Subscribe Posts | Comments

Wednesday, May 12, 2010

വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാന്‍ സമഗ്രനയം വേണം

കേരളത്തിലൂടെ ദേശീയനിലവാരത്തിലുള്ള ദേശീയപാത നിര്‍മിക്കാനുള്ള എന്‍.എച്ച്‌.എ.ഐയുടെ ശ്രമം താല്‍ക്കാലികമായിട്ടാണെങ്കിലും പരാജയപ്പെട്ടിരിക്കുന്നു. ദേശീയതലത്തില്‍ അനുവര്‍ത്തിച്ചുവരുന്ന 60 മീറ്റര്‍ വീതിയിലുള്ള ദേശീയപാത നിര്‍മാണം കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഇത്‌ 45 മീറ്ററാക്കി കുറയ്‌ക്കാന്‍ അതോറിട്ടി തയ്യാറായതാണ്‌. പക്ഷെ, ജനങ്ങളുടെ ശക്തമായ പ്രതിരോധവും രാഷ്‌ട്രീയകക്ഷികളുടെയും മറ്റും കര്‍ശനമായ നിലപാടും മൂലം അത്‌ 30 മീറ്ററാക്കി കുറയ്‌ക്കണമെന്ന്‌ സംസ്ഥാന ഗവണ്‍മെന്റ്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ദീര്‍ഘകാലവീക്ഷണത്തില്‍ ഇത്‌ കേരളത്തിന്റെ ആത്യന്തികവികസനത്തെ മുരടിപ്പിക്കും.

ആധുനികരീതിയിലുള്ള അടിസ്‌ഥാന വികസന സംവിധാനത്തിലൂടെ കേരളത്തില്‍ വരുമായിരുന്ന ഒരു ഗുണനപ്രക്രിയയിലെന്നപോലെയുള്ള സാമ്പത്തിക വികസനം കളഞ്ഞുകുളിക്കുന്നത്‌ കേരളത്തിന്റെ ഭാവി തലമുറയോടു ചെയ്യുന്ന കടുത്ത അപരാധമായിരിക്കും.

വേണ്ടത്‌ ദീര്‍ഘവീക്ഷണം
ദേശീയപാതയ്‌ക്കായി സ്ഥലമെടുക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്‍പ്പെടെ ആസൂത്രിത നടപടികളില്ലാതെ പോയതാണ്‌ എന്‍.എച്ച്‌.എ.ഐയുടെ നീക്കത്തിനു പ്രധാനമായും വിഘാതമായത്‌. ആവശ്യത്തിനു നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളെ അത്‌ വിശ്വസിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. മുന്‍കാലങ്ങളുടെ ദുരനുഭവങ്ങള്‍ കണ്‍മുന്നിലുള്ള സാധാരണജനം തങ്ങളുടെ തുണ്ടു ഭൂമി നക്കാപ്പിച്ച കാശിനു വിട്ടെറിഞ്ഞുപോകാന്‍ തയ്യാറല്ലതാനും. വികസനത്തെ തടസ്സപ്പെടുത്തുന്ന സ്ഥാപിത താല്‌പര്യങ്ങളെ ധീരമായി ചെറുത്തു തോല്‍പ്പിക്കുവാനുള്ള നേതൃത്വശക്തി പാര്‍ട്ടികള്‍ക്കതീതമായി ഭരണാധികാരികള്‍ക്കുമില്ല.
ഭാവിവികസനത്തിന്‌ ഇപ്പോള്‍ വോട്ടില്ലല്ലോ? എറണാകുളത്തെ എം.ജി. റോഡ്‌ ദശാബ്‌ദങ്ങള്‍ക്കുമുമ്പ്‌ പണിത അന്നത്തെ കൊച്ചി സംസ്ഥാനത്തെ പൊതുമരാമത്തു മന്ത്രിയായിരുന്ന സഹോദരന്‍ അയ്യപ്പന്‍, റോഡിന്‌ എഴുപതടി വീതി വേണമെന്ന കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്കെതിരെ ഉറച്ചുനിന്ന കാര്യം ഓര്‍ക്കുക. താല്‌ക്കാലികതയുടേയും ഹ്രസ്വവീക്ഷണത്തിന്റെയും തടവറയില്‍ നിന്നു മോചിതമായ നേതൃത്വമാണ്‌ ഒരു രാജ്യത്തിന്റെ ദ്രുതവികസനത്തിന്റെ പ്രധാന ചാലകശക്തി.
ദേശീയപാതയുടെ സ്ഥലമെടുപ്പില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍. കേരളത്തിലെ ഓരോ വികസനപ്രവര്‍ത്തനത്തിനും വേണ്ടി കുടിയിറക്കപ്പെടുന്നവര്‍ ലക്ഷക്കണക്കിനാണെന്ന വസ്‌തുത മറക്കാവുന്നതല്ല. സമീപകാലത്ത്‌ മൂലമ്പള്ളിയിലും മറ്റും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നാം കണ്ടതാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജലവൈദ്യുത പദ്ധതികളുടെയും മറ്റും പേരിലായിരുന്നു ഈ കുടിയിറക്കുകള്‍. ഇപ്പോഴാകട്ടെ കാലനുസൃതവും സമഗ്രവുമായ വികസനത്തിനുവേണ്ടിയാണ്‌ സര്‍ക്കാരിന്‌ സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നത്‌. റോഡായാലും വിമാനത്താവളമായാലും റെയില്‍വേ മേല്‍പ്പാലമായാലും വ്യവസായ കേന്ദ്രമായാലും സമഗ്രമായ വികസന സങ്കല്‍പത്തിനനുസരിച്ച്‌ നിര്‍മിക്കണമെങ്കില്‍ അതിന്‌ ആവശ്യമായത്ര ഭൂമി ഏറ്റെടുത്തേ തീരൂ.

