Subscribe Posts | Comments

Thursday, April 22, 2010

എന്റെ കൊച്ചി - അഭിലാഷങ്ങളുടെ സ്‌മാരകം

മറൈന്‍ഡ്രൈവില്‍ നില്‍ക്കുമ്പോള്‍ ഹൃദയം ഓളം തല്ലും. കായലില്‍ നിന്ന്‌ ഉയര്‍ന്നുവന്ന കൗതുകം പോലെയാണ്‌ എനിക്ക്‌ ഈ തീരം. കാലം ഇങ്ങനെയൊരു ആശയത്തിന്റെ മഴുവെറിഞ്ഞത്‌ എന്റെ മനസ്സിലേക്കായിരുന്നുവെന്നത്‌ നിയോഗം? അതിലുപരി അഭിമാനം.

കായല്‍ നികത്തി മറൈന്‍ഡ്രൈവ്‌ എന്ന പുതിയ സങ്കല്‌പം മുന്നോട്ട്‌ വയ്‌ക്കുമ്പോള്‍ അത്‌ പില്‍ക്കാലം കൊച്ചിയുടെ കിരീടത്തിലെ ഭംഗിയുള്ള രത്‌നമാകുമെന്നൊന്നും കരുതിയില്ല. കടലുപോലെ ഇരമ്പിയ യൗവനത്തിന്റെ കാല്‌പനികസ്വപ്‌നങ്ങളിലൊന്ന്‌. പടിഞ്ഞാറന്‍ നാടുകഴില്‍ മാത്രം കണ്ടു പരിചയിച്ച അനുഭവത്തെ മലയാളിക്കു പരിചയപ്പെടുത്താനുള്ള ശ്രമം. പക്ഷേ നേരിടേണ്ടിവന്നത്‌ ചുഴികളും മലരികളും.


മറൈന്‍ഡ്രൈവ്
കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്ന മഹാബലറാവുവിന്റെ കത്ത്‌ കൈകളിലിരുന്ന്‌ കൊഞ്ഞനം കുത്തിയത്‌ ഇന്നലെയെന്ന പോലെ ഓര്‍മ്മയില്‍ തെളിയുന്നു. കായല്‍ നികത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിന്റെ തലേന്നാണ്‌ ആ കത്ത്‌ കളക്‌ടറായിരുന്ന എന്റെ ഓഫീസിലെത്തിയത്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ കൊച്ചീ മഹാരാജാവും പോര്‍ട്ട്‌ ട്രസ്റ്റും ചേര്‍ന്നുണ്ടാക്കിയ കരാറനുസരിച്ച്‌ കായലിന്റെ അടിത്തട്ടിന്റെ അവകാശം പോര്‍ട്ട്‌ ട്രസ്റ്റിനാണെന്നും അതുകൊണ്ട്‌ കായല്‍ നികത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി ബാരിസ്റ്റര്‍ കുര്യന്‍ വഴി അയച്ച വക്കീല്‍ നോട്ടീസായിരുന്നു അത്‌. മറൈന്‍ ഡ്രൈവെന്ന സ്വപ്‌നം പിറക്കാതെ പൊലിയാന്‍ പോകുന്നു. ആ വിചാരം എന്നെ ഉന്മാദിയാക്കി. എവിടെ നിന്നോ കിട്ടിയ ഊര്‍ജ്ജത്തില്‍ ആ വക്കീല്‍ നോട്ടീസ്‌ വെറും കടലാസായി. നോ ആക്ഷന്‍ എന്ന ഒറ്റവരിയില്‍ അതിനുള്ള മറുപടിയെഴുതി. കായല്‍ നികന്നു. മറൈന്‍ഡ്രൈവ്‌ പിറന്നു.

