Subscribe Posts | Comments

Thursday, May 6, 2010

രാഷ്ട്രീയജീവിതത്തിന്റെ നാള്‍വഴികളില്‍ നിന്ന്‌

കെ.കരുണാകരന്‍ മുഖേനയാണ്‌ ഞാന്‍ രാഷ്‌ട്രീയത്തിലേക്ക്‌ വരുന്നത്‌. എറണാകുളം കളക്‌ടറായിരിക്കുമ്പോഴാണ്‌ ആദ്യമായി കരുണാകരനെ പരിചയപ്പെടുന്നത്‌. ഒരു തവണ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ എ.എ കൊച്ചുണ്ണിയാണ്‌ അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തിയത്‌. അന്ന്‌ കെ.കരുണാകരന്‍ പ്രതിപക്ഷ നേതാവാണ്‌. പിന്നീട്‌ അദ്ദേഹം ആഭ്യന്തര മന്ത്രിയായപ്പോള്‍ പരിചയം വര്‍ദ്ധിച്ചു. എന്റെ പ്രവര്‍ത്തനങ്ങളിലും കഴിവിലുമെല്ലാം അദ്ദേഹത്തിന്‌ നല്ല വിശ്വാസമായിരുന്നു.

രാജന്‍ കേസിനെ തുടര്‍ന്നുണ്ടായ പ്രതികൂല കാലാവസ്ഥയില്‍ അദ്ദേഹം ജവഹര്‍ നഗറില്‍ എന്റെ വീടിന്‌ സമീപമാണ്‌ താമസിച്ചിരുന്നത്‌. അന്ന്‌ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. അപ്പോള്‍ മുതല്‍ എനിക്ക്‌ രാഷ്‌ട്രീയത്തില്‍ താത്‌പര്യം തോന്നിത്തുടങ്ങിയിരുന്നു.

എന്റെ ഈ താത്‌പര്യം എറണാകുളം ഡി.സി.സി പ്രസിഡന്റ്‌ ടി.എച്ച്‌ മുസ്‌തഫയാണ്‌ കരുണാകരനോടു പറയുന്നത്‌. 1977ല്‍ തിരുവനന്തപുരം പാര്‍ലമെന്റ്‌ സീറ്റിലേക്ക്‌ എന്റെ പേര്‌ ഉയര്‍ന്നു വരികയും ചെയ്‌തു. പക്ഷെ, അന്ന്‌ ചില ഒത്തുതീര്‍പ്പുകളുടെ ഭാഗമായി ആ സീറ്റ്‌ എം.എന്‍.ഗോവിന്ദന്‍ നായര്‍ക്ക്‌ നല്‍കി.

