Subscribe Posts | Comments

Friday, May 21, 2010

വികസനസ്വപ്‌നങ്ങളെ നട്ടുവളര്‍ത്തിയ യുവപ്രധാനമന്ത്രി

1985 സെപ്‌റ്റംബര്‍. ഊട്ടിയില്‍ എം.പിമാര്‍ക്കു വേണ്ടിയുള്ള പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഞാന്‍. സുഹൃത്തായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഡല്‍ഹിയില്‍ നിന്ന്‌ ഒരു കോള്‍ വരുന്നത്‌.
"രാജീവ്‌ജിക്ക്‌ താങ്കളുമായി സംസാരിക്കണമെന്ന്‌."
പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ സെക്രട്ടറി വി.ജോര്‍ജായിരുന്നു മറു തലയ്‌ക്കല്‍. അദ്ദേഹം രാജീവ്‌ജിക്ക്‌ ഫോണ്‍ കൈമാറി. സരസഭാവത്തില്‍ അദ്ദേഹം ചോദിച്ചു.
"കൃഷ്‌ണ, ഊട്ടിയില്‍ എന്തെടുക്കുകയാണ്‌?"
അദ്ദേഹം എന്നെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്‌ 'കൃഷ്‌ണ' എന്നാണ്‌. പരിശീലന പരിപാടിയിലാണെന്നു ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു:
"കൃഷ്‌ണയെ ഞാനെന്റെ മന്ത്രിസഭയിലെടുക്കാന്‍ തീരുമാനിച്ചു. ഇന്നു തന്നെ ഡല്‍ഹിയിലേക്കു തിരിക്കുക. അതിനുള്ള പ്രത്യേക ക്രമീകരണം ചെയ്‌തിട്ടുണ്ട്‌. നാളെ കാലത്ത്‌ രാഷ്‌ട്രപതിഭവനിലെത്തുക. തല്‍ക്കാലം ഇക്കാര്യം ആരോടും പറയേണ്ട."
എന്നെ ഞെട്ടിച്ചുകൊണ്ട്‌ കൈക്കൊണ്ട ആ തീരുമാനം രഹസ്യമാക്കി വയ്‌ക്കാന്‍ രാജീവ്‌ഗാന്ധി ആവശ്യപ്പെട്ടതിന്റെ പൊരുള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ എനിക്കു മനസ്സിലായത്‌.രാജീവ്‌ ഗാന്ധിയും ഞാനും
എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന, ഇന്ത്യയുടെ ഭാവിയെപ്പറ്റി വിപ്ലവകരമായ സ്വപ്‌നങ്ങള്‍ മനസ്സില്‍ കാത്തുസൂക്ഷിക്കുകയും അതിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്‌ത രാജീവ്‌ഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചിട്ട്‌ ഈ മെയ്‌ 21ന്‌ 19 വര്‍ഷം പിന്നിടുകയാണ്‌. അദ്ദേഹത്തിന്റെ ആദ്യത്തെ മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കാനായ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജീവ്‌ജിയുടെ വികസനകാഴ്‌ചപ്പാടുകളെപ്പറ്റിയും അദ്ദേഹത്തോടൊപ്പമുള്ള ചില അനുഭവങ്ങളെപ്പറ്റിയും ഇവിടെ ചിലതു കുറിക്കുന്നു.
1982ല്‍ രാജീവ്‌ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരിക്കെയാണ്‌ ഞാനും അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്‌ച. എംപ്ലോയീസ്‌ കോണ്‍കോര്‍ഡ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ സോവ്യറ്റ്‌ യൂണിയന്‍ തുടങ്ങിയ സംഘടനകളിലും കൊല്ലം ജില്ലയില്‍ കശുവണ്ടി തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു ഞാനപ്പോള്‍. രണ്ടു വര്‍ഷത്തിനുശേഷം, 1984ല്‍ കൊല്ലത്ത്‌ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി. അവസാനഘട്ടത്തിലാണ്‌ എന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കപ്പെട്ടത്‌. ലീഡര്‍ കെ.കരുണാകരനും അന്ന്‌ കെ.പി.സി.സി. പ്രസിഡന്റായിരുന്ന സി.വി.പദ്‌മരാജനും എനിക്കുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ മടികൂടാതെ രാജീവ്‌ജി അത്‌ അംഗീകരിച്ചു. അതേവരെ കേന്ദ്ര മന്ത്രികൂടിയായിരുന്ന എ.എ റഹീമായിരുന്നു കൊല്ലത്തിനുവേണ്ടി ശ്രമിച്ചിരുന്നത്‌.