വികസനവും സ്ഥലമേറ്റെടുപ്പും
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തോ അല്ലെങ്കില്‍ തരിശു ഭൂമിയിലോ ഇത്തരം നിര്‍മാണങ്ങള്‍ നടത്തിക്കൂടേ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. പക്ഷെ, അതു പലപ്പോഴും സാധ്യമായിക്കൊള്ളണമെന്നില്ല. റോഡ്‌ വികസിക്കണമെങ്കില്‍ റോഡരികിലെ ഭൂമിതന്നെ ലഭിച്ചേ പറ്റൂ. ഭാവിയില്‍ കേരളത്തിലെ ഓരോ വികസന പദ്ധതിയും നേരിടുന്നത്‌ സ്ഥലമേറ്റെടുപ്പെന്ന ദുഷ്‌കരമായ വൈതരണിയെ ആയിരിക്കും. ഏതു കക്ഷി ഭരിച്ചാലും ജനങ്ങളെ സംതൃപ്‌തിപ്പെടുത്തുന്ന നടപടിക്കു മാത്രമേ ശ്രമിക്കൂ എന്നിരിക്കെ സ്ഥലമേറ്റെടുപ്പില്‍ രാഷ്‌ട്രീയം കലര്‍ത്തപ്പെടാനുള്ള സാധ്യത ഏറെയാണ്‌. ആവശ്യത്തിനു ഭൂമി ലഭിക്കാനില്ലെന്ന പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നു വയ്‌ക്കുന്നത്‌ ആത്മഹത്യാപരമായിരിക്കും. ഇപ്പോള്‍ തന്നെ വികസനരംഗത്ത്‌ മറ്റു പല സംസ്ഥാനങ്ങളുടേയും പിറകില്‍ നില്‍ക്കുന്ന കേരളം വികസനരംഗത്തെ ശ്‌മശാന ഭൂമിയാകും.
എറണാകുളത്തെ എം.ജി. റോഡ്‌ ദശാബ്‌ദങ്ങള്‍ക്കുമുമ്പ്‌ പണിത അന്നത്തെ കൊച്ചി സംസ്ഥാനത്തെ പൊതുമരാമത്തു മന്ത്രിയായിരുന്ന സഹോദരന്‍ അയ്യപ്പന്‍, റോഡിന്‌ എഴുപതടി വീതി വേണമെന്ന കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്കെതിരെ ഉറച്ചുനിന്ന കാര്യം ഓര്‍ക്കുക. താല്‌ക്കാലികതയുടേയും ഹ്രസ്വവീക്ഷണത്തിന്റെയും തടവറയില്‍ നിന്നു മോചിതമായ നേതൃത്വമാണ്‌ ഒരു രാജ്യത്തിന്റെ ദ്രുതവികസനത്തിന്റെ പ്രധാന ചാലകശക്തി.
സര്‍ക്കാര്‍ വക ഭൂമിയുടെ ലഭ്യതക്കുറവും ഉയര്‍ന്ന ജനസാന്ദ്രതയുമാണ്‌ കേരളത്തിലെ ഭൂമി ഏറ്റെടുക്കലിന്റെ പ്രധാന തടസ്സം. എല്ലാവരേയും പരമാവധി തൃപ്‌തിപ്പെടുത്തുന്ന ഒരു സ്ഥലമേറ്റെടുക്കല്‍ നയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌. അതിനായി ഒരു ആക്ഷന്‍ പ്ലാനിന്‌ അടിയന്തിരമായി രൂപം നല്‍കേണ്ടതുണ്ട്‌.
വികസനത്തിനും പൊതു ഉപയോഗത്തിനുമായുള്ള സ്ഥലമേറ്റെടുപ്പ്‌ വേഗത്തിലാക്കാന്‍ വിശാലമനോഭാവത്തോടെയുള്ള ഭരണനിര്‍വ്വഹണം തന്നെയാണ്‌ ഒന്നാമതായി വേത്‌. ഭൂമിയുടെ വിപണിവിലയ്‌ക്ക്‌ നിരക്കുന്ന രീതിയില്‍ പരമാവധി നഷ്‌ടപരിഹാരം ലഭിക്കുമെന്നു വന്നാല്‍ സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള എതിര്‍പ്പ്‌ കുറയും. ഇപ്പോഴത്തെ സ്ഥിതിവിശേഷമനുസരിച്ച്‌ ചില ഉദ്യോഗസ്ഥര്‍ ഭൂമി രജിസ്‌ട്രേഷന്‍ രേഖകള്‍ നോക്കി നിശ്ചയിക്കുന്ന തുച്ഛമായ വിലയാണ്‌ കുടിയിറക്കപ്പെടുന്നവര്‍ക്ക്‌ നല്‍കുന്നത്‌.