ആ സമയത്തു തന്നെ ജോലി രാജിവയ്‌ക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രാജിവയ്‌ക്കാന്‍ വരട്ടെ, സമയമുണ്ടല്ലോ എന്നാണ്‌ കരുണാകരന്‍ പറഞ്ഞത്‌. എന്നിട്ടും ഞാന്‍ 1980 നവംബര്‍ ഒന്നിന്‌ രാജിവച്ചു. ഇ.കെ.നായനാര്‍ക്കാണ്‌ രാജി സമര്‍പ്പിച്ചത്‌. അദ്ദേഹത്തിനും എന്ന വലിയ കാര്യമായിരുന്നു.
'കൃഷ്‌ണകുമാര്‍ നന്നായി ആലോചിച്ചിട്ടാണോ ഇത്‌ ചെയ്യുന്നത്‌. രാഷ്‌ട്രീയം പുമെത്തയല്ല. കല്ലും മുളളും നിറഞ്ഞ പാതയാണ്‌'
അദ്ദേഹം എനിക്കു തന്നെ ഉപദേശമാണത്‌. വ്യവസായ, ഫിഷറീസ്‌ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ്‌ ഞാന്‍ രാജിവച്ചത്‌. ജി.സി.ഡി.എ ചെയര്‍മാനുമായിരുന്നു. നീണ്ട 17 വര്‍ഷത്തെ ഐ.എ.എസ്‌ ജീവിതത്തിന്‌ അതോടെ വിരാമമായി. ആദ്യത്തെ നാലു വര്‍ഷം ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായാണ്‌ പ്രവര്‍ത്തിച്ചത്‌. ആ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനയായ 'ഫ്രണ്ട്‌സ്‌ ഓഫ്‌ സോവിയറ്റ്‌ യൂണിയന്റെ' സംസ്ഥാന ചെയര്‍മാനും ദേശീയ ചെയര്‍മാനുമായി. എച്ച്‌.എം.ടി, കെല്‍ട്രോണ്‍, ഫാക്‌റ്റ്‌ എന്നിവിടങ്ങളില്‍ ഐ.എന്‍.ടി.യു.സിയുടെ പ്രസിഡന്റുമായി. കൊല്ലത്തെ കശുവണ്ടി തൊഴിലാളികളുടെ സംഘമായ കാപ്പക്‌സിന്റെ സ്ഥാപകചെയര്‍മാനുമായിരുന്നു. ഇതിനു ശേഷമാണ്‌ 1984ല്‍ കൊല്ലത്ത്‌ മത്‌സരിക്കുന്നത്‌. അന്ന്‌ എ.എ.റഹീം കൊല്ലം സീറ്റിനുവേണ്ടി ശക്‌തമായ വാദം ഉന്നയിച്ചിരുന്നു. കരുണാകരനും സി.വി.പത്‌മരാജനും എനിക്കു വേണ്ടി നിലകൊണ്ടതിനാലാണ്‌ കൊല്ലത്ത്‌ മത്‌സരിക്കാനായത്‌. അന്നൊക്കെ കരുണാകരന്‌ എന്നോടു വലിയ വാത്‌സല്യമായിരുന്നു. പക്ഷെ പിന്നീട്‌ ചില മാറ്റങ്ങള്‍ ഉണ്ടായി.
.
ഗ്രൂപ്പുകളിയുടെ തന്ത്രങ്ങള്‍
അന്ന്‌ എ, ഐ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളും ശക്‌തമാണ്‌. ഐ ഗ്രൂപ്പുകാരനാണെങ്കിലും എനിക്ക്‌ എ.കെ.ആന്റണിയോട്‌ വലിയ ബഹുമാനമായിരുന്നു. അന്നും ഇന്നും അങ്ങനെതന്നെയാണ്‌. ആന്റണിക്ക്‌ തിരിച്ചും എന്നെ വലിയ കാര്യമാണ്‌. കരുണാകരന്റെ പ്രിയങ്കരനായതിനാല്‍ എന്നെ ഐ ഗ്രൂപ്പിന്റെ നേതാവായാണ്‌ പൊതുവെ കരുതിയിരുന്നത്‌. എന്നാല്‍ എനിക്ക്‌ ഈ ഗ്രൂപ്പ്‌ കളിയിലൊന്നും ഒട്ടും താത്‌പര്യം ഉണ്ടായിരുന്നില്ല. ഇതോടെ ഒപ്പം നിന്നവര്‍ തന്നെ മുറുമുറുപ്പ്‌ തുടങ്ങി.
ഇരുപത്തൊമ്പതുവര്‍ഷം കോണ്‍ഗ്രസ്സുകാരനായിരുന്ന ഞാന്‍രണ്ടുവര്‍ഷത്തേയ്‌ക്ക്‌ പാര്‍ട്ടിയില്‍ നിന്നു വിട്ടുനിന്നു. പാര്‍ട്ടി വിട്ട സമയത്തും ഞാന്‍ വ്യക്‌തിപരമായി ആര്‍ക്കെതിരെയും ഒരു വിമര്‍ശനവും നടത്തിയിരുന്നില്ല. കോണ്‍ഗ്രസ്‌ സംസ്‌ക്കാരത്തിനെതിരായി ഒന്നും പറഞ്ഞതുമില്ല. എന്നാല്‍ പാര്‍ട്ടിയെയും രാജീവ്‌ ഗാന്ധിയെപ്പോലുള്ള നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച ധാരാളം പേര്‍ ഇന്ന്‌ കോണ്‍ഗ്രസ്സിന്റെ ദേശീയ തലത്തിലുണ്ട്‌. അവരൊക്കെ എന്റെ മുകളില്‍ വിരാജിക്കുന്നുണ്ട്‌.
അന്നൊക്കെ ആന്റണിയെ വിമര്‍ശിക്കുക. മറ്റു നേതാക്കള്‍ക്കെതിരെ അസഭ്യം വിളിച്ചുപറയുക എന്നതാണ്‌ ഐ ഗ്രൂപ്പില്‍ ചില നേതാക്കളുടെ പ്രധാനജോലി. ഞാനിതിനൊന്നും കൂടെനില്‍ക്കാന്‍ തയ്യാറല്ലായിരുന്നു. അതോടെ ഐ ഗ്രൂപ്പില്‍ തന്നെ എനിക്കെതിരെ ശക്‌തമായ നീക്കങ്ങള്‍ ചിലരുടെ ഭാഗത്തു നിന്നുണ്ടായി. എന്നെ കരുണാകരനില്‍ നിന്ന്‌ അകറ്റണമെന്ന്‌ ചിലര്‍ക്ക്‌ വാശിയായിരുന്നു. കരുണാകരനോട്‌ എന്നെക്കുറിച്ച്‌ ഏഷണികള്‍ പറയുന്നതായി രുന്നു ഇവരുടെ സ്ഥിരം പരിപാടി. ഇന്ന്‌ കോണ്‍ഗ്രസിനെ കേരളത്തില്‍ നയിക്കുന്ന ചിലരൊക്കെ തന്നെയായിരുന്നു ഇതിന്റെയൊക്കെ പിന്നില്‍. അവരുടെ പേര്‌ ഈയവസരത്തില്‍ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ കോണ്‍ഗ്രസില്‍ എത്തുമ്പോള്‍ കരുണാകരനോട്‌ ഒട്ടി നില്‍ക്കുകയായിരുന്നു ഇവര്‍. വേറേ പണിയൊന്നുമില്ലതാനും. എന്റെ ഭരണനിര്‍വ്വഹണകഴിവും പ്രവര്‍ത്തന രീതികളുമൊക്കെ കരുണാകരന്‌ വലിയ ഇഷ്‌ടമായിരുന്നു. അതുകൊണ്ട്‌ എന്നോടു പ്രത്യേക താത്‌പര്യം അദ്ദേഹം കാട്ടി. എന്‍ജിനീയറിംഗിന്‌ ഒന്നാം റാങ്ക്‌ വാങ്ങുകയും കളക്‌ടറായി കഴിവു തെളിയിക്കുകയുമൊക്കെ ചെയ്‌തിരുന്ന ഞാന്‍ രാഷ്‌ട്രീയത്തില്‍ തിളങ്ങിയാല്‍ അവരുടെയൊക്കെ വഴിയടഞ്ഞേക്കുമെന്ന്‌ ഭയപ്പെട്ടു. അങ്ങനെയാണ്‌ എനിക്കെതിരെ അവര്‍ തിരിയുന്നത്‌. ചെറിയ ആരോപണങ്ങളൊന്നും എനിക്ക്‌ ഏശില്ലെന്ന്‌ അവര്‍ക്ക്‌ നന്നായി അറിയാ മായിരുന്നു. അതുകൊണ്ട്‌ ഹൈടെക്‌ ആരോപണങ്ങളാണ്‌ എനിക്കെതിരെ അവര്‍ ഉന്നയിച്ചത്‌.
ഇതോടെ കരുണാകരനും എന്നോടു ചെറിയ നീരസം തോന്നിത്തുടങ്ങി. ഏറ്റവും വലിയ തമാശ അന്ന്‌ കരുണാകരനോട്‌ എന്നെക്കുറിച്ച്‌ ഏഷണികള്‍ പറഞ്ഞവരും രാജാവിനേക്കാള്‍ രാജഭക്‌തി കാണിച്ചവരുമാണ്‌ ഇന്ന്‌ അദ്ദേഹത്തെ ഏറ്റവുമധികം എതിര്‍ക്കുന്നത്‌. അവരില്‍ വീരന്‍മാര്‍ അനുദിനം എന്നോണം ജനമദ്ധ്യത്തില്‍ അവഹേളിതരായിക്കൊണ്ടിരിക്കുന്നു. കെ.കരുണാകരന്റെ ഏറ്റവും വലിയ അഭിലാഷമെന്നു വിശേഷിപ്പിക്കാവുന്ന മുരളീധരന്റെ മടങ്ങിവരവിനെ എതിര്‍ക്കുന്നതും ഇവരില്‍ ചിലരാണ്‌. പാരകള്‍ കൂടിയതോടെ കരുണാകരന്‌ എന്നോട്‌ ഒരു വിശ്വാസക്കുറവുണ്ടായി. അദ്ദേഹത്തെ ഒരു ഗുരുവിനെ പ്പോലെയാണ്‌ കണ്ടത്‌. എന്റെ കര്‍ത്തവ്യങ്ങള്‍ ആത്‌മാര്‍ഥമായി നിറവേറ്റുകയും ചെയ്‌തു. അദ്ദേഹത്തിനും കല്യാണിക്കുട്ടിയമ്മയ്‌ക്കും അവരുടെ രോഗാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ അടുത്തുനിന്നു പ്രവര്‍ത്തിച്ചയാളും ഞാനായിരുന്നു. ഗ്രൂപ്പുകളിക്കാത്തതുകാരണം ഗ്രൂപ്പിലെ ദൗത്യങ്ങള്‍ എന്നെ ഏല്‍പ്പിക്കാതെയായി. പക്ഷെ എനിക്കപ്പോള്‍ സന്തോഷമാണ്‌ തോന്നിയത്‌. കാരണം വൃത്തികെട്ട ഗ്രൂപ്പുകളിയില്‍ പങ്കാളിയാകേണ്ടല്ലോ. അങ്ങനെയാണ്‌ ഞാന്‍ ഗ്രൂപ്പുകളിയുടെ രക്‌തസാക്ഷിയായി മാറിയത്‌. ഐ ഗ്രൂപ്പിന്‌ അനഭിമതനായതോടെ എനിക്ക്‌ എവിടെയും സ്ഥാനമില്ലാതെയായി. ഐ ഗ്രൂപ്പുകാരനായതുകൊണ്ട്‌ മറ്റു ഗ്രൂപ്പുകള്‍ക്ക്‌ അതിരു കവിഞ്ഞ്‌ സഹായിക്കന്‍ പറ്റുകയില്ലല്ലോ.

