഗമനം, ഇലക്‌ട്രിസിറ്റി തുടങ്ങിയ എല്ലാ അനുബന്ധ ഘടകസംവിധാനങ്ങളും ഉള്‍പ്പെടുന്നു. ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ തൊഴില്‍ദാന സംരംഭങ്ങളും വ്യവസായങ്ങളും വളരുവാന്‍ സാധ്യമാവുകയുള്ളൂ. 

സര്‍ക്കാരിന്റെ ചുമതല
രണ്ടാമതായി, കേരളത്തിലെ ഓരോ പൗരനും ഒരു മിനിമം ജീവിത സൗകര്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള സാമൂഹ്യ-സുരക്ഷിത പദ്ധതികള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതാണ്‌. ഇക്കാര്യത്തില്‍ കേരളത്തില്‍ കാലാകാലങ്ങളില്‍ നിലവില്‍ വന്നിട്ടുള്ള സര്‍ക്കാരുകള്‍ക്കെല്ലാം അഭിമാനകരമായ ചരിത്രമാണുള്ളത്‌. സ്ഥായിയായ ദാരിദ്ര്യം നിലനില്‍ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, കൈത്തൊഴിലുകാര്‍, പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികള്‍, ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍, ദരിദ്രരായ അഭ്യസ്‌തവിദ്യര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണമായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയുള്ള ഊര്‍ജ്ജിതപദ്ധതികള്‍ സര്‍ക്കാര്‍ ഇനിയും നടപ്പാക്കേണ്ടിയിരിക്കുന്നു. സാമൂഹ്യസുരക്ഷിതത്വത്തിന്റേതായ ശൃംഖല വികസിപ്പിക്കുകയും, സമസ്‌ത കേരളീയര്‍ക്കും സെക്യൂരിറ്റി നെറ്റ്‌ - ഉറപ്പു വരുത്തുകയും ചെയ്യേണ്ടത്‌ ഗവണ്‍മെന്റിന്റെ കടമയാണ്‌. മൂന്നാമതായി ജനങ്ങളുടെ സുരക്ഷിതത്വവും സുസ്ഥിതിയും ഉറപ്പു വരുത്തുന്ന നിയമങ്ങള്‍, അവയില്‍ കടന്നുകയറിയിട്ടുള്ള അനാവശ്യങ്ങളായ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിനുശേഷം, നടപ്പിലാക്കേണ്ടത്‌ ഗവണ്‍മെന്റിന്റെ ചുമതലയാണ്‌. കേരളവികസനമാതൃക മണലില്‍ നിര്‍മിച്ച സൗധം പോലെയാകരുത്‌. വിത്തെടുത്തുകുത്തി സദ്യ കഴിക്കുന്ന എല്ലാ നയങ്ങളും നാമുപേക്ഷിക്കണം.
ഇതുവരെ കേരളത്തിന്‌ ഉണ്ടായിട്ടുള്ള സാമ്പത്തിക പിന്നോക്കാവസ്ഥ മറികടന്നുകൊണ്ട്‌ ഒരു വമ്പിച്ച കുതിച്ചു ചാട്ടത്തിലൂടെ ലോകജനതയുടെ മുന്‍പന്തിയില്‍ എത്താനുള്ള ചരിത്രപരമായ അവസരമാണ്‌ `ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി' തുടങ്ങിയവയുടെ ആവിര്‍ഭാവത്തിലൂടെ കേരളത്തിനു വീണുകിട്ടിയിരിക്കുന്നത്‌.
കേരളത്തില്‍ ഉല്‍പതിഷ്‌ണുക്കളായ ചെറുപ്പക്കാരെ സ്വകാര്യ മേഖലയിലൂടെയുള്ള വികസനത്തിനായുള്ള ഭാവിതലമുറ എന്ന നിലയില്‍ വളര്‍ത്തിയെടുക്കണം. കേരളം `ഒരു നോളെഡ്‌ജ്‌ സൊസൈറ്റി' ആണ്‌. കാര്‍ഷികയുഗവും വ്യവസായികയുഗവും കഴിഞ്ഞ്‌ നാം ഇന്ന്‌ ഇന്‍ഫര്‍മേഷന്‍ യുഗത്തിലേക്ക്‌ കടന്നുകഴിഞ്ഞു. ഇതുവരെ കേരളത്തിന്‌ ഉണ്ടായിട്ടുള്ള സാമ്പത്തിക പിന്നോക്കാവസ്ഥ മറികടന്നുകൊണ്ട്‌ ഒരു വമ്പിച്ച കുതിച്ചു ചാട്ടത്തിലൂടെ ലോകജനതയുടെ മുന്‍പന്തിയില്‍ എത്താനുള്ള ചരിത്രപരമായ അവസരമാണ്‌ `ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി' തുടങ്ങിയവയുടെ ആവിര്‍ഭാവത്തിലൂടെ കേരളത്തിനു വീണുകിട്ടിയിരിക്കുന്നത്‌. ഈ അവസരം ഉപയോഗിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ നാം ഭാവിയിലെ കേരളജനതയോട്‌ ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും.