പ്രത്യേകസംവിധാനം വേണം
വിവിധ തലത്തിലുള്ള പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സുതാര്യവും അഴിമതിരഹിതവുമായ പ്രവര്‍ത്തനത്തിനായി പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പെടുത്തണം. കുടിയിറക്കപ്പെടുന്നവരുമായി സംസാരിക്കാനും അവരെ വസ്‌തുതകള്‍ ബോധ്യപ്പെടുത്താനും അധികൃതര്‍ക്കു സാധിക്കണം. തങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരമായി ലഭിക്കുന്നത്‌ പിച്ചക്കാശല്ലെന്നും ഭൂമിയുടെ യഥാര്‍ഥ വിലയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തുടനീളം സ്വീകാര്യമായ ഭൂമി വില സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. എല്ലാ ജില്ലകളിലും കളക്‌ടര്‍മാരുടെ ചുമതലയില്‍ നടത്തുന്ന പുനരധിവാസ, പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായ വിധത്തില്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു റീസെറ്റില്‍മെന്റ്‌ വിഭാഗം രൂപവല്‍ക്കരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
ഭൂമി ഏറ്റെടുക്കുമ്പോള്‍തന്നെ തത്സമയ രീതിയില്‍ തങ്ങള്‍ പുനരധിവസിപ്പിക്കപ്പെടുമെന്ന്‌ ഉറപ്പുണ്ടെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കാന്‍ സാധിക്കും. ഇതിനായി സ്വീകാര്യമായ ഭൂമി മൂന്‍കൂട്ടി കെണ്ടത്തുന്നതും അവിടെ ആവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി പുനരധിവാസത്തിനായി ഒരുക്കിയിടുന്നതും ഈ കോര്‍പ്പറേഷന്റെ ചുമതലയിലാകണം. ഭൂമി, വീട്‌, അപ്പാര്‍ട്‌മെന്റ്‌ എന്നിങ്ങനെ തങ്ങള്‍ക്കിഷ്‌ടമുള്ള ഓപ്‌ഷന്‍ സ്വീകരിക്കാന്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക്‌ അവസരം കൊടുക്കാനും ഇതിലൂടെ സാധിക്കും.
സര്‍ക്കാര്‍ സഹായത്തോടെ, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ വികസന അജണ്ടയുമായി കോര്‍ത്തിണക്കി ഒരു ലാന്‍ഡ്‌ ബാങ്ക്‌ പടുത്തുയര്‍ത്തണം. കുടിയിറക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിന്‌ ആവശ്യമായ ഭൂമി വേണ്ട സ്ഥലങ്ങളില്‍ മുന്‍കൂട്ടി ഏറ്റെടുക്കണം. സര്‍ക്കാരിന്റെ കൈവശമുള്ള തരിശുഭൂമിയും മറ്റും ഇത്തരം പുനരധിവാസങ്ങള്‍ക്കായി മുന്‍കൂട്ടി മാറ്റിയിടുന്നതു നല്ലതാണ്‌. ഇതിനായി ഒരു റീസെറ്റില്‍മെന്റ്‌ കമ്മീഷണറെ നിയമിക്കുന്നത്‌ നടപടിക്രമങ്ങള്‍ സുതാര്യവും എളുപ്പത്തിലുള്ളതുമാകാന്‍ ഉപകരിക്കും.
ഭൂമി നഷ്‌ടപ്പെടുന്നവരുടെ പുനരധിവാസ - പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു ലാന്‍ഡ്‌ അക്വിസിഷന്‍ റീസെറ്റില്‍മെന്റ്‌ കോര്‍പ്പറേഷന്‌ രൂപം കൊടുക്കുന്നതു ഗുണകരമായിരിക്കും. വികസനപ്രവര്‍ത്തനങ്ങള്‍ക്കു ഭൂമി ഏറ്റെടുക്കുമ്പോള്‍ തന്നെ കുടിയിറക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥലവും കെട്ടിടങ്ങളും മറ്റും മുന്‍കൂട്ടി തയ്യാറാക്കിവയ്‌ക്കാന്‍ ഈ കോര്‍പ്പറേഷനിലൂടെ സാധിക്കും. ഭൂമി ഏറ്റെടുക്കുമ്പോള്‍തന്നെ തത്സമയ രീതിയില്‍ തങ്ങള്‍ പുനരധിവസിപ്പിക്കപ്പെടുമെന്ന്‌ ഉറപ്പുണ്ടെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കാന്‍ സാധിക്കും. ഇതിനായി സ്വീകാര്യമായ ഭൂമി മൂന്‍കൂട്ടി കെണ്ടത്തുന്നതും അവിടെ ആവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി പുനരധിവാസത്തിനായി ഒരുക്കിയിടുന്നതും ഈ കോര്‍പ്പറേഷന്റെ ചുമതലയിലാകണം. ഭൂമി, വീട്‌, അപ്പാര്‍ട്‌മെന്റ്‌ എന്നിങ്ങനെ തങ്ങള്‍ക്കിഷ്‌ടമുള്ള ഓപ്‌ഷന്‍ സ്വീകരിക്കാന്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക്‌ അവസരം കൊടുക്കാനും ഇതിലൂടെ സാധിക്കും.