ബഹുമാനിക്കാത്തതു പോകട്ടെ, അവഹേളിക്കുന്ന സമീപനമാണ്‌ പലരില്‍ നിന്നും ഉണ്ടായത്‌. പൊതുസ്ഥലങ്ങളില്‍ വച്ച്‌ അധിക്ഷേപിക്കുന്നത്‌ പതിവായി. ഇരുപത്തൊമ്പതുവര്‍ഷം കോണ്‍ഗ്രസ്സുകാരനായിരുന്ന ഞാന്‍ ഇതേത്തുടര്‍ന്ന്‌ രണ്ടുവര്‍ഷത്തേയ്‌ക്ക്‌ പാര്‍ട്ടിയില്‍ നിന്നു വിട്ടുനിന്നു. പാര്‍ട്ടി വിട്ട സമയത്തും ഞാന്‍ വ്യക്‌തിപരമായി ആര്‍ക്കെതിരെയും ഒരു വിമര്‍ശനവും നടത്തിയിരുന്നില്ല. കോണ്‍ഗ്രസ്‌ സംസ്‌ക്കാരത്തിനെതിരായി ഒന്നും പറഞ്ഞതുമില്ല. എന്നാല്‍ പാര്‍ട്ടിയെയും രാജീവ്‌ ഗാന്ധിയെപ്പോലുള്ള നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച ധാരാളം പേര്‍ ഇന്ന്‌ കോണ്‍ഗ്രസ്സിന്റെ ദേശീയ തലത്തിലുണ്ട്‌. അവരൊക്കെ എന്റെ മുകളില്‍ വിരാജിക്കുന്നുണ്ട്‌.