രാഷ്‌ട്രീയത്തില്‍ കന്നിക്കാരനായതിനാലും എന്നേക്കാള്‍ ഏറെ മുതിര്‍ന്നവര്‍ എം.പിമാരായി ഉണ്ടായിരുന്നതിനാലും മന്ത്രി സ്ഥാനത്തുള്ള നിലനില്‍പ്‌ വളരെ പ്രയാസകരമായിരുന്നു. പക്ഷെ, ഒരു സാങ്കേതികജ്ഞന്‍ എന്ന പരിഗണന നല്‍കി രാജീവ്‌ഗാന്ധിയാണ്‌ എന്നെ നിലനിര്‍ത്തിയത്‌.
കേന്ദ്ര മന്ത്രിസഭ നിലവില്‍ വന്ന്‌ ആറു മാസത്തിനുശേഷമായിരുന്നു ആദ്യം സൂചിപ്പിച്ച സംഭവമുണ്ടായത്‌. ഞാനും പി.ചിദംബരവും രാജീവ്‌ഗാന്ധി മന്ത്രിസഭയില്‍ ആദ്യത്തെ ഡെപ്യൂട്ടി മന്ത്രിമാരായി. ഫാമിലി പ്ലാനിംഗായിരുന്നു എനിക്കു ലഭിച്ച വകുപ്പ്‌. ഒന്നരവര്‍ഷത്തിനുശേഷം ടെക്‌സ്റ്റൈല്‍സ്‌ വകുപ്പിലും പിന്നീട്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌ വകുപ്പിലും എന്നെ സഹമന്ത്രിയാക്കി.
തന്റെ കാഴ്‌ചപ്പാടുകള്‍ക്ക്‌ സാഫല്യമേകാന്‍ ഒരു അനൗപചാരിക കോര്‍ ഗ്രൂപ്പിന്‌ രാജീവ്‌ഗാന്ധി രൂപം നല്‍കിയിരുന്നു. മാധവറാവുസിന്ധ്യ, സാം പിട്രോഡ, മണിശങ്കര്‍ അയ്യര്‍, വി.കൃഷ്‌ണമൂര്‍ത്തി, സുമന്‍ ദുബൈ തുടങ്ങിയവരോടൊപ്പം എന്നെയും അദ്ദേഹം ആ സംഘത്തില്‍ ഉള്‍പ്പെടുത്തി.
രാഷ്‌ട്രീയത്തില്‍ കന്നിക്കാരനായതിനാലും എന്നേക്കാള്‍ ഏറെ മുതിര്‍ന്നവര്‍ എം.പിമാരായി ഉണ്ടായിരുന്നതിനാലും മന്ത്രി സ്ഥാനത്തുള്ള നിലനില്‍പ്‌ വളരെ പ്രയാസകരമായിരുന്നു. പക്ഷെ, ഒരു സാങ്കേതികജ്ഞന്‍ എന്ന പരിഗണന നല്‍കി രാജീവ്‌ഗാന്ധിയാണ്‌ എന്നെ നിലനിര്‍ത്തിയത്‌.