പൊതു-സ്വകാര്യ പങ്കാളിത്തം
ഓരോ പദ്ധതിയും തുടങ്ങുമ്പോള്‍തന്നെ അതിന്റെ ആകെ ചെലവില്‍ പുനരധിവാസ- പുനഃസ്ഥാപന ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ്‌ പതിവ്‌. അതിനാല്‍ പദ്ധതികള്‍ തുടങ്ങുന്നതിനു മുമ്പ്‌ തന്നെ അതിനു മുതല്‍മുടക്കുന്നവര്‍ പുനരധിവാസത്തിനുള്ള നിശ്ചിത തുക ഈ കോര്‍പ്പറേഷനില്‍ അടയ്‌ക്കണം. ഇത്തരത്തില്‍ മുതല്‍ മുടക്കുന്നവരില്‍നിന്നുതന്നെ വാണിജ്യാടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായ രീതിയില്‍ വിഭവശേഷി സമാഹരിക്കാനും കഴിയണം. ആവശ്യമെങ്കില്‍ കോര്‍പ്പറേഷനെ ഒരു പൊതു- സ്വകാര്യ പങ്കാളിത്ത ഭരണനിര്‍വ്വഹണസ്ഥാപനമായി വിഭാവനം ചെയ്യാവുന്നതാണ്‌.
ഭൂമിക്കു ന്യായവില നല്‍കുന്നതിനും മാന്യമായ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും വേണ്ടി വരുന്ന അധികത്തുക പദ്ധതിയുടെ കാലതാമസം മൂലമുണ്ടാകുന്ന നഷ്‌ടത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമായിരിക്കും.
പദ്ധതി മൂലം കുടിയിറക്കപ്പെടുന്ന പട്ടികവര്‍ഗക്കാര്‍ക്കും മറ്റ്‌ ദുര്‍ബല വിഭാഗങ്ങള്‍ക്കും പ്രത്യേകം സംരക്ഷണം ഉറപ്പാക്കേണ്ടതാണ്‌. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ അവരുടെ സ്വാഭാവിക ജീവിതസാഹചര്യങ്ങളുമായി ഒത്തിണങ്ങുന്ന വിധത്തില്‍ വേണം പുനരധിവസിപ്പിക്കാന്‍.
വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതും ഒഴിപ്പിക്കപ്പെട്ടവരെ ന്യായമായി പുനരധിവസിപ്പിക്കുന്നതും ഉദാരമായ നഷ്‌ടപരിഹാരം നല്‍കുന്നതുമുള്‍പ്പെടെയുള്ള ഒരു നയം രൂപീകരിച്ച്‌ എത്രയും പെട്ടെന്ന്‌ രാഷ്‌ട്രീയ ഇഛാശക്തിയോടെ നടപ്പിലാക്കേണ്ടത്‌ കേരളത്തിന്റെ വികസനമുന്നേറ്റത്തിന്‌ അനുപേക്ഷണീയമാണ്‌.