എന്നെ എ ഗ്രൂപ്പ് സഹായിച്ചിട്ടുണ്ട്.
ഗ്രൂപ്പിന്‌ അതീതമായി എല്ലാവരോടും നല്ല ബന്ധം പുലര്‍ത്തിയതു കൊണ്ടാണ്‌ മൂന്നു തവണ കൊല്ലം മണ്ഡലത്തില്‍ നിന്ന്‌ വിജയിച്ചത്‌. എന്നാല്‍ ഇതിനിടെ സ്വന്തം ഗ്രൂപ്പില്‍ ചിലര്‍ എന്നെ കുളിപ്പിച്ച്‌ കിടത്താന്‍ പല തവണ ശ്രമിച്ചു. അതില്‍ പ്രധാനപ്പെട്ട ഒരു സംഭവം പാര്‍ട്ടി തിരഞ്ഞെടുപ്പു നടന്നപ്പോഴാണ്‌. ഐ ഗ്രൂപ്പിന്റെ നോമിനിയായി ഞാന്‍ മത്‌സരിക്കുന്നുണ്ട്‌. ആ സമയത്ത്‌ ഞാന്‍ കേന്ദ്ര ഡിഫന്‍സ്‌ പെട്രോളിയം സഹമന്ത്രിയാണ്‌. എന്നാല്‍ അവസാനനിമിഷം ഐ ഗ്രൂപ്പുകാര്‍ ശരിക്കൊരു ചതി ചെയ്‌തു. ഐ ഗ്രൂപ്പിലെ തന്നെ ഒരാളെ എനിക്കെതിരായി നിര്‍ത്തി. കേന്ദ്ര മന്ത്രിയൊക്കെയാണെങ്കിലും എന്നെ തോല്‍പ്പിച്ച്‌, ലോക്കല്‍ സ്വാധീനമില്ല എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ആ നീക്കം. ഐ ഗ്രൂപ്പിന്‌ 115 അംഗങ്ങളുണ്ട്‌. എയ്‌ക്ക്‌ 85 ഉം. ഇങ്ങനെയാരു ചതി നടക്കുന്നതറിഞ്ഞ്‌ ഞാന്‍ ഡല്‍ഹിയില്‍ നിന്ന്‌ പറന്നുവന്നു. ഐ ഗ്രൂപ്പുകാരായ 115 പേരേയും ഒളിപ്പിച്ചിരിക്കുകയാണ്‌.