മറൈന്‍ ഡ്രൈവെന്ന സ്വപ്‌നം പിറക്കാതെ പൊലിയാന്‍ പോകുന്നു. ആ വിചാരം എന്നെ ഉന്മാദിയാക്കി. എവിടെ നിന്നോ കിട്ടിയ ഊര്‍ജ്ജത്തില്‍ ആ വക്കീല്‍ നോട്ടീസ്‌ വെറും കടലാസായി. നോ ആക്ഷന്‍ എന്ന ഒറ്റവരിയില്‍ അതിനുള്ള മറുപടിയെഴുതി. കായല്‍ നികന്നു. മറൈന്‍ഡ്രൈവ്‌ പിറന്നു.
ഇങ്ങനെ കൊച്ചിയുടെ അഭിമാനസ്‌തംഭങ്ങളിലെല്ലാം വിരല്‍പ്പാടു തീര്‍ക്കാനായതാണ്‌ എന്റെ ജീവിതത്തിന്റെ ധന്യത. കര്‍മ്മം കൊണ്ടാണ്‌ ഞാന്‍ ഈ നഗരത്തിന്റെ പുത്രനായത്‌. പക്ഷേ അത്‌ പിറന്ന നാടിനോടുള്ള രക്തബന്ധത്തോളും തീവ്രമാണുതാനും. പതിനേഴു വര്‍ഷങ്ങള്‍ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ പതിമൂന്ന്‌ വര്‍ഷവും ഞാന്‍ കൊച്ചിയെ തൊട്ടു നിന്നു. ഇന്ന്‌ കൊച്ചിയിലൂടെ യാത്ര ചെയ്യുമ്പോള്‍ പിന്നോട്ടോടി മറയുന്നത്‌ എത്രയെത്ര എടുപ്പുകളാണ്‌. അതിനൊപ്പം ഓര്‍മ്മകളും പിറകിലേക്ക്‌ യാത്രയാകും. ആകാശത്തോളം വളര്‍ന്നിരിക്കുന്നു എന്റെ പഴയ കൊച്ചി. ആദ്യം കൊച്ചിയിലെത്തുമ്പോള്‍ എന്റെ കയ്യില്‍ ടെന്നീസ്‌ റാക്കറ്റുണ്ടായിരുന്നു. തിരുവനന്തപുരം ഇന്റര്‍ മീഡിയറ്റ്‌ കോളേജില്‍ പഠിക്കുമ്പോള്‍ സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാണ്‌ ഞാന്‍ രാമവര്‍മ്മ ക്ലബ്ബിലെത്തിയത്‌. അച്ഛന്‍ കേരളാ ലോ റിപ്പോര്‍ട്‌സിന്റെ എഡിറ്ററായി അന്ന്‌ ചിറ്റൂര്‍ റോഡില്‍ താമസിക്കുന്നുണ്ട്‌. ഇടയ്‌ക്കിടയ്‌ക്ക്‌ അച്ഛനെ കാണാനായി വരാന്‍ തുടങ്ങിയതോടെ മഞ്ഞപ്പന്തുകളോടെന്ന പോലെ കൊച്ചിയോടും എനിക്ക്‌ പ്രണയമായി.

കൊച്ചിയില്‍ ആദ്യം
ഐ.എ.എസ്‌ കിട്ടി ആദ്യനിയമനം കൊച്ചിയിലായത്‌ വെറും യാദൃശ്ചികതയ്‌ക്കുമപ്പുറം നിയോഗം പോലെയായിരുന്നു. ഫോര്‍ട്ടുകൊച്ചി സബ്‌കളക്‌ടറായി ഇങ്ങോട്ടു വരുമ്പോള്‍ ഇരുപത്തിനാലു വയസ്സ്‌. പഴയ ഡച്ച്‌ കമാണ്ടന്റിന്റെ വീടായിരുന്നു ഔദ്യോഗിക വസതി. നൂറടി അകലെ കപ്പലുകള്‍ പോകുന്ന പാത. നിറയെ ചീനവലകള്‍. ബ്രിട്ടീഷ്‌ കുടുംബങ്ങള്‍ മുഴുവനായും ഒഴിഞ്ഞുപോയിട്ടുണ്ടായിരുന്നില്ല. അവര്‍ക്കൊപ്പം രാവിലെകളില്‍ കൊച്ചിന്‍ ക്ലബ്ബില്‍ ടെന്നീസ്‌ കളിക്കും. ഓഫീസിലേക്ക്‌ നടന്നുപോകും.