എറണാകുളം കളക്‌ടറായിരിക്കെ ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിജയകരമായി നടപ്പാക്കിയ കുടുംബാസൂത്രണ പരിപാടിയെപ്പറ്റി രാജീവ്‌ ഗാന്ധിക്ക്‌ അറിയാമായിരുന്നു. അതിന്റെ ചുവടുപിടിച്ച്‌ ടാര്‍ജറ്റ്‌ ഓറിയന്റഡായി കുടുംബാസൂത്രണം ഇന്ത്യയിലൊട്ടാകെ നടപ്പാക്കാനായിരുന്നു എന്റെ ശ്രമം. രാജീവ്‌ ഗാന്ധി ഈ തീരുമാനത്തെ ആദ്യം പിന്തുണച്ചു. പക്ഷെ, മന്ത്രിസഭയിലെ ചില സാമൂഹ്യശാസ്‌ത്രജ്ഞര്‍ ഈ നീക്കത്തിനെതിരായിരുന്നു. സഞ്‌ജയ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ നടപ്പാക്കപ്പെട്ട നിര്‍ബന്ധിത വന്ധ്യംകരണത്തിലേക്ക്‌ ഇതു വഴിതെറ്റുമോ എന്നായിരുന്നു അവരുടെ ഭയം. ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിന്‌ രാജീവ്‌ ഗാന്ധിക്കു വഴങ്ങേണ്ടി വന്നു.
പിന്നീടാണ്‌ എന്നെ ടെക്‌സ്റ്റൈല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌ വകുപ്പുകളുടെ ചുമതലയിലേക്കു മാറ്റുന്നത്‌. നാഷണല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്റെ പുനരുദ്ധാരണമായിരുന്നു രാജീവ്‌ ഗാന്ധി എന്നെ ഏല്‍പിച്ച പ്രധാന ദൗത്യം. ഒരു പുതിയ ടെക്‌സ്റ്റൈല്‍ നയത്തിനു രൂപം കൊടുക്കാന്‍ അന്നെനിക്കു സാധിച്ചത്‌ രാജീവ്‌ ഗാന്ധിയുടെ പിന്തുണ ലഭിച്ചതിനാല്‍ മാത്രമാണ്‌.
രാജ്യത്തുടനീളം വിവരവിനിമയ രംഗത്ത്‌ സ്‌ഫോടനാത്മകമായ വിപ്ലവം നടന്ന കാലമായിരുന്നു രാജീവ്‌ ഗാന്ധിയുടേത്‌. 1987 - 89 കാലഘട്ടത്തില്‍ ടെലിവിഷന്‍ രാജ്യവ്യാപകമായി. കേരളത്തില്‍ ടെലിവിഷന്‍ സാര്‍വ്വത്രികമായതും അക്കാലത്താണ്‌. കേരളത്തിലുടനീളം ലഭ്യമാകും വിധം മലയാള സംപ്രേഷണം ദൂരദര്‍ശന്‍ ആരംഭിച്ച കാലഘട്ടം കൂടിയായിരുന്നു അത്‌. ഇന്ത്യയിലാദ്യമായി പ്രാദേശികഭാഷാപ്രക്ഷേപണത്തിനു ദൂരദര്‍ശന്‍ തുടക്കമിട്ടതു കേരളത്തിലാണ്‌.

കരുത്തുള്ള ഇന്ത്യക്കായ്‌
അഞ്ചു വര്‍ഷം കൊണ്ട്‌ അരനൂറ്റാണ്ടിന്റെ വളര്‍ച്ചയാണ്‌ രാജീവ്‌ ഗാന്ധി ഇന്ത്യക്കു സമ്മാനിച്ചത്‌. സുശക്തവും ആധുനികവും ചടുലവുമായ ഭാരതമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. ഇതിനായി വിദ്യാഭ്യാസ വിവരസാങ്കേതികരംഗങ്ങളില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധപതിപ്പിച്ചു. 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പുതിയ കാലഘട്ടത്തെ നേരിടാന്‍ കരുത്തുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ആശയവിനിമയത്തിന്റെ ദൂരവും സമയവും കാത്തിരിപ്പും കുറയ്‌ക്കാനുതകും വിധം രാജ്യത്തെമ്പാടും ടെലികമ്യൂണിക്കേഷന്‍ രംഗത്ത്‌ വിപ്ലവം കൊണ്ടുവന്നത്‌ രാജീവ്‌ ഗാന്ധിയായിരുന്നു. നഗരങ്ങളില്‍ നിന്ന്‌ ഗ്രാമങ്ങളിലേക്ക്‌ എസ്‌.ടി.ഡി സംവിധാനം വ്യാപിച്ചു. ടെലഫോണ്‍ ബൂത്തുകളുടെ എണ്ണം കൂടി. ആളുകള്‍ തമ്മിലുള്ള വിവരവിനിമയ അകലം കുറഞ്ഞു. ആ തുടക്കത്തെ പിന്‍പറ്റിയാണ്‌ ഇന്ത്യ ഇത്രപെട്ടെന്ന്‌ ഇന്നത്തെ മൊബൈല്‍ ഉപഭോഗത്തിലുള്‍പ്പെടെ വിപ്ലവകരമായ മുന്നേറ്റം നടത്തിയത്‌.