രാഷ്‌ട്രീയത്തിലേക്ക്‌ വരാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന്‌ എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഭാവിയെപ്പറ്റി ആശങ്കകളുമില്ല. പാര്‍ട്ടിയില്‍ അവസരം കിട്ടിയില്ലെങ്കില്‍ സാധാരണ പ്രവര്‍ത്തകനായി തുടരും. ആരോടും ഒരു പകയും വിരോധവുമില്ല.
അന്ന്‌ എന്നെ സഹായിച്ചത്‌ എ വിഭാഗമാണ്‌. അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. രാത്രി മുഴുവന്‍ നടന്ന്‌ ഐ ഗ്രൂപ്പിലെ കുറച്ചു വോട്ടുകള്‍ ഞാനുറപ്പാക്കി. എ ഗ്രൂപ്പിന്റെ 85 വോട്ടും അവര്‍ എനിക്കു തന്നു. അങ്ങനെ രണ്ടു വോട്ടിനാണ്‌ ഞാന്‍ ജയിച്ചത്‌. ഹൈക്കമാന്റിനും ഇന്ദിരാഗാന്ധിയുടെ സമയം തൊട്ടുള്ള സീനിയര്‍ നേതാക്കള്‍ക്കും ഇപ്പോഴും എന്നോടു നല്ല താത്‌പര്യമാണ്‌.

ഇങ്ങനെയൊക്കൊയാണെങ്കിലും രാഷ്‌ട്രീയത്തിലേക്ക്‌ വരാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന്‌ എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഭാവിയെപ്പറ്റി ആശങ്കകളുമില്ല. പാര്‍ട്ടിയില്‍ അവസരം കിട്ടിയില്ലെങ്കില്‍ സാധാരണ പ്രവര്‍ത്തകനായി തുടരും. ആരോടും ഒരു പകയും വിരോധവുമില്ല. എങ്കിലും ഇത്രയും നാളത്തെ പ്രവര്‍ത്തനം കൊണ്ട്‌ ഒരു കാര്യം വ്യക്‌തമായി. ഒരാളുടെ രാഷ്‌ട്രീയഭാവി നമുക്ക്‌ പറയാന്‍ പറ്റില്ല. ഇന്നത്തെ സുല്‍ത്താന്‍മാര്‍ നാളത്തെ സുല്‍ത്താന്‍മാരായിരിക്കണമെന്നില്ല. ഇത്‌ എല്ലാവര്‍ക്കും ബാധകമാണ്‌.

(നൊസ്‌റ്റാള്‍ജിയ മാസികയുടെ 2010 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍. എന്നോട്‌ സംസ്‌ാരിച്ച്‌ ഈ ലേഖനം തയ്യാറാക്കിയ പ്രതീഷ്‌ ഡി. മണിക്ക്‌ നന്ദി.)

7 comments:

 1. ഇനി അല്‍പം രാഷ്ട്രീയമാകാം. എന്റെ പുതിയ പോസ്‌റ്റ്‌

  "ഇരുപത്തൊമ്പതുവര്‍ഷം കോണ്‍ഗ്രസ്സുകാരനായിരുന്ന ഞാന് രണ്ടുവര്‍ഷത്തേയ്‌ക്ക് പാര്‍ട്ടിയില് നിന്നു വിട്ടുനിന്നു. പാര്‍ട്ടി വിട്ട സമയത്തും ഞാന് വ്യക്‌തിപരമായി ആര്‍ക്കെതിരെയും ഒരു വിമര്‍ശനവും നടത്തിയിരുന്നില്ല. കോണ്‍ഗ്രസ് സംസ്‌ക്കാരത്തിനെതിരായി ഒന്നും പറഞ്ഞതുമില്ല..."