പാടശേഖരങ്ങളിലെ വികസന പദ്ധതിയ്‌ക്കായിരുന്നു കൊച്ചിയില്‍ ഞാന്‍ ആദ്യം വിത്തെറിഞ്ഞത്‌. ശാന്തമായിരുന്നു ആ നാളുകള്‍. പിന്നെ ഫൈനാന്‍സ്‌ ഇന്‍സ്‌പെക്ഷന്‍ വിങ്ങിലേക്ക്‌ മാറ്റമായി. മധ്യമേഖലയുടെ ചുമതലയായിരുന്നു എനിക്ക്‌. പി.ഡബ്ലിയു.ഡി കോണ്‍ട്രാക്‌ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്‌ ആയിടക്കാണ്‌. രണ്ടുപേരുമായി വന്ന്‌ രാവും പകലും അദ്ധ്വാനിച്ച്‌ ബാനര്‍ജി റോഡ്‌ നന്നാക്കി സമരത്തെ വെല്ലുവിളിക്കുമ്പോഴും തുണയായത്‌ ചോരത്തിളപ്പുതന്നെ. പ്രതീകാത്മക പ്രവൃത്തിയായിരുന്നു അത്‌. പൈപ്പ്‌ രാമന്‍ എന്ന കോണ്‍ട്രാക്‌ടറായിരുന്നു അന്ന്‌ കൂടെ. എം.എം.ലോറന്‍സിനെപ്പോലുള്ള നേതാക്കള്‍ ഞങ്ങളുടെ ശ്രമത്തെ പിന്തുണച്ചു.

1969ല്‍ കളക്‌ടറായി ഉത്തരവുകിട്ടി. കോഴിക്കോടായിരുന്നു നിയമനം. കൊച്ചിയില്‍ കിട്ടിയാല്‍ നന്നായിരുന്നു എന്ന ആഗ്രഹം ആദ്യം അവതരിപ്പിച്ചത്‌ മന്ത്രിയായിരുന്ന കെ.ആര്‍. ഗൗരിയമ്മയോടായിരുന്നു. ഗൗരിയമ്മ അത്‌ മുഖ്യമന്ത്രി ഇ.എം.എസിനോടു പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. അന്ന്‌ കളക്‌ടര്‍ക്ക്‌ റവന്യൂബോര്‍ഡ്‌ അംഗത്തിന്റെ പദവിയായിരുന്നു. രാവുണ്ണിമേനോനെപ്പോലുള്ള പ്രഗത്ഭരായിരുന്നു കൊച്ചിയില്‍ എനിക്ക്‌ മുമ്പ്‌ കളക്‌ടറായിരുന്നത്‌. ഇതൊന്നും എന്റെ യൗവനത്തെ പിടിച്ചുകുലുക്കിയില്ല.