കംപ്യൂട്ടര്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ ശ്രദ്ധമൂലം ഈ രംഗത്തും പിന്നാക്കം പോകാതിരിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. വളരെ വേഗം മുന്നോട്ടോടുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ ഇന്ത്യയെ പ്രാപ്‌തമാക്കുകയായിരുന്നു അദ്ദേഹം. ശാസ്‌ത്രവും സാങ്കേതികവിദ്യയും സാധാരണക്കാരന്റെ പുരോഗതിക്ക്‌ ഉപയുക്തമാക്കാനുള്ളതാണെന്ന്‌ അദ്ദേഹം വിശ്വസിച്ചു. ന്യൂക്ലിയര്‍ പവര്‍പ്ലാന്റുകളും ഉപഗ്രഹങ്ങളും മാത്രമായിരുന്നില്ല അദ്ദേഹത്തിന്‌ സാങ്കേതികവിദ്യ. മറിച്ച്‌ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, കുടിവെള്ളം, വൈദ്യുതിവിതരണം തുടങ്ങിയ രംഗങ്ങളിലെല്ലാം നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകും വിധം ഇന്ത്യയിലെ ശാസ്‌ത്രജ്ഞരെ പര്യാപ്‌തരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.
പഞ്ചായത്തീരാജ്‌ നിയമം ശക്തമാക്കിയത്‌ രാജീവ്‌ ഗാന്ധിയുടെ താല്‍പര്യമായിരുന്നു. കേന്ദ്രം നല്‍കുന്ന ഒരു രൂപയില്‍ 15 പൈസ മാത്രമാണ്‌ ഗുണഭോക്താക്കളിലെത്തുന്നതെന്ന തിരിച്ചറിവാണ്‌ പഞ്ചായത്തീരാജ്‌ നിയമനിര്‍മാണത്തിന്‌ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. തദ്ദേശസ്ഥാപനങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ മൂന്നിലൊന്ന്‌ സംവരണം ഏര്‍പ്പെടുത്തി ഗ്രാമീണ വികസനത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ രാജീവ്‌ ഗാന്ധിക്കു കഴിഞ്ഞു. പഞ്ചായത്തീരാജ്‌ നഗരപാലിക ബില്‍ ചെറിയൊരു കാല്‍വയ്‌പ്‌ മാത്രമായിരുന്നെങ്കിലും ഈ ദിശയിലെ പ്രധാനപ്പെട്ട ഒരു സംഗതിയായി അത്‌ മാറിയെന്നതിനു കാലം സാക്ഷി.
യുഗപ്രഭാവനായ തന്റെ പിതാവിന്റെ പാത പിന്തുടരാനാണ്‌ രാഹുല്‍ഗാന്ധിയും ഇപ്പോള്‍ ശ്രമിക്കുന്നത്‌. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷക്കപ്പുറത്തേക്കാണ്‌ രാഹുല്‍ നോക്കുന്നത്‌. നവഭാരതസൃഷ്‌ടിക്കായുള്ള രാജീവ്‌ഗാന്ധിയുടെ സ്വപ്‌നങ്ങളില്‍ ഭാഗഭാക്കായ ഒരു ജനത അദ്ദേഹത്തിന്റെ മകനില്‍ നിന്ന്‌ അതിലുമുപരിയായ ഒരു വികസനവിപ്ലവം പ്രതീക്ഷിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
മറ്റു രാജ്യങ്ങളുമായി പൊരുതിനില്‍ക്കാനുള്ള കഴിവു നേടിയില്ലെങ്കില്‍ ആഗോള ഉദാരവല്‍ക്കരണത്തിന്റെ കാലത്ത്‌ ഇന്ത്യക്ക്‌ ലോകരാജ്യങ്ങള്‍ക്കൊപ്പം മല്‍സരിച്ചുനില്‍ക്കാനാകില്ലെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യമുണ്ടായിരുന്നു. സമൂലമായ സാമ്പത്തിക പുനസംഘടനക്കു നിര്‍ദ്ദേശം വച്ച 1991ലെ കോണ്‍ഗ്രസ്‌ പ്രകടനപത്രിക അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം തയ്യാറാക്കിയതിന്റെ കാരണവും മറ്റൊന്നല്ല.