കാര്‍ഷിക മേഖല
കേരളത്തിലേയും ഭാരതത്തിലേയും ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ ഉത്തമതാത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള തീവ്രയത്‌നം അനുപേക്ഷണീയമാണ്‌. അതേസമയം ദീര്‍ഘകാല കാഴ്‌ച്ചപ്പാടില്‍ ഉത്‌പാദനക്ഷമതയുടെ വര്‍ധനവിലും വൈവിദ്ധ്യവത്‌കരണത്തിലും മൂല്യം വര്‍ധിപ്പിക്കുന്ന കാര്‍ഷികോത്‌പന്ന സംസ്‌കരണ വ്യവസായ മുന്നേറ്റത്തിലും കൂടി മാത്രമേ ആഗോള സമ്പദ്‌ഘടനയില്‍ നമ്മുടെ കാര്‍ഷിക മേഖലയ്‌ക്ക്‌ നിലനില്‍പ്പുള്ളുവെന്ന വസ്‌തുത നാം ഉള്‍ക്കൊള്ളേണ്ടതാണ്‌. ഉദാഹരണമായി നാളികേരത്തിന്റെ കുത്തകയുണ്ടായിരുന്ന കേരളത്തില്‍ ഉത്‌പാദനക്ഷമത വര്‍ധിച്ചില്ല. വൈവിദ്ധ്യവത്‌കരണം നടപ്പിലാക്കിയില്ല. തമിഴ്‌നാട്ടില്‍ നാളികേരത്തിന്റെ ഉത്‌പാദനക്ഷമത ഹെക്‌ടറിന്‌ 11500 ആയി വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ അത്‌ 6000 ആയി കുറഞ്ഞു. നമ്മുടേതിന്റെ ആറിരട്ടിയാണ്‌ ചൈനയിലെ തെങ്ങുകളുടെ ഉത്‌പാദനക്ഷമത. കാപ്പി, ചായ, കുരുമുളക്‌ തുടങ്ങിയ ഉത്‌പന്നങ്ങളില്‍ എന്തുകൊണ്ട്‌ നമുക്ക്‌ വിയറ്റ്‌നാം, ശ്രീലങ്ക, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളുമായി മത്സരിക്കാനാവുന്നില്ല എന്ന്‌ പഠിക്കേണ്ടതാണ്‌. മൊത്തം കാര്‍ഷികോത്‌പാദനത്തിന്റെ അഞ്ചു ശതമാനം മാത്രമാണ്‌ ഇന്ത്യയുടെ കയറ്റുമതി. നമ്മുടെ കാര്‍ഷിക വിഭവങ്ങള്‍ക്ക്‌ മത്സരക്കരുത്ത്‌ സമ്പാദിച്ച്‌ ആഗോളവിപണി പിടിച്ചെടുക്കുകയാണ്‌ ഏക രക്ഷാമാര്‍ഗ്ഗം. 

മൂലധനവും വിഭവശേഷിയും
സാമ്പത്തിക സ്വാതന്ത്ര്യം അനുവദിച്ച്‌ കേരളം മൂലധനം വന്‍തോതില്‍ ആകര്‍ഷിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ തൊഴിലില്ലായ്‌മക്ക്‌ പരിഹാര മുണ്ടാകുകയുള്ളൂ. മൂലധനനിക്ഷേപം വരുന്നതിനുവേണ്ടതായ ഏറ്റവും പ്രധാനപ്പെട്ടകാര്യം നിക്ഷേപസാഹചര്യം തന്നെയാണ്‌. കേരളത്തിലെ ഈ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള അടിസ്ഥാനപരമായ സംവിധാനങ്ങള്‍ ഉടനെ പടുത്തുയര്‍ത്തേണ്ടതുണ്ട്‌.