വിശാലകൊച്ചി
കളക്‌ടറുടെ ഔദ്യോഗികവസതി അന്ന്‌ പൂര്‍ത്തിയായതേയുണ്ടായിരുന്നുള്ളൂ. നാരായണസ്വാമിയായിരുന്നു ആദ്യ താമസക്കാരന്‍. ഞാന്‍ രണ്ടാമത്തെയാളും. കളക്‌ടര്‍മാരുടെ പതിവുജോലികള്‍ക്കൊപ്പം പുതുതായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചത്‌. ആദ്യമായി ഭുപരിഷ്‌കരണം ഏറ്റെടുത്തു. തൊടുപുഴയാറിന്റെ തീരത്ത്‌ ഒന്നാമത്തെ പട്ടയവിതരണമേള. അപ്പോഴേക്കും സര്‍ക്കാര്‍ മാറി. എന്നെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നു. പക്ഷേ മുഖ്യമന്ത്രി അച്യുതമേനോന്റെ പിന്തുണയില്‍ എതിര്‍പ്പുകള്‍ ഇല്ലാതായി. 1969 മാര്‍ച്ച്‌ എട്ടാം തീയതി ആലുവയില്‍ ഇരുപത്തിഅയ്യായിരം പേര്‍ക്ക്‌ പട്ടയം വിതരണം ചെയ്യുന്ന 'രണ്ടാം ശിവരാത്രി' സംഘടിപ്പിച്ചു. ഭൂവുടമയും കുടികിടപ്പുകാരനും ചേര്‍ന്നുള്ള ഉഭയസമ്മതപത്രം അവതരിപ്പിക്കപ്പെട്ടത്‌ അവിടെയാണ്‌. അതിനുശേഷമായിരുന്നു കുടുംബാസൂത്രണയജ്ഞം. കൊച്ചിയെ ചരിത്രത്തിലേക്ക്‌ കൈപിടിച്ചുനടത്തിയ ജനകീയദൗത്യം. പ്രീമിയര്‍ടയേഴ്‌സിലായിരുന്നു ആദ്യപരീക്ഷണം. 850 പേരെത്തി. അമ്പതുരൂപയാണ്‌ അന്ന്‌ ക്യാമ്പിനെത്തിയവര്‍ക്ക്‌ നല്‍കിയത്‌. ജനപ്പെരുപ്പ പ്രതിരോധയജ്ഞത്തിന്‌ പ്രചോദനമായത്‌ ആദ്യക്യാമ്പിന്റെ വിജയമായിരുന്നു. ടൗണ്‍ഹാഴിലൊരുക്കിയ നാല്‍പ്പതു ബൂത്തുകളിലേക്ക്‌ ജനമൊഴുകി. കുടുംബാസൂത്രണം നടത്തുന്നവര്‍ക്ക്‌ ബക്കറ്റ്‌ നല്‍കുന്ന പതിവ്‌ അന്നാണ്‌ തുടങ്ങിയത്‌. അരിയിട്ടുകൊണ്ടുപോകാനുള്ള പാത്രം എന്ന നിലയിലായിരുന്നു ബക്കറ്റ്‌ ഉപഹാരമായി തിരഞ്ഞെടുത്തത്‌. വിവിധനിറങ്ങളിലുള്ള ബക്കറ്റുമായി ടൗണ്‍ഹാളില്‍ നിന്ന്‌ തെരുവിലൂടെ നടന്നുപോകുന്നവരുടെ ദൃശ്യമാണ്‌ കൊച്ചിയെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകളിലൊന്ന്‌. കേരളത്തിലെ ലക്ഷം വീട്‌ പദ്ധതിയുടെ ഉദ്‌ഘാടനം ഇടപ്പള്ളിയിലെ കൂനംതൈയില്‍ നടന്നതിനു പിന്നിലും തോല്‍ക്കാന്‍ കൂട്ടാക്കാത്ത മനസ്സായിരുന്നു. കൊച്ചിന്‍ ടൗണ്‍ പ്ലാനിങ്ങ്‌ ട്രസ്റ്റ്‌ അന്ന്‌ വെറുമൊരു കടലാസ്‌ സമിതിയായിരുന്നു. അതിന്‌ ജീവന്‍ കൊടുക്കാനുള്ള ശ്രമമാണ്‌ ജി.സി.ഡി.എയുടെ പിറവിക്ക്‌ വഴിതെളിച്ചത്‌. മുന്നൂറ്റിയമ്പതുപേജുള്ള റിപ്പോര്‍ട്ട്‌ ഉറക്കമിളച്ചിരുന്നാണ്‌ എഴുതിയുണ്ടാക്കിയത്‌. അതിലാണ്‌ വിശാലകൊച്ചി എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്‌. പിന്നീട്‌ കൊച്ചി മാസ്റ്റര്‍പ്ലാനുണ്ടാക്കാന്‍ തുണയായതും ഈ റിപ്പോര്‍ട്ട്‌ തന്നെ. പനമ്പള്ളിനഗറിലെ ചതുപ്പു നിലങ്ങള്‍ നികത്തി രണ്ടായിരം രൂപയ്‌ക്ക്‌ വില്‍ക്കാന്‍വച്ചപ്പോള്‍ ആര്‍ക്കു വേണ്ടായിരുന്നു. പതിനെണ്ണായിരം രൂപയ്‌ക്ക്‌ ഫ്‌ളാറ്റുകള്‍ ഉണ്ടാക്കിക്കൊടുത്തപ്പോഴും ആവശ്യക്കാരുണ്ടായിരുന്നില്ല. ഇന്ന്‌ ആ വഴികളിലൂടെ പോകുമ്പോള്‍ പഴയകഥകള്‍ ചിരിയാണ്‌ സമ്മാനിക്കുക.