1985ല്‍ സാമ്പത്തികരംഗത്ത്‌ ഇന്ത്യ വന്‍വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ ഉയര്‍ന്ന തോതിലുള്ള കയറ്റുമതി മാത്രമാണ്‌ നമുക്ക്‌ രക്ഷനേടാനുള്ള മാര്‍ഗമെന്ന്‌ രാജീവ്‌ഗാന്ധി വാദിച്ചപ്പോള്‍ അദ്ദേഹത്തിന്‌ വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. പക്ഷെ, രാജീവ്‌ ഗാന്ധി പറഞ്ഞതായിരുന്നു ശരിയെന്ന്‌ കാലം തെളിയിച്ചു.

രാജ്യത്തിന്റെ നഷ്‌ടം
രാജീവ്‌ജിയുടെ നേതൃത്വത്തില്‍ നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പിന്റെ കാലത്ത്‌, 1991 സെപ്‌റ്റംബര്‍ 21ന്‌ ശ്രീപെരുംപുത്തൂരില്‍ വച്ച്‌ അദ്ദേഹവും തന്റെ മാതാവിനെപ്പോലെ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. ആ മരണം എന്റെ രാഷ്‌ട്രീയ ജീവിതത്തിനു നല്‍കിയ നഷ്‌ടം വളരെ വലുതാണ്‌.
രാജീവ്‌ രക്തസാക്ഷിത്വം വഹിച്ച ശ്രീപെരുംപതൂര്‍ ഇന്ന്‌ രാജ്യത്തെ വ്യാവസായിക പ്രാധാന്യമുള്ള സ്ഥലമാണ്‌. അദ്ദേഹം തീവ്രവാദികളുടെ ആക്രമണത്തിനിരയാകുമ്പോള്‍ അവിടം അധികമാരുമറിയാത്തൊരു ഗ്രാമം മാത്രമായിരുന്നു. ഇപ്പോള്‍ വന്‍കിട കാറുകളുടെ നിര്‍മാണശാലകള്‍ മാത്രമല്ല, ജനകീയമായി മാറിയ അനവധി മൊബൈല്‍ ഫോണുകളും ഇവിടെ നിര്‍മിക്കപ്പെടുന്നു. ഈ വ്യവസായങ്ങള്‍ വഴി ശ്രീപെരുംപത്തൂരിലും സമീപഗ്രാമങ്ങളിലുമുള്ള ലക്ഷക്കണക്കിനു സാധാരണക്കാര്‍ക്ക്‌ തൊഴില്‍ ലഭിച്ചു.
തന്റെ രക്തസാക്ഷിത്വം കൊണ്ട്‌ പ്രശസ്‌തമായ മണ്ണ്‌ വികസനത്തിന്റെ പുണ്യഭൂമിയായി മാറിയതില്‍ രാജീവ്‌ജിയുടെ ആത്മാവ്‌ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും.
തന്റെ വികസനസങ്കല്‍പത്തിലേക്ക്‌ രാജ്യത്തെ എത്തിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാക്കാന്‍ ഏതുനിമിഷവും സജ്ജമാക്കുന്നതിനായി 40 പേരുടെ ഒരു രഹസ്യലിസ്റ്റ്‌ രാജീവ്‌ ഗാന്ധി ഉണ്ടാക്കി വച്ചിരുന്നു. മന്ത്രിമാരും പാര്‍ട്ടിയുടെ നേതാക്കളും ഉള്‍പ്പെട്ട ആ ലിസ്റ്റ്‌ രാജീവ്‌ജിയുടെ വിശ്വസ്‌തനായിരുന്ന വി.ജോര്‍ജ്‌ ആണ്‌ സൂക്ഷിച്ചിരുന്നത്‌.