ആഗോളവത്‌ക്കരണത്തിന്റെ പ്രതിലോമതകളെ ചെറുക്കുകയും മറികടക്കുകയും ചെയ്യുന്നതോടൊപ്പം ആ പ്രക്രിയയുടെ ഗുണഫലങ്ങള്‍ പരമാവധി നേടിയെടുക്കാനും നാം ശ്രദ്ധിക്കണം. സര്‍ക്കാരിന്റെ വിഭവശേഷിയെപ്പറ്റി പറയുമ്പോള്‍ ഇന്‍ഫ്രാസ്‌ട്രക്‌ചറും അതുപോലുള്ള പദ്ധതി രംഗങ്ങളില്‍ കേരളത്തിന്‌ കേന്ദ്രസര്‍ക്കാരില്‍ നിന്നും അന്താരാഷ്‌ട്ര രംഗത്ത്‌ നിന്നും കഴിയുന്നിടത്തോളം വിഭവശേഷി നേടിയെടുക്കാന്‍ സാധിക്കണമെന്ന കാര്യം പ്രധാനമാണ്‌. ഇക്കാര്യത്തില്‍ കേരളം വളരെ പിന്നിലാണ്‌. കേന്ദ്രമന്ത്രാലയങ്ങള്‍ക്കും ധനസഹായ ഏജന്‍സികള്‍ക്കും പദ്ധതികള്‍ വിശദമായി പഠിച്ച്‌ യഥാസമയം സമര്‍പ്പിക്കുവാന്‍ കേരളത്തിനു കഴിയുന്നില്ല. അതിനുവേണ്ടിയുള്ള ഊര്‍ജ്ജസ്വലവും പ്രൊഫഷണലുമായ ഒരു സംവിധാനം മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളം പടുത്തുയര്‍ത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരള ഗവണ്‍മെന്റിന്റെ ഡല്‍ഹിയിലെ സമ്പര്‍ക്ക സംവിധാനം ദയനീയമാംവിധം അപര്യാപ്‌തമാണ്‌. ഭാരതത്തിന്റെ ജനസംഖ്യയില്‍ നാല്‌ ശതമാനം വസിക്കുന്ന കേരളത്തിന്‌ വിവിധ ധനസഹായ സ്ഥാപനങ്ങളില്‍ നിന്ന്‌ ദേശീയവും അന്താരാഷ്‌ട്രീയവുമായ തലങ്ങളില്‍ നിന്നു ലഭ്യമാകുന്ന വിഭവശേഷി ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി കിട്ടുന്നതിന്റെ ഒരു ശതമാനത്തില്‍ കുറവാണ്‌. ഇന്ത്യയില്‍ വിദേശനിക്ഷേപത്തിന്റെ ഒരു ശതമാനം മാത്രം കേരളത്തിനു കിട്ടുമ്പോള്‍ 19% ഗുജറാത്തും 20% മഹാരാഷ്‌ട്രയും നേടുന്നു. അതേപോലെ തന്നെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ രംഗത്ത്‌ ബില്‍ഡ്‌ ഓപ്പറേറ്റ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ഫര്‍ (ബി.ഒ.ടി.) അല്ലെങ്കില്‍ ബില്‍ഡ്‌ ആന്‍ഡ്‌ ഓപ്പറേറ്റ്‌ എന്ന അടിസ്ഥാനത്തില്‍ നിര്‍മ്മാണം നടക്കാനുള്ള സംവിധാനം മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു പ്രായോഗികമായ നിയമവ്യവസ്ഥകളും നയങ്ങളും സ്വീകരിക്കുകയാ ണെങ്കില്‍ കേരളത്തില്‍ ഹൈവേകള്‍, ചെറുകിട തുറമുഖങ്ങള്‍, വൈദ്യുതി, ഇന്‍ലാന്‍ഡ്‌ വാട്ടര്‍വേ സിസ്റ്റം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ നിക്ഷേപകര്‍ അവരുടെ സ്വന്തം മുടക്കുമുതല്‍ ഉപയോഗിച്ച്‌ അതിശീഘ്രം പദ്ധതികള്‍ പൂര്‍ത്തിയാക്കി ആ ഇന്‍ഫ്രാസ്‌ട്രക്‌ചറില്‍ നിന്ന്‌ ടോള്‍ പിരിക്കുകയും അവരുടെ മുടക്കുമുതല്‍ ക്രമേണ വീണ്ടെടുക്കുകയും ഏതാനും വര്‍ങ്ങള്‍ കഴിയുമ്പോള്‍, ഗവണ്‍മെന്റിന്‌ ആ അടിസ്ഥാന സംവിധാനങ്ങള്‍ വിട്ടുകിട്ടുകയും ചെയ്യുന്നതാണ്‌. കോയമ്പത്തൂരില്‍ നിന്ന്‌ പാലക്കാട്ടേക്കും ഡല്‍ഹിയില്‍ നിന്നും നോയിഡയിലേക്കുമുള്ള ഹൈവേകള്‍ കാണുക. ഗവണ്‍മെന്റിനു മുതല്‍മുടക്കില്ലാതെ നിര്‍മ്മിക്കപ്പെട്ട അന്താരാഷ്‌ട്ര നിലവാരത്തിലുള്ള റോഡ്‌ സംവിധാനങ്ങളാണിവ. പുതിയ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ ഘടകസംവിധാന ക്രമീകരണത്തില്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ നമ്മുടെ സാമ്പത്തിക ശേഷി അതിശീഘ്രം വിപുലീകരിക്കുവാന്‍ സാധിക്കും. ഇക്കാര്യത്തിലെല്ലാം നിസ്സംഗത്വവും നിഷേധാത്മക നിലപാടുകളും നാം പാടേ തിരുത്തേണ്ടതാണ്‌. സമീപനാളില്‍ ഇതിന്‌ മാറ്റം വന്നു തുടങ്ങിയിരിക്കുന്നു എന്നത്‌ ആശാവഹമാണ്‌.