  ReplyDelete
 2. ചില്ലുകള്‍ ശരിയൈയി കാണുന്നില്ലല്ലോ സര്‍. ഉദാ. പാര്‍ട്ടിയില് (ശരിയായത് പാര്‍ട്ടിയില്‍)

  ReplyDelete
 3. ഞാന്‍ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന ഒരു വ്യക്തിയാണ്. ഞാന്‍ സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ സ്കൂളില്‍ കൊണ്ട് പോയിരുന്ന അലൂമിനിയം പെട്ടിയുടെ അകത്തു മൂന്ന് ഫോട്ടോകള്‍ ഒട്ടിച്ചിരുന്നു. ഒന്ന് ഇന്ദിരാഗാന്ധിയുടെ പടം,ഒരു ത്രിവര്‍ണ്ണ നിറമുള്ള കൈപ്പത്തി, മറ്റൊന്ന് ഞങ്ങളുടെ അന്നത്തെ വീരപുരുഷന്‍ എസ്.കൃഷ്ണകുമാര്‍. അന്ന് സിനിമ നടന്മാരെക്കാള്‍ ഞങ്ങള്‍ക്ക്‌ ഇഷ്ടം കൃഷ്ണകുമാര്‍ എം പി യുടെ കൂളിംഗ്‌ ഗ്ലാസ്‌ ഇട്ട മുഖം ആയിരുന്നു.തിരഞ്ഞെടുപ്പ് സമയത്ത് തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു വരുന്ന അദേഹത്തിന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ എന്റെ പിതാവിന്റെ കഴുത്തില്‍ കയറിയിരുന്നു ത്രിവര്‍ണ്ണ മാലയിട്ടതും അദേഹം എനിക്ക് ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നതും ഞാന്‍ ഇന്നലതെപ്പോലെ ഓര്‍ക്കുന്നു.താന്കള്‍ ഞങ്ങളുടെ ഒക്കെ ഹീറോ ആണ് അന്‍നും ഇന്നും. താങ്കള്‍ക്ക് ഒരു വോട്ട് ചെയ്യാന്‍ എനിക്ക് പറ്റാതെ പോയി. പിന്നെ ഇത്ര നാലും ഞാന്‍ കൊല്ലം മണ്ഡലത്തില്‍ ചെയ്ത വോട്ടുകള്‍(കന്നീ വോട്ട് ഉള്‍പ്പടെ) എല്ലാം പാഴായി പോയിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം താന്കള്‍ ഒഴിഞ്ഞു പോയ സ്ഥലത്തേക്ക് പീതംബരകുരുപ്പും കൊടിക്കുന്നില്‍ സുരേഷും കടന്നു വന്നിരിക്കുന്നു. അന്ന് കൊല്ലം നിയോജക മണ്ഡലത്തില്‍ ആയിരുന്ന മൈനാഗപ്പള്ളി ഇന്ന് മാവേലിക്കരയില്‍ ആണ്. താങ്കളുടെ ഈ ബ്ലോഗില്‍ ഒരു കമന്റിലൂടെ ഈ കാര്യങ്ങള്‍ പങ്കു വയ്ക്കാന്‍ കഴിഞ്ഞത ഞാന്‍ ഒരു ഭാഗ്യമായി കാണുന്നു.

  ReplyDelete
 4. കൃഷ്ണകുമാര്‍,കണ്ണന്താനം എന്നീ ഐ.ഏ.എസ്സുകാര്‍ രാജിവച്ചു രാഷ്ട്രീയത്തില്‍ പോയതു ശരിയായില്ല
  എന്ന അഭിപ്രായക്കാരനാണു ഞാന്‍.റിട്ടയര്‍ ചെയ്ത ശേഷം അതിനവസരം കിട്റ്റുമല്ലോ.അപ്പോള്‍ രാജി
  ഒരിക്കലും അംഗീകരിക്കാനവില്ല.പി.ജി യുടെ പ്രയോഗം കടമെടുത്താല്‍ ഇരുവര്‍ക്കും ദുഷ്ടലാക്ക്
  ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍.
  പരാജയപ്പെടുമ്പോള്‍ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.അതൊക്കെ അതിന്‍റെ ഭാഗം തന്നെ

  ReplyDelete
 5. @ കേരള ഫാര്‍മര്‍
  ചില്ലുകള്‍ ശരിയാക്കിയിട്ടുണ്ട്‌. തെറ്റ്‌ ശ്രദ്ധയില്‍പെടുത്തിയതിന്‌ നന്ദി.