രാജീവ്‌ജിയുടെ മരണത്തിനുശേഷം കോണ്‍ഗ്രസ്‌ അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രിയായ നരസിംഹറാവു ഈ ലിസ്റ്റ്‌ പരിശോധിച്ചു. അതില്‍ ഉന്നത സ്ഥാനത്തു തന്നെ പേരുണ്ടായിരുന്ന എനിക്ക്‌ തന്റെ മന്ത്രിസഭയില്‍ റാവുജി ഇടം നല്‍കിയതും അതിനാലാണ്‌. മാത്രമല്ല എനിക്ക്‌ പ്രതിരോധം, പെട്രോളിയം വകുപ്പുകളുടെ ചുമതല നല്‍കിയതും രാജീവ്‌ജിയുടെ കാഴ്‌ചപ്പാടുകള്‍ സഫലീകരിക്കുന്നതിന്‌ റാവുജി ശ്രമിച്ചിരുന്നതിനാലാണെന്നു ഞാന്‍ കരുതുന്നു.
യുഗപ്രഭാവനായ തന്റെ പിതാവിന്റെ പാത പിന്തുടരാനാണ്‌ രാഹുല്‍ഗാന്ധിയും ഇപ്പോള്‍ ശ്രമിക്കുന്നത്‌. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷക്കപ്പുറത്തേക്കാണ്‌ രാഹുല്‍ നോക്കുന്നത്‌. നവഭാരതസൃഷ്‌ടിക്കായുള്ള രാജീവ്‌ഗാന്ധിയുടെ സ്വപ്‌നങ്ങളില്‍ ഭാഗഭാക്കായ ഒരു ജനത അദ്ദേഹത്തിന്റെ മകനില്‍ നിന്ന്‌ അതിലുമുപരിയായ ഒരു വികസനവിപ്ലവം പ്രതീക്ഷിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
അപ്പോഴും നമ്മുടെ ചെവിയില്‍ മുഴങ്ങുന്നത്‌ രാജീവ്‌ജിയുടെ പ്രശസ്‌തമായ വാക്കുകളാണ്‌.
"ഞാനൊരു യുവാവാണ്‌, എനിക്കൊരു സ്വപ്‌നമുണ്ട്‌..."

(ഈ ലേഖനത്തിന്റെ പ്രസ്‌കതഭാഗങ്ങള്‍ ഇന്നു പ്രസിദ്ധീകരിച്ച കേരള കൗമുദി ദിനപ്പത്രത്തിനും കേരള ഫ്‌ളാഷ്‌ ന്യൂസിനും നന്ദി.)

2 comments:

  1. എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന, ഇന്ത്യയുടെ ഭാവിയെപ്പറ്റി വിപ്ലവകരമായ സ്വപ്‌നങ്ങള്‍ മനസ്സില്‍ കാത്തുസൂക്ഷിക്കുകയും അതിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്‌ത രാജീവ്‌ഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചിട്ട്‌ ഈ മെയ്‌ 21ന്‌ 19 വര്‍ഷം പിന്നിടുകയാണ്‌. അദ്ദേഹത്തിന്റെ ആദ്യത്തെ മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കാനായ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജീവ്‌ജിയുടെ വികസനകാഴ്‌ചപ്പാടുകളെപ്പറ്റിയും അദ്ദേഹത്തോടൊപ്പമുള്ള ചില അനുഭവങ്ങളെപ്പറ്റിയും ഇവിടെ ചിലതു കുറിക്കുന്നു.

    ReplyDelete
  2. വിവരവിനിമയരംഗത്ത് സാം പിട്രോഡാ നൽകിയ സംഭാവനയെ കുറിച്ചും
    ഒന്നെഴുതുമോ?

    ReplyDelete