8 comments:

  1. വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ എന്നുമൊരു ബാലികേറാമലയാണ്‌. അതിന്റെ പേരില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പൊലീസ്‌ നടപടിയുമെല്ലാം ഇവിടെ പതിവാകുന്നു. പക്ഷെ, വികസനം വേണ്ടെന്നു വയ്‌ക്കാന്‍ നമുക്കാകുകയുമില്ല. ഭൂമി ഏറ്റെടുക്കലിനായി സമഗ്രമായൊരു പദ്ധതി തയ്യാറാക്കാനും അത്‌ നടപ്പാക്കാനുമുള്ള ഇച്ഛാശക്തിയാണ്‌ അധികാരികള്‍ കാട്ടേണ്ടത്‌. ഇതേപ്പറ്റിയാണ്‌ എന്റെ പുതിയ പോസ്‌റ്റ്‌.

    ReplyDelete
  2. അവസരോചിതമായ ലേഖനം. വോട്ടു ബാങ്ക് ലക്ഷ്യമാക്കി 30 അടിയേ ആവശ്യമുള്ളൂ എന്ന് വാദിക്കുന്ന ഇടത്/വലത് നേതാക്കള്‍ തീര്‍ച്ചയായും വായിക്കണമിത്. ഭൂമിയേറ്റടുക്കണം എന്നു പറയുക മാത്രമല്ല പ്രായോഗികമായ നിര്‍ദ്ദേശങ്ങളും ലേഖനത്തില്‍ പറയുന്നുണ്ട്.

    ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം. 30 എന്നുള്ളത് നാളെ എന്തായാലും 45 ആക്കേണ്ടി വരും. അപ്പോള്‍ ഏറ്റെടുക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം ഇന്നുള്ളവരേക്കാള്‍ പലമടങ്ങ് അധികമായിരിക്കും. ഇന്നു തന്നെ 45 മീറ്റര്‍ വീതിയെടുത്ത് ഭാവിയിലെ 60 മീറ്റര്‍ മുന്‍പില്‍ കണ്ട് അരികിലുള്ള നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കുകയാണ് വേണ്ടത്.
    --

    ReplyDelete
  3. 30 അടിയല്ല ഹരീ, 30 മീറ്റര്‍....