  @ സെയ്‌ദ്‌ ഷിയാസ്‌
  എന്റെ കൊല്ലം എം.പിയായുള്ള നാളുകള്‍ സ്‌നേഹപൂര്‍വ്വം സ്‌മരിക്കുന്ന താങ്കള്‍ക്ക്‌ പ്രത്യേകം നന്ദി. ഒരു വ്യാഴവട്ടക്കാലം, പ്രബുദ്ധമായ കൊല്ലം മേഖലയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത്‌ ഒരു വലിയ അംഗീകാരവും സൗഭാഗ്യവുമായി ഞാന്‍ കരുതുന്നു.
  1996ല്‍ നാലാം പ്രാവശ്യം ഞാന്‍ മല്‍സരിക്കരുതായിരുന്നു. പല കാരണങ്ങളാണ്‌. ഒന്നാമതായി കേരളത്തില്‍ പാര്‍ലമെന്റ്‌ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിനു വരുന്ന ആവര്‍ത്തന വിരസതയാണ്‌. അസംബ്ലി മണ്ഡലത്തില്‍ ഭൂരിപക്ഷം കുടുംബങ്ങളുമായും സൗഹൃദം സ്ഥാപിക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ, വിശാലമായ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ അത്‌ സാധ്യമാകില്ല. അന്ന്‌ എണ്ണമറ്റ പ്രതികൂല സാഹചര്യങ്ങളുമുണ്ടായിരുന്നു. ശ്രീ. കെ.കരുണാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ അന്ന്‌ പരാജയപ്പെട്ടു. രണ്ടു മൂന്നു തെറ്റിദ്ധാരണകള്‍ എന്നെപ്പറ്റി കൊല്ലത്തുകാര്‍ക്ക്‌ അന്നുണ്ടായി. കൊല്ലത്തു ഞാന്‍ മല്‍സരിക്കുന്നില്ല എന്ന്‌ ഞാന്‍ പറഞ്ഞുവെന്ന്‌ ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ടു ചെയ്‌തു. ആ അര്‍ഥത്തില്‍ ഞാന്‍ പറഞ്ഞിരുന്നില്ല. രണ്ടാമതായി കശുവണ്ടി ബോര്‍ഡ്‌ നിലവില്‍ വരികയും ഉള്ള തോട്ടണ്ടി, അംഗീകൃത ഫാക്ടറികള്‍ക്ക്‌ നിയമപ്രകാരം വിതരണം ചെയ്യുകയും ചെയ്‌താല്‍ ആണ്ടില്‍ മുന്നൂറു ദിവസം തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്ന്‌ 91ലെ ഇലക്ഷന്‍ സമയത്ത്‌ ഞാന്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി അസംസ്‌കൃത സാധനങ്ങള്‍ക്ക്‌ നിയന്ത്രണം പറ്റില്ലെന്നും പുതിയ ബോര്‍ഡ്‌ വേണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കാഷ്യുബോര്‍ഡ്‌ രൂപം കൊണ്ടില്ല. ഞാന്‍ സത്യമാണ്‌ പറഞ്ഞതെങ്കിലും അത്‌ ഒരു വാഗ്‌ദാനവും വാഗ്‌ദാന ലംഘനവുമായി എതിര്‍കക്ഷികള്‍ കശുവണ്ടി മേഖലയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. എന്നും എന്നെ സ്‌നേഹിച്ചിരുന്ന കശുവണ്ടിത്തൊഴിലാളികള്‍ ആ പ്രചരണത്തില്‍ സ്വാധീനിക്കപ്പെട്ടു. കശുവണ്ടിത്തൊഴിലാളി വോട്ട്‌ കൊല്ലത്ത്‌ നിര്‍ണായകമാണ്‌. കൂനിന്‍മേല്‍ കുരു എന്ന നിലയില്‍, ആകസ്‌മികമായി ജയിലില്‍ വച്ച്‌ മരണപ്പെട്ട രാജന്‍ പിള്ളയെ ഞാന്‍ സഹായിച്ചില്ലെന്ന ആരോപണവും എനിക്കെതിരെ എതിരാളികള്‍ തൊടുത്തുവിട്ടു. സി.ബി.ഐയും കോടതിയും കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഒരു കേന്ദ്ര മന്ത്രിക്ക്‌ എന്തു ചെയ്യാനാണു സാധിക്കുക. ശ്രീമതി നീന പിള്ള എന്നെ തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി പിന്തുണയോടെ മല്‍സരിച്ചു. അങ്ങനെ എന്റെ തോല്‍വി ഉറപ്പായി.
  എന്നാല്‍ കൊല്ലം എം.പി. എന്ന നിലയിലുള്ള എന്റെ സേവനങ്ങള്‍ ഇന്ന്‌ ജനമധ്യത്തില്‍ ക്രിയാത്മകമായി വിലയിരുത്തപ്പെടുന്നുണ്ട്‌. അക്കാര്യത്തില്‍ എനിക്കു സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ട്‌.
  ഷിയാസിനെപ്പോലെ ധാരാളം പേര്‍ എന്റെ അഭ്യുദയകാംക്ഷികളായി ആ മേഖലയിലുണ്ട്‌. അതൊക്കെ മതി ഒരു പൊതുപ്രവര്‍ത്തകന്‌ അംഗീകാരമായി.