നാം ചെയ്യേണ്ടത്‌
 • വികസനത്തിനും തൊഴിലവസര സൃഷ്‌ടിക്കും വിഘാതമായി നില്‍ക്കുന്ന എല്ലാ പ്രതിലോമതങ്ങളെയും ഈ മണ്ണില്‍ നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യണം ഉദാഹരണമായി പ്രത്യയശാസ്‌ത്രപരമായ നിലപാടുകളുടെ ഫലമായി നമ്മുടെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളില്‍പോയി പഠിക്കേണ്ടി വന്നു. കേരളത്തിലെ രക്ഷിതാക്കളുടെ അനേകായിരം കോടി രൂപ ഉപയോഗിച്ച്‌ മറ്റു സംസ്ഥാനങ്ങളില്‍ ഇന്ന്‌ ഉന്നത വിദ്യാഭ്യാസ ശൃംഖലകള്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നു. ഇവയെല്ലാം കേരളത്തില്‍ ഉണ്ടാവേണ്ടവയായിരുന്നു. ഇനിയെങ്കിലും അവ ഇവിടെ ഉണ്ടാകണം.
 • സുതാര്യവും അഴിമതിരഹിതവും സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളോട്‌ പെട്ടെന്ന്‌ പ്രതികരിക്കുന്നതുമായിരിക്കണം സര്‍ക്കാരുകള്‍. അടിസ്ഥാന സൗകര്യം, സാമൂഹ്യ സുരക്ഷ, മികച്ച ഭരണം എന്നിവയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
 • സംരംഭകരേയും നിക്ഷേപത്തേയും വികസനത്തേയും പ്രോല്‍സാഹിപ്പിക്കുന്ന ഒരു ചാലക ശക്തിയായി ഗവണ്‍മെന്റ്‌ പ്രവര്‍ത്തിക്കണം. 
 • തന്ത്രപ്രധാന മേഖലകളിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും, സ്വകാര്യമേഖലകള്‍ക്കു നടപ്പാക്കാന്‍ കഴിയാത്ത മേഖലകളിലും ശ്രദ്ധിക്കണം. സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്‌ വ്യാപകമാക്കുകയും തൊഴില്‍നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുകയും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തീവ്രമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കുകയും വേണം.
 • ലോകബാങ്ക്‌, ഏഷ്യന്‍ ഡവലപ്‌മെന്റ്‌ ബാങ്ക്‌, മറ്റ്‌ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന്‌ നമുക്ക്‌ സ്വീകാര്യമായ നിബന്ധനകള്‍ക്ക്‌ വിധേയമായി പരമാവധി വായ്‌പകള്‍ വാങ്ങി പദ്ധതികള്‍ നടപ്പാക്കണം.
 • പുതിയ സഹസ്രാബ്‌ദത്തിലെ സാമ്പത്തിക പ്രത്യയശാസ്‌ത്രം മനുഷ്യശക്തിയുടേയും സമ്പത്തിന്റേയും വിഭവങ്ങളുടേയും പരമമായ വിനിയോഗത്തില്‍ക്കൂടി പുതിയ സമ്പത്ത്‌ ഉത്‌പാദിപ്പിക്കുകയും, ആ സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണത്തില്‍ക്കൂടി ജനസാമാന്യത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥയാണ്‌. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ കൊണ്ട്‌ തൊഴിലില്ലായ്‌മ എന്ന പ്രശ്‌നം തുടച്ചുമാറ്റത്തക്കവണ്ണം നാല്‍പ്പതോ അമ്പതോ ലക്ഷം തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്‌ടിക്കുവാന്‍ സാധിക്കണം. കേരളത്തിന്‌ സിംഗപ്പൂരിന്റേയോ ഹോങ്കോങ്ങിന്റേയോ നിലവാരത്തില്‍ സാമ്പത്തിക രംഗത്ത്‌ മുന്നേറുവാന്‍ കഴിയണം.
 • ഭരണവും ഭരണമില്ലായ്‌മയും തമ്മില്‍ വലിയ അന്തരമുണ്ട്‌. കാര്യശേഷിയുള്ള ഭരണത്തിനു മുമ്പില്‍ കടമ്പകള്‍ മാറിനില്‍ക്കും. തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും ഏറ്റവും വേഗത്തിലാകണം. ഓരോ നിമിഷവും വിലപ്പെട്ട ഈ ആധുനിക യുഗത്തില്‍ ഭരണവും വികസനപ്രക്രിയയും നിക്ഷേപസമാഹരണവും, പദ്ധതി നിര്‍വ്വഹണവുമെല്ലാം കാര്യക്ഷമവും ജനക്ഷേമകരവുമാക്കാന്‍ അസാമാന്യമായ പ്രതിഭയും ഭാവനയും ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും കേരളത്തിലെ ഭരണാധികാരികള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്‌.
 • ദൈനംദിന വിഭാഗീയ രാഷ്‌ട്രീയത്തിന്റെ സ്ഥാനത്ത്‌ നമുക്ക്‌ വേണ്ടത്‌ സംസ്ഥാനത്തെ സ്‌നേഹിക്കുകയും വികസനോന്മുഖ രാഷ്‌ട്രീയത്തെ മുഖമുദ്രയാക്കി ജനക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണപക്ഷവും പ്രതിപക്ഷവുമാണ്‌. വിലകുറഞ്ഞ രാഷ്‌ട്രീയ പാഴ്‌വേലകളില്‍ നിന്ന്‌ മുക്തമായി ക്രിയാത്മക രാഷ്‌ട്രീയം ഇവിടെ ഉരുത്തിരിയണം.
കേരളത്തിലെ ജനങ്ങള്‍ കാലഘട്ടത്തിനനുസൃതമായ നവീനവും സമഗ്രവുമായ ഒരു വികസനതന്ത്രത്തെ സ്വപ്‌നം കാണുന്നു. അതിന്റെ പിന്നില്‍ നിശബ്‌ദഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ട്‌. ഇത്തരം ഒരു വികസന തന്ത്രം നടപ്പിലാക്കേണ്ടത്‌ ഈ രാജ്യത്തെ ഭരണാധികാരികളുടേയും രാഷ്‌ട്രീയ-ട്രേഡു യൂണിയന്‍ സംഘടനകളുടേയും, ബുദ്ധിജീവികളുടേയും ജനാഭിപ്രായം സ്വരൂപിക്കുന്ന ശക്തികളുടേയും മാദ്ധ്യമങ്ങളുടേയും സര്‍വ്വോപരി സമസ്‌ത കേരളീയരുടേയും ചരിത്രപരമായ ദൗത്യമാണ്‌. വിപ്ലവാത്മകമായ ഈ പുതിയ പരിവര്‍ത്തനത്തിനും കേരളീയര്‍ അര്‍ഹിക്കുന്ന നവകേരള സൃഷ്‌ടിക്കുമായി ഇന്നത്തെ യുവതലമുറയുള്‍പ്പെടെ കേരളത്തിന്റെ പ്രബുദ്ധജനതയുടെ സര്‍ഗ്ഗശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്‌.