    ReplyDelete
  4. കൃഷ്‌ണകുമാര്‍ സര്‍,
    താങ്കളുടെ നിര്‍ദ്ദേശങ്ങളൊക്കെ നല്ലതുതന്നെ. പക്ഷെ, ഇതെത്രമാത്രം നടപ്പാക്കപ്പെടുമെന്നതാണ്‌ സംശയം. ദേശീയപാതയുടെ സ്ഥലമെടുപ്പിനു പിന്നാലെ കിനാലൂരിലും പ്രശ്‌നമായിരിക്കുകയാണല്ലോ. ഇതിലെല്ലാം രാഷ്ട്രീയ കലരുമ്പോള്‍, അല്ലെങ്കില്‍ കലര്‍ത്തപ്പെടുമ്പോല്‍ ഒന്നും നടക്കാതെ വരും.
    താങ്കള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ തന്നെ നേതാക്കളില്‍ പലരും ദേശീയപാത സ്ഥലമെടുപ്പിന്റെ കാര്യത്തില്‍ വികസനത്തോടു മുഖം തിരിച്ചു നില്‍ക്കുകയാണ്‌ ചെയ്‌തത്‌. 30 മീറ്ററില്‍ റോഡിന്റെ വീതി ഒതുക്കണമെന്ന വികസനവിരുദ്ധ കാഴ്‌ചപ്പാട്‌ പിന്തുടരാതെ കുടിയൊഴിക്കപ്പെടുന്നവര്‍ക്ക്‌ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ മാര്‍ഗങ്ങളും വാങ്ങിക്കൊടുക്കാനായിരുന്നില്ലേ അവവര്‍ ശ്രമിക്കേണ്ടത്‌? എന്തായാലും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ വികസനത്തിനായുള്ള സ്ഥലമെടുപ്പെന്ന പ്രക്രിയ അത്ര സുഗമമായി നടപ്പാക്കപ്പെടുമെന്നു തോന്നുന്നില്ല.

    ReplyDelete
  5. ഹരി..
    ആ 30 അടി രാജേഷിന്‌ കൊടുത്തേക്ക്‌.
    ആള്‍ ചിലപ്പോള്‍ നന്നായി എന്നുവരും.


    കൊള്ളാം നല്ല ലേഖനം.
    പക്ഷേ പുതിയ ഒരു കോര്‍പറേഷന്‍ കൂടി വേണമോയെന്ന സംശയം.
    പൊതുമേഖലയില്‍ ഇങ്ങനെ രൂപംകൊണ്ട്‌
    കോര്‍പറേഷനുകളില്‍ ഭുരിപക്ഷവും
    പിന്നീട്‌ സര്‍ക്കാരിന്‌ തന്നെ ബാധ്യതയായി മാറിയ
    കാഴ്‌ചയാണ്‌ ചുറ്റും ഉള്ളത്‌.
    അതുകൊണ്ടാ ഈ സംശയം

    ReplyDelete
  6. ഹരി..
    ആ 30 അടി രാജേഷിന്‌ കൊടുത്തേക്ക്‌.
    ആള്‍ ചിലപ്പോള്‍ നന്നായി എന്നുവരും.


    കൊള്ളാം നല്ല ലേഖനം.
    പക്ഷേ പുതിയ ഒരു കോര്‍പറേഷന്‍ കൂടി വേണമോയെന്ന സംശയം.
    പൊതുമേഖലയില്‍ ഇങ്ങനെ രൂപംകൊണ്ട്‌
    കോര്‍പറേഷനുകളില്‍ ഭുരിപക്ഷവും
    പിന്നീട്‌ സര്‍ക്കാരിന്‌ തന്നെ ബാധ്യതയായി മാറിയ
    കാഴ്‌ചയാണ്‌ ചുറ്റും ഉള്ളത്‌.
    അതുകൊണ്ടാ ഈ സംശയം