  ReplyDelete
 6. @ഡോ. കാനം ശങ്കരപ്പിള്ള
  താങ്കളുടെ അഭിപ്രായത്തോട്‌ വിനയപൂര്‍വ്വം ഞാന്‍ വിയോജിക്കുന്നു. റിട്ടയര്‍ചെയ്‌ത ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ ഏതെങ്കിലും രീതിയിലുള്ള ത്യാഗത്തിന്റെ പരിവേഷം ലഭിക്കുന്നില്ല. രണ്ടാമതായി പൊതുപ്രവര്‍ത്തന രംഗത്ത്‌ സ്ഥാനങ്ങള്‍ ആഗ്രഹിച്ചാല്‍പോലും അത്‌ 'ദുഷ്ടലാക്ക്‌' ആയി കണക്കാക്കാനാകില്ല. 18 വര്‍ഷത്തെ ശേഷിച്ച സര്‍വ്വീസ്‌ ഉപേക്ഷിച്ച്‌ ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ്‌ കേരളത്തില്‍ പ്രതിപക്ഷത്തായിരുന്നു. നാലുവര്‍ഷം ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി എംപ്ലോയീസ്‌ കോണ്‍കോര്‍ഡ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ സോവ്യറ്റ്‌ യൂണിയന്‍, കശുവണ്ടിത്തൊഴിലാളികളുടെ സഹകരണസംഘമായ കാപ്പെക്‌സ്‌ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ച ശേഷമാണ്‌ പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൂര്‍ണ അംഗീകാരത്തോടെ 1984ല്‍ ഞാന്‍ കൊല്ലത്തു സ്ഥാനാര്‍ഥിയാകുന്നത്‌. രാഷ്ട്രീയത്തില്‍ ഭാവി ആര്‍ക്കും പ്രവചിക്കുവാന്‍ പറ്റില്ല. എന്നാല്‍ എനിക്ക്‌ നല്ല രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ കഴിയുമെന്ന്‌ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ഐ.എ.എസ്സില്‍ നിന്നു രാജിവച്ചത്‌ ദീര്‍ഘമായ പരിചിന്തനത്തിനുശേഷം എന്റെ സ്വന്തം തീരുമാനപ്രകാരമായിരുന്നു. ആ നടപടിയില്‍ ഞാന്‍ ഒരിക്കലും ദുഃഖിച്ചിട്ടില്ല. പിന്നെ, ഞാന്‍ പരാജയപ്പെട്ടുവെന്ന്‌ ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. കേരളത്തില്‍ നിന്ന്‌ ഒമ്പതു വര്‍ഷം ഞാന്‍ കേന്ദ്രമന്ത്രിയായിരുന്നു എന്നത്‌ ഈ സംസ്ഥാനത്ത്‌ ഒരു റിക്കാഡാണ്‌. ഇപ്പോള്‍ വലിയ സ്ഥാനങ്ങളില്ലെന്നതു ശരിയാണ്‌. മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌: "എല്ലാവര്‍ക്കും വീഴ്‌ചകള്‍ സംഭവിക്കാം. എന്നാല്‍ വീണാല്‍ വീണ്ടും എഴുന്നേറ്റു നടന്ന്‌ ധീരമായി മുന്നോട്ടു പോകുന്നതിലാണ്‌ കാര്യം..."

  ReplyDelete
 7. മറുപടിയ്ക്കു നന്ദി
  സസ്നേഹം ഡോ.കാനം

  ReplyDelete