10 comments:

 1. എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍!
  എന്റെ കേരളവികസനവുമായി ബന്ധപ്പെട്ട സങ്കല്പങ്ങളും ചിന്തകളും ഒപ്പം മറ്റു വിശേഷങ്ങളും നിങ്ങളുമായി പങ്കുവെയ്ക്കുവാന്‍ ഞാനും ബ്ലോഗ് ഉലകത്തിലേയ്ക്ക്...
  --

  ReplyDelete
 2. എന്നെപ്പോലുള്ള പുതുതലമുറക്കാര്‍ക്ക്‌ താങ്കളെപ്പറ്റി പറഞ്ഞറിവേയുള്ളു. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തായിരുന്നു താങ്കളുടെ ഭരണകാലം. എന്തായാലും സ്വതന്ത്ര ആശയവിനിമയ മേഖലയായ ബ്ലോഗിലേക്ക്‌ കടന്നുവരുന്ന കൃഷ്‌ണകുമാര്‍ സാറിന്‌ സ്വാഗതം. താങ്കള്‍ ഇവിടെ നിരത്തിയിരിക്കുന്ന ആശയങ്ങള്‍ പലതും ശക്തമാണെന്ന കാര്യം പറയാതെ വയ്യ. പക്ഷെ, ഇതൊക്കെ ആരു നടപ്പാക്കുമെന്നതാമ്‌ പ്രശ്‌നം. ആശംസകള്‍

  ReplyDelete
 3. താങ്കളെ മലയാളം ബ്ലോഗുകളില്‍ മുന്നേറ്റത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു. ട്വിറ്റര്‍ എന്ന മൈക്രോബ്ലോഗിംഗും, ഫെയിസ്‌ബുക്കും താങ്കള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകും എന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു. അവയുടെ പ്രൊഫൈല്‍ ലിങ്കുകള്‍ സൈഡ്‌ബാറില്‍ ലഭ്യമാക്കുക.

  ReplyDelete
 4. നല്ല തുടക്കം.

  വിഷുദിനാശംസകള്‍!

  ReplyDelete
 5. Great beginning and thought provoking. A team should be formed as think tank and take the ideas forward.
  Great reading the blog.

  K. KUNHIKRISHNAN

  ReplyDelete
 6. വിഷുദിനാശംസകള്‍!

  ReplyDelete
 7. താങ്കള്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയാന്‍ ഒക്കത്തില്ല, ദിശാബോധം ഉള്ള ഒരു കൂട്ടം ഭരണാധികാരികള്‍ ഇല്ലങ്കില്‍ . അതുതന്നെയാണ് കേരളത്തിന്റെ ശാപവും . നിങ്ങളുടെ പോലെതന്നെ ഒരു നല്ല നാളേക്കായുള്ള സ്വപ്‌നങ്ങള്‍, ആശയങ്ങള്‍ ഒക്കെ ഓരോ മലയാളിക്കും ഉണ്ട് . അതൊന്നും എക്സിക്കൂട്ടു ചെയ്യാന്‍ കഴിവില്ലാത്ത ഒരു മാനേജ് മെന്റു ആയിപ്പോയി നമ്മളുടെത് . ഇനിയുള്ള കാലത്ത് എന്ത് ചെയാന്‍ പറ്റും എന്നല്ല മറിച്ചു ഈ കഴിഞ്ഞ കാലം കൊണ്ടു നാം എന്ത് ചെയ്തു എന്നതില്‍ എല്ലാം വ്യക്തമാണ്‌

  ReplyDelete
 8. Speech after long silence; it is right....
  We like it..
  The bureaucracy unfriendly......So...!!!!!

  ReplyDelete
 9. നന്നായി. വിഷുദിനാശംസകൾ.
  നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം.അതിനൊക്കെ മുന്നിൽ നിൽക്കാൻ താങ്കൾക്ക് കഴിയും.

  ReplyDelete
 10. സജിത്ത്‌, ഫാര്‍മര്‍, ഹരിയണ്ണന്‍, കുഞ്ഞി, ഉറുമ്പ്‌, അനൂപ്‌, ചെക്കോടന്‍, രാമനുണ്ണി... എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി.
  അനൂപ്‌, എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷ എനിക്കുണ്ട്‌. നിങ്ങളുമായി ഈ സ്വപ്‌നങ്ങള്‍ പങ്കുവയക്കുന്നതും അതിനാണ്‌. ഓരോ മലയാളിയുടേയും സ്വപ്‌നങ്ങള്‍ സഫലീകരിക്കപ്പെടാനാണ്‌ നാം ശ്രമിക്കേണ്ടത്‌. ഒത്തു ചേര്‍ന്നാല്‍ നടക്കാത്തതായി എന്തുണ്ട്‌?

  ReplyDelete