പനമ്പള്ളിനഗറിലെ ചതുപ്പു നിലങ്ങള്‍ നികത്തി രണ്ടായിരം രൂപയ്‌ക്ക്‌ വില്‍ക്കാന്‍വച്ചപ്പോള്‍ ആര്‍ക്കു വേണ്ടായിരുന്നു. പതിനെണ്ണായിരം രൂപയ്‌ക്ക്‌ ഫ്‌ളാറ്റുകള്‍ ഉണ്ടാക്കിക്കൊടുത്തപ്പോഴും ആവശ്യക്കാരുണ്ടായിരുന്നില്ല. ഇന്ന്‌ ആ വഴികളിലൂടെ പോകുമ്പോള്‍ പഴയകഥകള്‍ ചിരിയാണ്‌ സമ്മാനിക്കുക.
പ്രണയത്തിന്റെ തണുപ്പും ഈ നഗരം തന്നു. ഉഷയെ ആദ്യമായി കാണുന്നത്‌ സെന്റ്‌ തെരേസാസില്‍ കോളേജ്‌ ഡേക്ക്‌ ചെന്നപ്പോഴാണ്‌. അവിടത്തെ നാടകസംഘത്തില്‍ അംഗമായിരുന്നു ഉഷ. അത്‌ വിവാഹജീവിതത്തിന്റെ അരങ്ങിലേക്കുള്ള വഴിതുറന്നു. കല്യാണത്തിന്റെ തലേന്നുരാത്രിയിലും ആലുവയില്‍ ഔദ്യോഗികപരിപാടിയിലായിരുന്നു ഞാന്‍.

1913 പേജുകളുള്ള കൊച്ചിമാസ്റ്റര്‍ പ്ലാനിന്റെ അവതാരികയുടെ അവസാനഖണ്‌ഡികയാണ്‌ മനസ്സില്‍?. ഈ രൂപരേഖയേപ്പറ്റി യാതൊന്നും ഞാന്‍ ആവകാശപ്പെടുന്നില്ല. ഇപ്രകാരം ചെയ്യണമെന്ന്‌ ആരും ആവശ്യപ്പെട്ടിട്ടില്ല. ഈ ജില്ലയുടെ വികസനത്തിനുള്ള ഉല്‍ക്കടവും തീക്ഷ്‌ണവുമായ അഭിലാഷത്തില്‍ നിന്ന്‌ ഉടലെടുത്ത ഒരു സ്‌നേഹോപഹാരമെന്ന നിലയില്‍ എറണാകുളം ജില്ലയുടെ വികസനചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായ ഈ അടിസ്ഥാനരേഖ കേരളസര്‍ക്കാരിന്റേയും ഈ ജില്ലയിലെ ഉല്‌പതിഷ്‌ണുക്കളും ധിഷണാശാലികളുമായ പൊതുപ്രവര്‍ത്തകരുടേയും അദ്ധ്വാനശീലരും രാജ്യസ്‌നേഹികളുമായ പൊതുജനങ്ങളുടേയും മുമ്പില്‍ സവിനയം സമര്‍പ്പിച്ചുകൊള്ളുന്നു.അതെ..അഭിലാഷങ്ങളുടെ സ്‌മാരകമാണ്‌ എനിക്ക്‌ കൊച്ചി... സഫലമായവയുടേയും കടലെടുത്തവയുടേയും..

(മാതൃഭൂമി ദിനപ്പത്രം നഗരം സപ്ലിമെന്റ്‌ കൊച്ചി എഡിഷനില്‍ ഏപ്രില്‍ അഞ്ചിനു പ്രസിദ്ധീകരിച്ചത്‌. എന്നോട്‌ സംസാരിച്ച്‌ ഈ ലേഖനം തയ്യാറാക്കിയ ശരത്‌ കൃഷ്‌ണയ്‌ക്കു നന്ദി.)

8 comments:

 1. കൊച്ചി. മറൈന്‍ ഡ്രൈവ്‌, വിശാല കൊച്ചി... നൊസ്റ്റാള്‍ജിയകള്‍ അവസാനിക്കുന്നില്ല. കൊച്ചിയില്‍ കളക്ടറായിരുന്ന കാലത്തെപ്പറ്റിയുള്ള ഓര്‍മകളാണ്‌ എന്റെ രണ്ടാമത്തെ പോസ്‌റ്റ്‌.