    ReplyDelete
  7. നിലവില്‍ റോഡിന് ശരാശരി 10 മീറ്റര്‍ വീതിയേ ഉള്ളൂ, അത് മുപ്പത് മീറ്റര്‍ ആക്കുക എന്ന് പറഞ്ഞാല്‍ മൂന്നിരട്ടി വര്‍ധന. നിലവില്‍ അത് ധാരാളം എന്നാണ് ഈ പാതയ്ക്ക് അരികില്‍ താമസിക്കുന്ന ഒരാള്‍ എന്ന നിലയില്‍ തോന്നുന്നത്.
    ഇനി വികസനം എന്നാല്‍ ഒരു റോഡ് എടുത്ത് നീളത്തില്‍ അങ്ങനെ 45/60 മീറ്റര്‍ ആക്കുന്നതാണോ. മുഖ്യ ജംഗ്ഷനുകള്‍ കഴിഞ്ഞാല്‍ നിലവിലുള്ള പത്ത് മീറ്റര്‍ റോഡില്‍ തന്നെ തിരക്ക് പീക്ക് അവറില്‍ പോലും ഇല്ല.
    രണ്ടാമത്തെ കാര്യം: ഒരു സമയം തന്നെ പല എക്സ്പ്രസ് പാതകളുടെ കാര്യം കേള്‍ക്കുന്നു. ഇതെല്ലാം കൂടി വേണോ. എതെങ്കിലും ഒരു പാത പാറശാല മുതല്‍ കാസര്‍കോഡ് വരെ 45 അഥവാ 60 മീറ്റര്‍ വീതിയില്‍ വികസിപ്പിച്ചിട്ട് ഒരോ മുഖ്യമുക്കുകളിലും പാര്‍ശ്വപ്രവേശനം നല്‍കിയാല്‍ പോരെ.

    ReplyDelete
  8. "പത്ത് മീറ്റര്‍ റോഡില്‍ തന്നെ തിരക്ക് പീക്ക് അവറില്‍ പോലും ഇല്ല." - ആലപ്പുഴ - തിരു.പുരം റൂട്ടില്‍ പീക്ക്-അവറിലും അല്ലാത്തപ്പോഴും ഡ്രൈവ് ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് ഇതിനോട് യോജിക്കുന്നില്ല. വെളുപ്പിനെ 4-5 മണിക്ക് വിട്ടാല്‍ രണ്ടേമുക്കാല്‍ മണിക്കൂറില്‍ ഓടിയെത്തുന്ന ദൂരം പകല്‍ സമയം മൂന്നര-നാല്‌ മണിക്കൂര്‍ എടുക്കാറുണ്ട്. ചിലപ്പോള്‍ കെ.എസ്.ആര്‍.ടി.സി.-യില്‍ 5 മണിക്കൂറെടുത്തും ഇതേ ദൂരം സഞ്ചരിച്ചിട്ടുണ്ട്.

    നിലവില്‍:
    > നടപ്പാത പ്രത്യേകം തിരിച്ചിട്ടില്ല.
    > റോഡിലെ വെള്ളം ഒഴുകിപ്പോകുവാനുള്ള സംവിധാനമില്ല. (റോഡിന്‍റെ ആയുസ്സിനും ഇത് ഭീഷണിയാണ്‌.)
    > പലയിടത്തും പാര്‍ക്ക് ചെയ്യുവാന്‍ സ്ഥലം നല്‍കിയിട്ടില്ല. (മൊബൈല്‍ വരുമ്പോള്‍ നിര്‍ത്തി സംസാരിക്കണം എന്നു പറയാം, പക്ഷെ മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതെ പാര്‍ക്ക് ചെയ്യണമെങ്കില്‍ പെട്ടെന്ന് പറ്റണമെന്നില്ല.)
    > രണ്ടു വശത്തോട്ടുമുള്ള വാഹനങ്ങളെ വേര്‍തിരിക്കുന്ന ഡിവൈഡര്‍ ഇല്ല.
    > 60 മീറ്ററില്‍ നിന്നും 45 ആയപ്പോള്‍ തന്നെ വേഗത കുറഞ്ഞ വാഹനങ്ങള്‍, ടൂവീലറുകള്‍, മെയിന്‍റനന്‍സ് വാഹനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പ്രത്യേക ബേ ഒഴിവാക്കിയിട്ടുണ്ട്.

    ഈ സൌകര്യങ്ങളെല്ലാം ചേരുന്ന ഒരു റോഡ്, അതിന്‌ 30 മീറ്റര്‍ മതിയാവില്ല. ഭാവിയിലെ വാഹനപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ 45 മീറ്റര്‍ റോഡ് എന്നത് ഒട്ടും കൂടുതലല്ല.
    --

    ReplyDelete