  ReplyDelete
 2. എഴുത്തിന്റെ വായനാസുഖത്തിന്‌ ശരത്‌ കൃഷ്‌ണയ്‌ക്കാണ്‌ ക്രെഡിറ്റെങ്കിലും നവീന കൊച്ചിയുടെ സൃഷ്ടാവെന്ന നിലയില്‍ വലിയൊരു സൗന്ദര്യസങ്കല്‍പത്തിന്റെ ക്രെഡിറ്റ്‌ താങ്കള്‍ക്കു മാത്രം....

  ReplyDelete
 3. എന്നേപ്പോലുള്ള പുതിയ തലമുറയിലെ പലര്‍ക്കും ഇതൊരു പുതിയ അറിവാണ്‌. കൊച്ചിയില്‍ ഇപ്പോഴും സായാഹ്നം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യം മറൈന്‍ ഡ്രൈവും മഴവില്‍ പാലുവുമൊക്കെയാണ്‌. അതിന്റെ നിര്‍മാണത്തിനു പിന്നില്‍ താങ്കളാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ഇക്കാര്യങ്ങള്‍ പങ്കു വച്ചതിനു നന്ദി.

  ReplyDelete
 4. കൃഷ്‌ണകുമാര്‍സര്‍ അന്നു കാണിച്ച ഇച്ഛാശക്തിമൂലം കൊച്ചിക്ക്‌ മറൈന്‍ ഡ്രൈവ്‌ എന്ന സ്വപ്‌നസമാനമായ കായല്‍ത്തീരം ലഭിച്ചു. അത്തരമൊരു ഇച്ഛാശക്തി ഇന്നു പല ഭരണാധികാരികളും കാണിക്കാത്തതാണ്‌ കേരളത്തിന്റെ വികസനത്തിന്റെ പ്രധാന തടസ്സം. ഒരു പക്ഷെ, ഇന്നായിരുന്നു അങ്ങ്‌ കൊച്ചി കളക്ടറായിരുന്നതെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നുവെന്നു തോന്നുന്നില്ല.

  ReplyDelete
 5. സത്യത്തില്‍ താങ്കള്‍ രാജി വച്ച്‌ രാഷ്ട്രീയത്തില്‍ ചേക്കേറിയിരുന്നില്ലെങ്കില്‍ ഇതുപോലെ അനവധി നവീന പദ്ധതികള്‍ കേരളത്തിനു ലഭിക്കുമായിരുന്നുവെന്നു തോന്നുന്നു. ഒരുപക്ഷെ, ആ കേന്ദ്രമന്ത്രിസ്ഥാനത്തിലൂടെ കേരളത്തിനു നഷ്ടമായത്‌ നല്ലൊരു അഡിമിനിസ്‌ട്രേറ്റീവ്‌ ഓഫീസറെ ആയിരുന്നില്ലേ...

  ReplyDelete
 6. മറൈന്‍ ഡ്രൈവ് ഭാവിയില്‍
  കൃഷ്ണകുമാര്‍ ഡ്രൈവ്
  എന്നറിയപ്പെടട്ടെ എന്നാശിക്കുന്നു.
  ഡോ.ബീന ശ്രദ്ധിക്കുമെന്നു കരുതുന്നു

  ReplyDelete
 7. തകിടിമുത്തന്‍, അനന്തന്‍, സജിത്ത്‌, അക്ഷരപ്പൊട്ടന്‍, ഡോ. കാനം... എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 8. കൊച്ചിയെക്കുറിച്ചുള്ള അധികമാരും അറിയാത്ത യാഥാര്‍ത്യംഗള്‍ പങ്കുവച്ചതിനു സാറിനു എന്റെ പ്രത്യേക നന്ദി .. സാറിന്റെ പ്രൊഫഷണല്‍ വിദ്യാഭാസത്തിനു തുടക്കം കുറിച്ചു ഒന്നാം റാങ്ങിന്റെ തിലകം ചാര്‍ത്തിയ സീ ഈ ടീ യെക്കുറിച്ചും ഐ എ എസ് കിട്ടിയ നാള്‍ വഴികളെക്കുറിച്ചും എഴുതിയാല്‍ പുതു തലമുറക്ക്‌ ഒരു പ്രചോദനം തന്നെ ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല .. അത്തരം പോസ്റ്റുകള്‍ ഭാവിയില്‍ പ്രതീക്ഷിക്കുന്നു ..

  ReplyDelete